പാതിയാകാശത്തിൻ്റെ ഉടമകൾ :വനിതാദിനത്തിൽ ധന്യ ഇന്ദു എഴുതുന്നു,

” ഇങ്ങനത്തെ കഥയാണോ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്?” മുത്തശൻ്റെ ദേഷ്യം കലർന്ന ശബ്ദം ഞങ്ങൾടെ കഥപറച്ചിലിനെ നിശബ്ദമാക്കി. അന്നു മുത്തശി പറഞ്ഞു തന്ന കഥ സത്യവാൻ സാവിത്രിയുടേതായിരുന്നു.

ഗർഭിണിയായ സീതയെ രാമൻ കാട്ടിലുപേക്ഷിച്ച കഥ കേട്ട് ” സീതേടെ അച്ഛനും അമ്മയും വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടോവാണ്ടിരുന്നതെന്താ? സീതയാരുന്നേൽ രാമനെ കാട്ടിലേക്ക് ഒറ്റക്ക് അയക്കില്ലാരുന്നു ലേ” എന്നൊക്കെ വിങ്ങിപ്പൊട്ടി ചോദിച്ചതും “രാമൻ രാജാവല്ലേ” എന്നു മുത്തശി ആശ്വസിപ്പിച്ചതും “അങ്ങനാണേൽ സീത രാജ്ഞിയല്ലേ” എന്നു തിരിച്ചു ചോദിച്ചതും ഇങ്ങനാണേൽ നിനക്കിനി കഥ പറഞ്ഞു തരില്ലാന്ന് മുത്തശി പിണങ്ങിയതും അന്ന് കുട്ടിക്കാല കൗതുകങ്ങൾ ആയിരുന്നെങ്കിൽ ഇന്നോർക്കുമ്പോൾ സ്ത്രീപക്ഷ രാഷ്ട്രീയത്തിൻ്റെ സ്വരാക്ഷരങ്ങൾ ആയാണ് തോന്നുന്നത്. ” ഞാനിനി തൊട്ട് കൃഷ്ണനെയല്ല സീതാദേവീനെയാണ് പ്രാർഥിക്കുന്നത് ” എന്നൊക്കെ സ്വയം പറഞ്ഞ് ഞാൻ കാട്ടിലുപേക്ഷിക്കപ്പെട്ട സീതയുടെ പക്ഷത്തായി. കൃഷ്ണനും രാമൻ്റെ വേറൊരുതാരമാണല്ലോ എന്നോർത്ത് കൃഷ്ണനെ വിളിക്കുന്നത് നന്നായി കുറയ്ക്കുകയും ചെയ്തു അന്ന്.

കുട്ടിക്കാലത്ത് വായിച്ച, കേട്ട കഥകളിൽ ആണുങ്ങളായിരുന്നു കൂടുതൽ. ആ കാലത്തിലേക്കാണ് എപ്പോഴും ഒന്നിച്ചു നിൽക്കാറുള്ള രാജും രാധയും, കുട്ടൂസനും ഡാകിനീം ചിരിച്ചു കളിച്ച് കയറി വന്നത് . ഒരാളില്ലാതെ മറ്റൊരാളില്ല എന്ന കാഴ്ച നല്ലോണം രസിപ്പിച്ചു. ഇടയ്ക്ക് വായിച്ചിരുന്ന ചില റഷ്യൻ നാടോടിക്കഥകളിലും പെൺകുട്ടികളെ കണ്ടിരുന്നു.

പിന്നെപ്പിന്നെ പുരാണ കഥകളിൽ താൽപര്യം ഇല്ലാതാവുകയും ബ്രേക്കില്ലാത്ത വണ്ടികളുടെ കഥകൾ മതി എന്നാവശ്യപ്പെടുകയും ചെയ്ത ആ കാലത്താണ് എൻ്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ആദ്യത്തെ ചോദ്യമുണ്ടാകുന്നത്. “ഇമ്മാതിരി കഥകളൊക്കെ കേക്കാൻ നീയെന്താ ആങ്കുട്ട്യാ?” പെങ്കുട്ടികള് ഇങ്ങനത്തെ കഥ കേട്ടാല് എന്താ കൊഴപ്പംന്ന് തിരിച്ചു ചോദിച്ചതോടെ ഞാൻ വീട്ടില് അറിയപ്പെടുന്ന വഴക്കാളിയും തല്ലുകൊള്ളിയുമായി.

