ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു ; മുഖ്യമന്ത്രി

ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ സുരേന്ദ്രനും നിമിഷങ്ങള്‍ക്കുള്ളില്‍ ഏറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവനയിറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണത് പറഞ്ഞത്. അവര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പല്ലേ. ആരോപണം വാരിവിതറി പുകപടലമുയര്‍ത്തി പൂഴിക്കടകന്‍ ഇഫക്ടുണ്ടാക്കാം എന്നാവും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസ് രീതികള്‍ തുടക്കം മുതല്‍ നമ്മള്‍ കണ്ടു.

കോണ്‍ഗ്രസ്, ബിജെപി കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഓര്‍മയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്.

കേസ് മുന്നോട്ട് പോകുമ്പോള്‍ അന്വേഷണരംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്റ് കമ്മീഷണറെ ഉടന്‍ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചര്‍ച്ചയായില്ലേ? ഇതില്‍ കൃത്യം ചില കളികള്‍ നടക്കുകയാണ്. കണ്ണടച്ച് പാലു കുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here