കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് സംഘടിപ്പിച്ച കസ്റ്റംസ് ഓഫിസ് മാര്‍ച്ചിനെതിരെ പരസ്യമായി രംഗത്ത് വന്ന കസ്റ്റംസ് ഡയറക്ടര്‍ സുമിത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സുമിത് കുമാറിന്റെ ബിജെപി അനുഭാവം കൂടി ഇതോടെ പരസ്യമായി. കസ്റ്റംസ് ഡയറക്ടറുടെ ബി ജെ പി അനുഭാവത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ ട്രോളുകള്‍ക്കൊണ്ട് പൊങ്കാല നടത്തുകയാണ് സോഷ്യല്‍ മീഡിയ.
സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയും കസ്റ്റംസ് ഡയറക്ടറുടെ കേന്ദ്രസര്‍ക്കാരിന് കുടപിടിക്കുന്ന നയത്തിനെക്കുറിച്ചായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ രാഷ്ട്രീയം കേസന്വേഷണത്തില്‍ കൂട്ടികലര്‍ത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് സുമിത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.
”ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു, വില പോകില്ല” എന്നാണ് സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കസ്റ്റംസ് ഓഫീസ് മാര്‍ച്ചിന്‍റെ പ്രചരണാര്‍ഥം പതിച്ച പോസ്റ്ററുകളുടെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതോടെ സോഷ്യല്‍മീഡിയ ഒന്നടങ്കം ഇളകി. പിന്നീടങ്ങോട്ട് കേന്ദ്രസര്‍ക്കാരിന് ഭൃത്യവേല ചെയ്യുന്ന സുമിത് കുമാറിന് ട്രോളുകളുടെ പുഴയായിരുന്നു. സുമിത് കുമാറിന്റെ ബിജെപി ബന്ധം വെളിപ്പെടുന്ന ചിത്രങ്ങളുള്‍പ്പെടെ കൂട്ടിച്ചേര്‍ത്തായിരുന്നു ട്രോള്‍നിര.
കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ കേരളത്തിലെ വിവിധ കേസുകളിലെ കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിന്റെ ഇടപെടലോടെ ഇല്ലാക്കഥ മെനഞ്ഞ് കേരള സര്‍ക്കാരിനെയും മന്ത്രിമാരെയും മനപൂര്‍വ്വം കുടുക്കുവാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന സംശയങ്ങള്‍ക്ക് ബലമേകിയിരിക്കുകയാണ്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി കസ്റ്റംസ് വിടുവേല ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസിന്റെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണ്. കസ്റ്റംസ് കമ്മിഷണര്‍ മന്ത്രിസഭാംഗങ്ങളെയും സ്പീക്കറേയും അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിനുദാഹരണമാണ്. ക്രിമിനല്‍ നിയമം 160-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നല്‍കിയത്. കസ്റ്റംസ് കമ്മീഷണര്‍ ഇതില്‍ എതിര്‍കക്ഷി പോലുമല്ല. സ്വപ്നയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയതും എടുത്തുപറയേണ്ട ഒന്നാണ്.
ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേസ് ഏകപക്ഷീയമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും, ആരോപണ വിധേയരാവര്‍ക്ക് നീതി ലഭിക്കില്ല എന്നും പറയാതെ പറയുകയാണ്. പ്രധാനപ്പെട്ട രേഖകള്‍ പലതും മാധ്യമങ്ങളിലെ സംഘപരിവാര്‍ അടുപ്പമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് തന്നെ കൈമാറുന്നുണ്ട് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ഇത്തരത്തില്‍ ചോര്‍ന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രോട്ടോകോള്‍ തെറ്റിച്ചു രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കിയ കസ്റ്റംസ് കമ്മീഷണറുടെ നീക്കം കേരളത്തില്‍ നടക്കുന്ന അന്വേഷണം എന്ന പ്രഹസനത്തെ തുറന്നു കാട്ടുന്നതാണ്.
Get real time update about this post categories directly on your device, subscribe now.