പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് കെ സുധാകരന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. രണ്ട് ദിവസത്തിനകം കെപിസിസി പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. രണ്ട് ദിവസം കാത്തിരിക്കുമെന്നും അത് കഴിഞ്ഞാല്‍ കടുത്ത തീരുമാനമെടുക്കുമെന്ന് എവി ഗോപിനാഥ് പറഞ്ഞു.
പാര്‍ടിയില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നതിനെ തുടര്‍ന്ന് പാര്‍ടി വിടുമെന്ന് പ്രഖ്യാപിച്ച എവി ഗോപിനാഥിനെ അനുനയിപ്പിക്കാനാണ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടില്‍ നേരിട്ടെത്തിയത്. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുള്ള നേതാക്കളും പ്രവര്‍ത്തകരും എവി ഗോപിനാഥിന്‍റെ വീട്ടിലെത്തിയിരുന്നു.
എവി ഗോപിനാഥുമായും മുന്‍ എംപി വിഎസ് വിജയരാഘവന്‍, വിസി കബീര്‍ മാസ്റ്റര്‍, കെഎ ചന്ദ്രന്‍ കെ അച്യുതന്‍, കെഎ ചന്ദ്രന്‍ എന്നിവരുമായും കെ സുധാകരന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകെ കെപിസിസി പ്രശ്നപരിഹാരം കാണുമെന്നും കെ സുധാകരന്‍ പറഞ്ഞു.
പ്രശ്നത്തിനൊന്നും പരിഹാരമായിട്ടില്ല. രണ്ട് ദിവസം കാത്തിരിക്കും. അതിനു ശേഷവും പരിഹാരമായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമെന്ന് എവി ഗോപിനാഥ് പറഞ്ഞു.
എവി ഗോപിനാഥിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ച് എവി ഗോപിനാഥിന്‍റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കെ സുധാകരനെ അറിയിച്ചു.
ഷൊര്‍ണ്ണൂരില്‍ ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എവി ഗോപിനാഥിനെ കാണാന്‍ കെ സുധാകരനെത്തിയത്. തൃത്താലയില്‍ വിടി ബല്‍റാമിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്ത സിവി ബാലചന്ദ്രനുമായും കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തി.
Get real time update about this post categories directly on your device, subscribe now.