നിന്നിടത്ത് നിന്നും തുള്ളാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ഈ വനിതാദിനത്തിൽ അനശ്വര കെ എഴുതുന്നു

ചൂസ് ടു ചലഞ്ച് എന്നാണ് ഇത്തവണത്തെ ഇന്റർനാഷണൽ വിമൻസ് ഡേ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന അസമത്വങ്ങളെ വെല്ലുവിളിക്കൂ. അവയെ തിരിച്ചറിയൂ, നാം നേരിടുന്ന വെല്ലുവിളികളാണ് നമ്മുടെ ലോകത്തിനെ മാറ്റത്തിലേക്ക് നയിക്കുന്നത് എന്നാണ് ഈ മുദ്രാവാക്യം പറയാൻ ശ്രമിക്കുന്നത്.

സ്ത്രീ ആയിരിക്കുക എന്നത് തന്നെ നിരന്തരമായ വെല്ലുവിളികൾക്ക് വിധേയമായ ഒരു ലോകത്തിലാണ് ഇപ്പോഴും നമ്മൾ ജീവിച്ചുപോരുന്നത്. നാം നേരിടുന്നത് അസമത്വവും അടിച്ചമർത്തലും ആണെന്ന് തിരിച്ചറിയാൻ ഉള്ള വിദ്യഭ്യാസവും അവകാശബോധവും ഉണ്ടാവുക എന്നതാണ് പോരാട്ടങ്ങളിലേക്കുള്ള ആദ്യ ചുവടെന്നു നിരന്തരം നാം പറഞ്ഞു കേൾക്കാറുണ്ട്. തുല്യമായ ജോലിക്ക് തുല്യമായ വേതനം വേണം അവകാശപ്പെടാനുള്ള ബോധ്യം നമുക്കുണ്ടാവുക എന്നത് ആണ് പ്രധാനം. എന്നാൽ സ്ത്രീ ആയത് കൊണ്ട് സവിശേഷമായി അനുഭവിക്കേണ്ട ഒന്നാണ് ഈ അസമത്വവും അനീതിയും എന്ന ബോധ്യത്തിന്റെ പുറത്താണ് നമ്മളിൽ പലരും നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാറുള്ളത്. പെണ്കുട്ടിയല്ലേ എന്നുള്ള ആ ഊട്ടി ഉറപ്പിക്കൽ കേൾക്കാതെ വളർന്നു എന്ന് പറയാൻ സാധിക്കുന്ന ഒരാളെങ്കിലും നമ്മുടെ ഇടയിലുണ്ടാവുമോ? ഇതിനെ വെല്ലുവിളിക്കൂ എന്നും ചോദ്യം ചെയ്യൂ എന്നുമാണ് ഈ അന്തർദേശീയ വനിതാ ദിനം നമ്മെ ഓർമിപ്പിക്കുന്നത്.

സ്ത്രീ എന്ന സ്വത്വത്തിൽ നിന്നുകൊണ്ട് നേരിടുന്ന സാമൂഹിക അസമത്വങ്ങളുടെ തോത് കുറിക്കുകയും പടിപടിയായി അസമത്വങ്ങൾ ഇല്ലാതെ ആക്കുകയും ചെയ്യുക എന്നതാണ് ഓരോ സർക്കാറിന്റെയും പ്രാഥമികമായ ലക്‌ഷ്യം. സ്ത്രീ സുരക്ഷാ എന്നത് പ്രധാന മുദ്രാവാക്യമാക്കി ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷ സർക്കാർ 2016 ഇൽ അധികാരത്തിൽ എത്തിയത്. ഇപ്പോൾ അഞ്ചുവർഷങ്ങൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് നമ്മുടെ പടിവാതിലിൽ എത്തിനിൽക്കുകയാണ്. ഈ അഞ്ചുവര്ഷംകൊണ്ട് സംസ്ഥാന സർക്കാർ കേരളത്തെ ഒരു സ്ത്രീസൗഹൃദ ഇടമാക്കി മാറ്റൻ കൈകൊണ്ട ചില പദ്ധതികളെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

