അംബാനി വസതിക്ക് സമീപം സ്ഫോടകവസ്തുക്കൾ; ആത്മഹത്യക്ക് മുൻപ് വാഹന ഉടമ മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുതിയ വഴിത്തിരിവിലേക്ക്

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകൾ അഴിയുന്നു. ജീവനൊടുക്കിയതിന്റെ കാരണം വിശദീകരിച്ചു മൻസുഖ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്താണ് അന്വേഷത്തിന് പുതിയ വഴിത്തിരിവാകുന്നത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഫോടന ബന്ധം പുലർത്തി തന്നെ ഉപദ്രവിക്കുകയാണെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത് .

ഫെബ്രുവരി 25 നാണ് ഹിരന്റെ എസ്‌യുവി കാർ അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയത് . മുകേഷ് അംബാനിയെയും ഭാര്യയെയും അഭിസംബോധന ചെയ്ത ഭീഷണി കത്തും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാർ ഉടമ മൻസുഖ് ഹിരേനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ എസ്‌യുവിയുടെ ഉടമ താനാണെന്നും തന്റെ കാർ മോഷണം പോയിരുന്നതായും ഹിരേൻ മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പൊലീസിന് ഹാജരാക്കിയിരുന്നതായി ഹിരന്റെ ബന്ധുക്കളും പറയുന്നു. ഹിരേനിന്റെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തു വരുമെന്നാണ് കരുതുന്നത്.

ഹിരേനിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി.എസ്.)യ്ക്കു കൈമാറിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശനിയാഴ്ച മൃതദേഹം വീട്ടുകാർക്ക് കൈമാറിയെങ്കിലും മരണ കാരണം എന്തെന്ന കാര്യത്തിൽ തീർപ്പു കൽപ്പിച്ചിട്ടില്ല. കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായില്ലെങ്കിലും ഉന്നതോദ്യോഗസ്ഥർ ഇടപെട്ടതിനെത്തുടർന്നാണ് സമ്മതിച്ചത്.

മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ മുഖത്തിന്റെ ഇടത് വശത്തും മൂക്കിലെ മുകൾ ഭാഗത്തും വലതു കണ്ണിലും പരിക്കുകൾ കണ്ടെത്തി. കടലിടുക്കിൽച്ചാടി ഹിരേൻ ആത്മഹത്യചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

മുഖ്യമന്ത്രിക്കും മറ്റ് അധികാരികൾക്കും അയച്ച കത്തിൽ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട് . ഇരയായിരുന്നിട്ടും തന്നെ ഒരു പ്രതിയായി കണക്കാക്കുകയാണെന്നും ഹിരേൻ കത്തിൽ പറയുന്നു. തന്റെ വാഹനം എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്നും താൻ ഇരയാക്കപ്പെട്ടതെന്നും ഇതിനകം തന്നെ വിശദീകരണവും പ്രസ്താവനകളും നൽകിയിട്ടും അനാവശ്യമായി ഉപദ്രവിക്കപ്പെടുന്നുവെന്നാണ് കത്തിൽ പരാതിപ്പെട്ടിരിക്കുന്നത്.

ഹിരേനിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നത് തെറ്റാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് പ്രതികരിച്ചു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അത് കൊണ്ട് തന്നെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരേണ്ടത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രശ്നമാണെന്നും റൗത് പറഞ്ഞു.

വാഹന ഉടമയുടെ മരണത്തിന്റെ യഥാർഥകാരണം കണ്ടെത്തണമെന്നും ഈ വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബി.ജെ.പി. ഉന്നയിക്കുന്നതെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News