പുസ്തകങ്ങൾ വായിച്ചിരുന്ന മുത്തശനാണ് ഒരു സ്ത്രീയുടെ പടമുള്ള ഒരു പേജ് കാണിച്ച് വായിക്കാൻ പറഞ്ഞത്. അന്നേവരെ പരിചയമില്ലാതിരുന്ന ഒരു വേഷമാണ് ആ സ്ത്രീ ധരിച്ചിരുന്നത്. റോസാ പാർക്ക് സ് എന്നായിരുന്നു അവരുടെ പേരെന്നും കറുത്ത വർഗക്കാർക്ക് വാഹനങ്ങളിൽ ഇരിക്കാനുള്ള അവകാശം നേടിയെടുത്തത് ഇവരിലൂടെയാണെന്നും ആ പുസ്തകത്തിൽ പറഞ്ഞിരുന്നു. “ഇനിയിങ്ങനത്തെ കഥകൾ പറഞ്ഞു തന്നാ മതി മുത്തശാ ” എന്നു പറഞ്ഞ ശേഷം ജോൻ ഓഫ് ആർക്കും ഝാൻസി റാണീം കഥകളായി മുന്നിലെത്തി. കുതിരപ്പുറത്തിരിക്കുന്ന ഇവരെന്താ ആണുങ്ങളെ പോലിരിക്കുന്നേ എന്നതായിരുന്നു അപ്പോഴത്തെ സംശയം.

Rosa Parks

‘അടക്കവും ഒതുക്ക’വുമുള്ള പെൺകുട്ടിയായി വളർന്നില്ലെങ്കിലും പെൺകുട്ടി എന്ന നിലയിൽ പല കളികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. കബഡി കളിക്കുമ്പോഴും ബോൾ കളിക്കുമ്പോഴും ഞാൻ കാഴ്ചക്കാരിയായി. കഞ്ഞീം കറീം വെച്ചു കളിക്കുമ്പോൾ മാത്രായിരുന്നു ഞാൻ സജീവമായി പങ്കെടുക്കേണ്ടിയിരുന്നത്. ആ കളിപ്പുരയിലെ സകല ജോലികളും ഞാൻ തനിയെ ചെയ്യേണ്ടിയിരുന്നു.(ഇപ്പോൾ വീട്ടിൽ പിള്ളേർ കഞ്ഞീം കറീം വെച്ചു കളിക്കുമ്പോൾ ഇമ്മാതിരി തോന്ന്യാസം അനുവദിക്കാറില്ല). ആ ദൂരദർശൻ കാലത്ത് ജീവിതനൗക പോലെയുള്ള സിനിമകൾ കണ്ട് “ദൈവമേ ഇത്രേം കരയേണ്ടി വരുമോ വലുതായാല് ” എന്നാലോചിച്ച് ടെൻഷനായിരുന്നു. ‘എനിക്ക് നിൻ്റെ മുമ്പിലോ പുറകിലോ നടക്കാനല്ല, കൂടെ നടക്കാനാണിഷ്ടം , എന്നു പറയുന്ന അർജുൻമാരെ ഒരിക്കൽ പോലും കണ്ടതായി ഓർക്കുന്നില്ല. പവർ റിലേഷൻസ് ആയിരുന്നു ഹൈലൈറ്റ്.

ഇവരെ പോലെയൊക്കെ ജീവിക്കണം വലുതാവുമ്പോൾ എന്നു തോന്നിയ ഒരാളെ ഞാനാദ്യം കാണുന്നത് 12 വയസുള്ളപ്പോഴാണ്. വീട്ടിൽ അമ്മയെ സഹായിക്കാനെത്തിയിരുന്ന മീനാക്ഷിയമ്മ ആയിരുന്നു ആ ആൾ. അവർ രാവിലെ എണീറ്റ് കൈയ്യും കാലുമൊക്കെ ചലിപ്പിച്ച് വ്യായാമം ചെയ്തിരുന്നു. അടുക്കളപ്പണിക്കിടെ തക്കാളി മുറിച്ചത് മുഖത്തുരസുകയും, നാരങ്ങാത്തൊണ്ടെടുത്ത് നഖങ്ങൾ വൃത്തിയാക്കുകയും ശേഷം ക്യുട്ടക്സ് ഇടുകയും ചെയ്തിരുന്നു. ‘എനിക്കിങ്ങനെ നടക്കാനാ ഇഷ്ടം’ എന്നു പറഞ്ഞു. ശനിയാഴ്ചകളിൽ ഒറ്റയ്ക്ക് മാറ്റിനി കാണാൻ പോയിരുന്നു. സിനിമ കഴിഞ്ഞു വരുമ്പോൾ ഹോട്ടലിൽ കയറി പൊറോട്ടയും ഇറച്ചിക്കറീം കഴിച്ചിരുന്നു.