സ്ത്രീകളുടെ ആരോഗ്യരംഗത്ത് സമഗ്രമായ ഇടപെടലുകൾ കൊണ്ടുവരാൻ ഈ അഞ്ചുവര്ഷ കാലയളവിൽ സർക്കാരിന് സാധിച്ചു എന്നത് ഒരു പ്രധാന കാര്യമാണ്. ചെലവ്കുറഞ്ഞ ഗുണമേന്മയുള്ള ആരോഗ്യം സ്ത്രീകൾക്ക് നല്കാൻ ബദ്ധശ്രദ്ധ ചെലുത്തിയ സർക്കാർ ആണിതെന്ന് ഈ നാട് കണ്ടതാണ്. പിഎച്ച്സികൾ മുതൽ നവീകരിച്ചുകൊണ്ട് സ്ത്രീകൾക്ക് എളുപ്പത്തിൽ ആരോഗ്ട്യാ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ശ്രദ്ധിച്ചു. അതിൽ എടുത്തുപറയേണ്ട ഒന്നാണ് കൗമാരകക്കാരായ പെൺകുട്ടികൾക്ക് വേണ്ടി സംസ്ഥാനത്തുടനീളം 900 സ്കൂളുകളിൽ നടപ്പിലാക്കിയ ഷീ പാഡ് പദ്ധതി. ആർത്തവ ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നടന്നുകയറിയത് . ഇതോടൊപ്പം കൗമാരപ്രായക്കരായ കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുകൾ ആശാവർക്കേഴ്സ് വഴി വിതരണം ചെയ്യാനും സർക്കാർ ശ്രദ്ധ നൽകിയിരുന്നു.

സ്ത്രീ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കേണ്ടതുണ്ട്. ദരിദ്ര വനിതകളെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീയുടെ 20 വർഷത്തെ പ്രവർത്തനം അതിന്റെ ലക്ഷ്യത്തിലേക്കു ഏറെ കുറെ എത്തിക്കഴിഞ്ഞു. ചെറുകിട രീതിയിൽ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ തുടങ്ങി കൃഷിഭൂമി പാട്ടത്തിനെടുത്ത് നെല്ലും പച്ചക്കറിയും വിളവെടുക്കാൻ വരെ ഈ സ്ത്രീകൾ ഇന്ന് കഴിവ് നേടി. ഐ ടി മേഖലയിലും മെട്രോയിലും ഇവരുടെ സജീവ സാനിധ്യം ഇന്ന് കാണാം. നാടകസമിതികൾ, ശിങ്കാരിമേളം അങ്ങനെ കുടുംബശ്രീ വനിതകൾ കൈവയ്ക്കാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം. സാമ്പത്തിക ഭദ്രതെക്കൊപ്പം, സ്ത്രീകളുടെ സാമൂഹിക ദൃശ്യത ഉറപ്പു വരുത്തുക കൂടി ചെയ്യാൻ ഇന്ന് ഈ സംരഭത്തിന് സാധിച്ചു. ഈ പ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യബോധമുള്ള ഒരു സർക്കാർ ഇന്നിവർക്കൊപ്പം ഉണ്ട്. സംസ്ഥാന ബജറ്റിൽ 200 കോടി രൂപയാണ് കുടുംബശ്രീ പ്രവർത്തങ്ങൾക്കായി സർക്കാർ മാറ്റിവച്ചത്. ജൻഡർ ബഡ്ജറ്റിങ് ശക്തിപ്പെടുത്തും എന്നത് എൽഡിഎഫ് സർക്കാരിൻറെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു . 2021-22 ലെ ബജറ്റിൽ ജെണ്ടർ ബജറ്റിനായി നീക്കിവച്ചിരിക്കുന്ന തുക 1347 രൂപയാണ്. 2017-18ൽ 11.5 ശതമാനമായിരുന്ന വനിതാ വിഹിതം ഈ ബജറ്റിൽ 19.54 ശതമാനമാണ് എന്നതുകൂടി എടുത്തു പറയണം

