ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണ്; മുഖ്യമന്ത്രി

ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസിന്റെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണ്. കസ്റ്റംസ് കമ്മിഷണര്‍ മന്ത്രിസഭാംഗങ്ങളെയും സ്പീക്കറേയും അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടി. ഇഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണ്. മാതൃകാ വികസനബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോള്‍.

കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിനുദാഹരണമാണ്. ക്രിമിനല്‍ നിയമം 160-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നല്‍കിയത്. കസ്റ്റംസ് കമ്മീഷണര്‍ ഇതില്‍ എതിര്‍കക്ഷി പോലുമല്ല. സ്വപ്നയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.

ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞ ചോദ്യത്തിനുത്തരവും ഇതിലുണ്ട്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാന്‍ ഏജന്‍സികള്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ പറഞ്ഞാല്‍ തെളിവുകള്‍ വേണമല്ലോ. ഇല്ലെങ്കില്‍ കേസ് പൊളിയും.

തെളിവില്ലാതെ വല്ലതും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവനയാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജന്‍സികള്‍ നടത്തുന്നത്.

വിവിധ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. ഇവരോടൊന്നും പറയാത്ത കാര്യം സ്വപ്ന കസ്റ്റംസിനോട് പറഞ്ഞെങ്കില്‍ അതിന് കാരണമെന്ത്? കസ്റ്റംസും ഈ പ്രസ്താവന പ്രചരിപ്പിച്ചവരും ഇതിന് മറുപടി പറയണം. 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ നടത്തുന്ന പ്രസ്താവന സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ കിട്ടൂ. അന്വേഷണ ഏജന്‍സി പൊതുവേ ഒരു വ്യക്തി നടത്തിയ പ്രസ്താവന വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here