” തനിക്ക് മതിവരുവോളം എന്നെ ഇടിച്ചോ, പിള്ളേരെ തൊട്ടാല് തൻ്റെ കൈ ഞാൻ വെട്ടും ” എന്നും പറഞ്ഞ് ശശി മാമൻ്റെ നേർക്ക് വെട്ടുകത്തിയുമായി നിൽക്കുന്ന മീനാൻ്റി വേറൊരദ്ഭുതമായിരുന്നു.” “നിന്നെയിടിക്കുമ്പോ വെട്ടുകത്തിയെടുക്കാത്തതെന്താ ” എന്ന ചെറിയമ്മയുടെ ചോദ്യത്തിന് ” എന്നെയിടിക്കുന്നതാടീ അയാൾടെ ആകെയുള്ള ആശ്വാസം. അതൂടെയില്ലേൽ അയാള് ചത്തുപോകും” എന്നായിരുന്നു മറുപടി. ഈയടുത്ത കാലത്ത് മനോജ് കുറൂരിൻ്റെ ‘അലമ്പ്’ എന്ന കവിത വായിച്ചപ്പോൾ മീനാൻ്റിയെ ഓർത്തു.’ ഭ്രാന്തെടുത്തു മോങ്ങി മോങ്ങി താനവിടെയിരിക്ക്, വേറെയെന്താ? ഞാനിറങ്ങി ,വാതിലടച്ചേക്ക് ‘ എന്ന അവസാന വരിയിൽ മീനാൻ്റി നൈറ്റിയൊന്ന് കുടഞ്ഞ് ഉമ്മറത്തെ കണ്ണാടി നോക്കി പൊട്ടുകുത്തി ശശിമാമനെ കടന്ന് റോഡിലേക്കിറങ്ങി പണിസ്ഥലത്തേക്ക് നടന്നു പോകുന്നത് ഞാൻ കണ്ടു.

” ഇങ്ങക്കും കുട്ട്യോക്കും ബിരിയാണീം ചോറുംണ്ടാക്കി പൊരേല് കുത്തിപ്പിടിച്ചിരിക്കാൻ വയ്യ, ഞാനും വരാണ് ഇങ്ങടെ കൂടെ കടേല്ക്ക്’- ഒരു സാരി വാങ്ങാൻ വരുന്നവരെ പറഞ്ഞു മയക്കി ഒരു കുടുംബത്തിന് വേണ്ട തുണി മുഴുവനും മേടിപ്പിച്ച് ആമിനാത്ത സലിമിക്കാടെ വലംകൈ ബിസിനസ് പാർട്ട്ണറായി.

ഇതിനെല്ലാമിടയിൽ ‘വെള്ളമടിച്ച് കോൺ തിരിഞ്ഞ് കാലുമടക്കി തൊഴിച്ചിടിക്കാനും തുലാവർഷ സന്ധ്യകളിൽ പുതപ്പിനടിയിൽ ചൂടുപകരാനും പട്ടടയിൽ ഒതുങ്ങുമ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കാനും ഒരു പെണ്ണു വേണമെന്ന് ‘ പറഞ്ഞ് മംഗലശേരി കാർത്തികേയൻമാരും ‘ അടുക്കളക്കാരിയായി അമ്മു സ്വാമിനാഥനെ ‘ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന രവി മാമ്മൻമാരും വെള്ളിത്തിരയിൽ അറു വഷളൻ കൈയ്യടികൾ നേടിയിരുന്നു.”എന്ത് ഒലക്ക സിനിമയാണിതെന്നും പറഞ്ഞ് അന്ന് എന്നേം കൊണ്ട് തിയേറ്റർ വിട്ടിറങ്ങിയത് പ്രേമാൻ്റി ആയിരുന്നു.” ഇതൊന്നും അല്ലാ, ഇങ്ങനൊന്നും അല്ലാട്ടോ മോളെ ജീവിതം” എന്നു വീട്ടിലേക്ക് തിരിച്ച് ഓട്ടോയിൽ പോരാമ്പോൾ പ്രേമാൻ്റി പറയുമ്പോൾ എനിക്കും എന്തൊക്കെയോ മനസിലായിത്തുടങ്ങിയിരുന്നു.

