കരുത്തുറ്റ ചുവടുകൾ കരുത്തുറ്റ കാലത്തിന്റെ മുഖമുദ്രയാകട്ടെ:വനിതാദിനത്തിൽ നവീന പുതിയോട്ടിൽ എഴുതുന്നു

സ്ത്രീകൾക്കായൊരിടം, സ്ത്രീകൾക്കായൊരു ദിനം, സ്ത്രീകൾക്കായൊരു ലോകം,,, പെൺപെരുമയുടെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ഇടങ്ങളും സ്വാതന്ത്ര്യവും തന്നെ. എത്രത്തോളം സാധ്യമാകുന്നതാണ് ഈ ചർച്ചകളിൽ ഉയർത്തിക്കാണിക്കപ്പെടുന്ന ആശയങ്ങൾ എന്ന് ആശങ്ക ജനിക്കുന്നവരേയും ഇതിനിടയിൽ നമുക്ക് കാണാം.

പക്ഷെ സ്ത്രീ പക്ഷത്തോ പുരുഷ പക്ഷത്തോ മൂന്നാം ലിംഗ പക്ഷത്തോ അല്ലാത്ത ഒരു പക്ഷമുണ്ട്.അതാണ് തുല്യതയുടെ പക്ഷം. തുല്യതാവാദം. ഇത്തരം തുല്യതയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരെ, സ്ത്രീകളുടെ ഉന്നമനത്തിനായ് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഫെമിനിസ്റ്റുകൾ എന്ന് വിളിക്കുന്നു. ഫെമിനിയൻ കാഴ്ചപ്പാടുള്ള പുരുഷന്മാർ ആധിപത്യത്തിന്റെ ഇന്നലെ മയക്കങ്ങളിൽ കിടക്കുന്ന മറ്റൊരു വിഭാഗം പുരുഷസമൂഹത്തിന് ഉൾക്കൊള്ളാനാകാത്തവരാണ്. അപ്പോൾപ്പിന്നെ സ്ത്രീകളോട് അവർക്കുള്ള നിലപാടുകളെക്കുറിച്ച് പറയേണ്ടതുണ്ടോ.എന്നിരുന്നാലും കുടിൽ തൊട്ട് കൊട്ടാരം വരെ ഉള്ള പെണ്ണുങ്ങൾ സ്വയം പര്യാപ്തമായ ഒരു ലോകത്തെ സ്വപ്നം കാണാൻ തുടങ്ങുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നുള്ളത് നിലപാടിൽ ഊന്നിയ ഒരു സംസ്കാരം നാമ്പിട്ട് കഴിഞ്ഞു എന്നതിന് ഉദാഹരണമാണ്.ഇത് തന്നെയാണ് സ്ത്രീ ശാക്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും.

തന്റേടമുള്ളതും ആത്മബോധമുള്ളതുമായ വ്യക്തികൾ നിർഭയം മുൻപോട്ട് വെക്കുന്ന ചുവടുകൾക്ക് എന്നും പൊൻതിളക്കമാണ്. ഇന്നലെകളുടെ അടുക്കളകൾ ഗൃഹഭരണം എല്ലാം സ്ത്രീയിൽ മാത്രം നിക്ഷിപ്തമായ ഒരു കാലം വിദൂരത്തായിരുന്നില്ല എന്നിരിക്കെത്തന്നെ പരിണാമം വെറും ഒരു സിദ്ധാന്തമല്ല എന്നും പറയാൻ നമുക്കിന്ന് കഴിയുന്നു.അകത്തുള്ളത് പോലെ തന്നെ പുറത്തുള്ള ലോകവും തന്റേത് കൂടിയാണ് എന്ന് ഒരുവൾ തിരിച്ചറിയുന്നിടത്ത് ചരിത്രം മാറിമറിയുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തെത്തി നിൽക്കുന്ന സുപരിചിത വ്യക്തിത്വങ്ങൾ നമുക്കിന്ന് സുലഭം.സിനിമയിലും സാഹിത്യത്തിലും ശാസ്ത്രരംഗത്തും എന്ന് വേണ്ട എല്ലാ ഇടങ്ങളിലും സ്ത്രീ പുരുഷന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.

ഇടക്കാലം തുറന്നെഴുത്തുകളുടെ ഒരിടം സോഷ്യൽ മീഡിയയിൽ ഒരുക്കപ്പെട്ടപ്പോൾ നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ എഴുതുകയും ലോകം അത് ചർച്ച ചെയ്യുകയും ചെയ്യുന്നത് കാണാം.വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഇവിടെ പലരും പറയുകയുണ്ടായി.നിസ്സഹായരായ സ്ത്രീകളെക്കുറിച്ചും പ്രതികരണ ശേഷിയില്ലാതായിപ്പോയവരെക്കുറിച്ചും ഇവിടം ചർച്ച ചെയ്യപ്പെട്ടു. ഇന്നലെകളുടെ വിഴുപ്പലക്കാൻ വരുന്ന സ്ത്രീകളെ പലരും പരിഹസിച്ചു. ചിലർ പ്രതികരിക്കാൻ വൈകിയവരെങ്കിലും അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത വാക്കുകൾ മറ്റുള്ളവരെ പ്രതീകരണ ശേഷിയുള്ളവരാക്കിത്തീർക്കാൻ പ്രാപ്തിയുള്ളവയായിരുന്നു.ചില നേരങ്ങളിൽ ചില മനുഷ്യർ നിസ്സാരരും നിസ്സഹായരുമായിപ്പോകുമ്പോൾ അവസരങ്ങളെ മുതലെടുക്കുന്നവർ ധാരാളം. പ്രാരാബ്ദങ്ങൾ, കുടുംബാന്തരീക്ഷത്തിലെ താളപ്പിഴകൾ, പുറത്തുനിന്ന് വരുന്നവർക്ക് വീട്ടിൽ ഇടപെടാൻ അനുവദിക്കുന്ന അമിതസ്വാതന്ത്ര്യം ഇവയെല്ലാം ഇത്തരം ചൂഷണക്കാർ വളമാക്കുന്നു. അനന്തരം വിഫലമാക്കപ്പെടുന്ന കോലാഹലങ്ങൾ വേറെയും.

ചിതറിപ്പോയ ഉടലിനേക്കാൾ വലുതാണ് ചിതറിപ്പോകുന്ന മനസ്സ്.കരുതൽ അനിവാര്യമാണ് പല ഇടങ്ങളിലും.പ്രതികരണശേഷിയുള്ളവരാകണം സ്ത്രീകളും കുട്ടികളും സമൂഹവും. എങ്ങനെ ആകണം എന്നല്ല എങ്ങനെ ആയിക്കൂടാ എന്നും സ്ത്രീ പഠിക്കണം. ശാരീരികമായും മാനസികമായും സാമ്പത്തികമായും സ്വയം പര്യാപ്തി നേടുന്ന വ്യക്തിത്വവികാസമാണ് ഇവിടം നേടിയെടുക്കേണ്ടത്.കരുത്തുറ്റ ചുവടുകൾ കരുത്തുറ്റ കാലത്തിന്റെ മുഖമുദ്രയാകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News