ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഞായറാഴ്ച്ച രാത്രി 10 മണിക്ക് നടക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ അല്‍ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.നടപ്പ് സീസണില്‍ ലീഗില്‍ ഉജ്വല ഫോമിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ 28 കളിയില്‍ ടീം തോറ്റിട്ടില്ല. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 19 വിജയങ്ങളെന്ന ആഴ്‌സണലിന്റെ റെക്കോര്‍ഡിനൊപ്പമാണ് സിറ്റിസണ്‍സ്.
27 കളിയില്‍ നിന്നും 65 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ സിറ്റി ഏറെ മുന്നിലാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 51 പോയിന്റ് നേടിയ യുണൈറ്റഡ് രണ്ടാമതാണ്. യുണൈറ്റഡിനെ തോല്‍പിക്കാനായാല്‍ സിറ്റിയുടെ തുടര്‍ വിജയങ്ങളുടെ എണ്ണം ഇരുപതാകും.
പരമ്പരാഗത വൈരികള്‍ ഓള്‍ഡ്ട്രഫോര്‍ഡില്‍ ആദ്യപാദത്തില്‍ മുഖാമുഖം വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. അല്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റര്‍ സിറ്റി വിജയപ്രതീക്ഷയിലാണ്.
ഗബ്രിയേല്‍ ജെസ്യൂസും റഹിം സ്റ്റെര്‍ലിംഗും റിയാദ് മഹ്‌റെസും ഡിബ്രൂയിനെയുമെല്ലാം മിന്നും ഫോമിലാണ്. വാക്കര്‍ – ഡിയാസ് -കാന്‍സലോ – ലാപ്പോര്‍ട്ടെ സഖ്യം പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബെര്‍നാര്‍ഡോ സില്‍വയുടെ ചടുല നീക്കങ്ങളും ഗോള്‍ പോസ്റ്റിന് കീഴില്‍ എഡേഴ്‌സന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകളും നാട്ടങ്കത്തില്‍ സിറ്റിക്ക് കരുത്തേകും. അതേ സമയം നടപ്പ് സീസണിലെ മോശം പ്രകടനത്തിന്റെ നിരാശയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഏറ്റവും ഒടുവില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയത് യുണൈറ്റഡിന്റെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടുണ്ട്. എഡിന്‍സണ്‍ കവാനിയും റാഷ്‌ഫോര്‍ഡും ഫോമിലല്ല.പ്രതിരോധത്തില്‍ ലൂക്ക് ഷാ- മഗ്വെയര്‍ – ലിന്‍ഡെലോഫ്- വാന്‍ ബിസാക്ക സഖ്യത്തിന്റെ പ്രകടനത്തിലും പരിശീലകന്‍ സോള്‍ക് ഷേര്‍ തൃപ്തനല്ല.
ഡിഗിയയുടെ പ്രകടനവും ശരാശരിക്കും താഴെയാണ്.പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മാസ്മരിക പ്രകടനത്തിലാണ് റെഡ് ഡെവിള്‍സിന്റെ പ്രതീക്ഷ. ഇരു ടീമുകളും ഇതേ വരെ 182 തവണയാണ് മുഖാമുഖം വന്നത്.ഇതില്‍ 76 വിജയങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും 55 വിജയങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും സ്വന്തമാക്കി.53 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
Get real time update about this post categories directly on your device, subscribe now.