മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

കോവിഡ് വാക്‌സിൻ പൊതുജനങ്ങൾക്കായി ആരംഭിച്ചതോടെ ഇതിന്റെ പേരിലുള്ള തട്ടിപ്പുകളും നഗരത്തിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് വാക്‌സിനേഷൻ ആരംഭിച്ചതിന് തൊട്ടു പുറകെയാണ് പുതിയ ഇരകളെ തേടി മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നത്.

ഡ്രഗ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയാണ് ടെലിഫോൺ കോൾ വരുന്നത്. തുടർന്ന് നിങ്ങൾക്കുള്ള വാക്സിൻ തയ്യാറാണെന്നും ഇതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചതെന്നും ഇവർ പറയുന്നു.

ആധാർ കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ട ശേഷം സ്ഥിരീകരിക്കാനായി മൊബൈലിൽ സന്ദേശമായെത്തുന്ന ഓ ടി പി ആവശ്യപ്പെടുന്നിടത്താണ് ഇവരുടെ കളി തുടങ്ങുന്നത്. ഇതിൽ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴി മനസ്സിലാക്കാതെ വിവരങ്ങൾ നൽകിയവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ആധാർ കാർഡ് വഴി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനിലൂടെ പ്രവേശിക്കാനുള്ള കടമ്പയാണ് ഓ ടി പി വിവരങ്ങളിലൂടെ തട്ടിപ്പ് സംഘം മറി കടക്കുന്നത്.

മുംബൈയിൽ വിലെ പാർലെയിൽ താമസിക്കുന്ന സുഹൃത്തിന്റെ പിതാവിന് രണ്ടു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടത് ഏകദേശം 12 ലക്ഷം രൂപയാണെന്ന് സാമൂഹിക പ്രവർത്തകനായ ശ്രീകുമാർ മേനോൻ പറയുന്നു.

കോവിഡ് -19 വാക്സിനേഷന്റെ രജിസ്ട്രേഷന്റെ പേരിൽ വഞ്ചനയുടെ കെണിയിൽ വീഴരുതെന്നും, പ്രധാനപ്പെട്ട വ്യക്തിഗത വിശദാംശങ്ങൾ ഒന്നും തന്നെ ഇതുമായി ബന്ധപ്പെട്ട ഫോൺ കോളിലൂടെ പങ്കു വയ്ക്കരുതെന്നും ആരോഗ്യ വകുപ്പും പോലീസ് വകുപ്പും ജനങ്ങളോട് അഭ്യർത്ഥിച്ചു. ആധാർ കാർഡ് നമ്പർ, പാൻ കാർഡ് നമ്പർ എന്നിവയിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പിന്നീട് ഫോൺ മാപ്പിങ് ടെക്നോളജിയിലൂടെയും ഒടിപി തുടങ്ങിയ സെക്യൂരിറ്റി കോഡുകൾ നേരിട്ട് ചോദിച്ചു വാങ്ങിയുമാണ് ഓൺലൈനിൽ കവർച്ച നടത്തുന്നത്.

കോവിഡ് -19 വാക്സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഫോൺ കോളുകളൊന്നും നടത്താറില്ലെന്നും കോ-വിൻ ആപ്പ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള അറിയിപ്പുകൾ എസ് എം എസ് വഴിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ആളുകൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാൽ വാക്സിനേഷൻ രജിസ്ട്രേഷന്റെ പേരിൽ ആർക്കും വിശദാംശങ്ങൾ നൽകേണ്ട ആവശ്യമില്ല, കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷന്റെ പേരിൽ നിരവധി തട്ടിപ്പ് കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വകുപ്പ് അറിയിച്ചു.

വ്യക്തിഗത വിവരങ്ങൾ വ്യാജമായി നേടിയെടുക്കാൻ വാട്ട്സപ്പ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശങ്ങളിൽ വീഴരുതെന്ന് സൈബർ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു കൊമേർഷ്യൽ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവരും അവസരം പ്രയോജനപ്പെടുത്തുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തന്ത്രങ്ങൾക്ക് ഇരയാകുന്നതിനെതിരെയും മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News