അവർ അന്ന് ഓഫിസിൽ വന്നത് ഒരു പരിപാടിയുടെ നോട്ടിസ് തരാനാണ്. എൻ്റെ ഗർഭകാലമായിരുന്നു അത്. അവർ പോകാനിറങ്ങുമ്പോൾ ചാടിയെണീറ്റ എന്നോട് ” ഇത്രേം ആവേശം കാണിക്കുന്നത് വാവയ്ക്ക് ഇഷ്ടപ്പെടില്ല ട്ടോ ” എന്ന് വാത്സല്യത്തോടെ പറഞ്ഞു. പിന്നീട് മാസങ്ങൾക്കു ശേഷം പ്രസ് ക്ളബിന് താഴെ ഓഫിസിലേക്ക് പോകാനായി വാഹനം കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവരെ വീണ്ടും കാണുന്നത്. ” വാവ സുഖമായിരിക്കുന്നോ ” എന്നു നിറഞ്ഞു ചിരിച്ചു ചോദിച്ച് അവർ അടുത്തെത്തി. കുഞ്ഞു മരിച്ചെന്നറിഞ്ഞപ്പോൾ അവരുടെ കണ്ണു നിറഞ്ഞു തുളുമ്പി. പിന്നെയവർ അവരുടെ കഥ പറഞ്ഞു. ഗൾഫിലായിരുന്നു, ഒരറബീടെ വീട്ടില് . ഇവിടെ ഭർത്താവും മോളും. ഫോൺ വിളിക്കുമ്പോ മകളുടെ സംസാരത്തിൽ പന്തികേടു തോന്നിയാണ് നാട്ടിലെത്തുന്നത്. മകൾ ഗർഭിണിയാണെന്നും സ്വന്തം പിതാവാണ് അതിനു കാരണക്കാരൻ എന്നുമറിഞ്ഞ് കല്ലു പോലെയായ അവർ അയാളെ വീട്ടിൽ നിന്നിറക്കി പൊലീസിൽ പരാതിപ്പെട്ടു. മകളേയും അവളുടെ കുഞ്ഞിനേം കൊണ്ട് നാടുവിട്ട് കോഴിക്കൊടെത്തി . അന്നവർ അവസാനം പറഞ്ഞത് ” ഇവിടം കൊണ്ട് എല്ലാം തീർന്നു എന്ന് നമ്മക്ക് തോന്നുന്ന ഒരു നിമിഷം പടച്ചോൻ എല്ലാരിക്കും തരും. പക്ഷെ ഒന്നും തീരുന്നില്ല മോളെ.എത്ര വലിയ കരച്ചിലും ഒരു ദിവസം തോരും, അവിടന്ന് നമ്മളെണീറ്റ് പിന്നേം നടന്നു തുടങ്ങും ” എന്നാണ്. അത്രയും മോട്ടിവേഷനൽ ആയി വേറാരും എന്നോട് അക്കാലമത്രയും സംസാരിച്ചിട്ടില്ലായിരുന്നു.

മുല്ലപ്പൂവിന് പകരം മുലപൂവ് എന്ന് തെറ്റിച്ചെഴുതിയതിന് പരിഹാസച്ചിരി ഏറ്റുവാങ്ങേണ്ടി വന്ന എട്ടു വയസുകാരി ‘ ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാൻ എൻ്റെ അമ്മയ്ക്കുണ്ടല്ലോ മുല, എനിക്കുമുണ്ട്, ചിരിക്കണോര്ടെ അമ്മമാർക്കുമുണ്ട് ‘ എന്നു പറഞ്ഞ് പെൻസിലെടുത്ത് തെറ്റുതിരുത്തുന്നത് സുഖമുള്ള കാഴ്ചയാണ്.

“ഇന്നാമ്മേ അമ്മേടെ ഡയപ്പർ” എന്നു പറഞ്ഞ് നാലു വയസുകാരൻ സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്ന് സാനിറ്ററി നാപ്കിൻ എടുത്തു തരുന്നതും, കല്യാണം എൻ്റെ പ്ലാൻ Dയോ പ്ലാൻ E യോ ആണെന്നു പറയുന്ന പതിനാലുകാരിയും, അമ്മാ യു നീഡ് എ ഗുഡ് സ്ലീപ്പ്, അതുവരെ ബേബിയെ ഞാൻ നോക്കാം ” എന്നു പറയുന്ന പത്തു വയസുകാരനും ഈ വനിതാ ദിനത്തിൽ ലോകത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News