സ്തീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് അറുതി വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരായിരിക്കും എന്ന് അധികാരത്തിൽ ഏറിയ ഉടൻ തെളിയിച്ച ഒരു സർക്കാർ ആണിത്. അതിക്രമങ്ങളിൽ നിന്നും വിമുക്തമായ ഒരു കേരളത്തിന് വേണ്ടി പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കുവാനും സർക്കാർ സർക്കാർ ശ്രദ്ധ ചെലുത്തി. ഇതിനൊപ്പം പോലീസിൽ വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്ത്തുന്നതിന്റെ ഭാഗമായി വനിതാ പോലീസിന്റെ ബറ്റാലിയന് ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു . . പ്രത്യേക പരിശീലനം നേടിയ വനിതാ കമന്റോ വിങ്ങും ഇതിനൊപ്പം പോലീസ് സേനയുടെ ഭാഗമായി. ഇതിനൊപ്പമാണ് ആദ്യമായി ഫയര്ഫോഴ്സിൽ സ്ത്രീകളുടെ കടന്നുവരവ്. അഗ്നിരക്ഷാസേവന വകുപ്പില് സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര് വുമണ് തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചത്. സംരക്ഷണം നേടേണ്ടവർ എന്നതല്ല സ്ത്രീയുടെ ഭാഗമെന്നും സംരക്ഷണം നൽകാനുള്ള കരുത്തവൾക്കുള്ളിൽ തന്നെയുണ്ടെന്നും തെളിയിച്ചുകൊണ്ട് സ്ത്രീകൾ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്.

പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാവുക എന്നത് ഒരു സമൂഹത്തിലെ അടിസ്ഥാന വികസനത്തിന്റെ അളവുകോലാണ്. സാഹചര്യത്തിൽ സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിലേക്ക് അവയെ മാറ്റി പണിയേണ്ടതുണ്ട്. വൃത്തിയുള്ള ടോയ്ലെറ്റുകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ വിശ്രമ മുറികൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ള ടോയിലറ്റ് സംവിധാനങ്ങൾ ഇല്ലാതിരുന്നത് വലയ പോരായ്മ ആയിരുന്നു. ബസ് സ്റ്റാന്റുകൾ, കോടതി പരിസരങ്ങൾ, ഗവൺമെന്റ് ആശുപത്രികൾ എന്നിവിടങ്ങളിലായി സ്ത്രീകൾക്ക് വേണ്ടി കേരളത്തിലുടനീളം 100 ഷീ-ടോയ്ലറ്റുകളാണ് സർക്കാർ കൊണ്ടുവന്നത്. ഇതിലൂടെ പൊതുരംഗത്തേക്കു വരുന്ന സ്ത്രീകളുടെ വലിയ പ്രശ്നമാണ് പരിഹരിക്കാൻ സാധ്യമായത്.

സ്ത്രീകൾക്ക് സഹായം എത്തിക്കാൻ ഒരു ഫോൺ വിളിക്കപ്പുറം കൂട്ടിനൊരാളുണ്ട് എന്ന തോന്നൽ ഉറപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച മിത്ര 181 മറ്റൊരു പ്രധാന പദ്ധതിയാണ്‌. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്ര 181 ഹെൽപ്പ് ലൈൻ നമ്പർ സഹായഹസ്തം നീട്ടിയത് എഴുപത്തയ്യായിരത്തിൽ പരം സ്ത്രീകൾക്കാണ്. ആശുപത്രികൾ പോലീസ് സ്റ്റേഷൻ ആംബുലസ് സർവീസുകൾ സർക്കാർ ഇതര ക്ഷേമപ്രവർത്തനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടു നടത്തുന്ന ഒരു മുഴുവൻ സമയ ഹെല്പ് ലൈൻ ആണ് മിത്ര 181. ഇതിനായി സഹായം ലഭ്യമാക്കേണ്ട വിഭാഗമായ പോലീസ് ഉദ്യോഗസ്ഥർക്കുവേണ്ടി പ്രത്യേക പരിശീലനവും സർക്കാർ ഏർപ്പെടുത്തി.

സ്ത്രീകളുടെ സാനിധ്യം കടന്നു ചെല്ലാത്ത മേഖലകൾ ഇല്ല എന്ന് പറയുമ്പോഴും, സ്ത്രീ സുരക്ഷയെന്നത് ഇപ്പോഴും ഒരു കടമ്പ തന്നെയാണ് നമുക്ക് മുന്നിൽ. സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുണ്ട് എന്ന സാമൂഹ്യ യാഥാർഥ്യം കാണാതിരുന്നുകൂടാ. ഈ കേസുകൾ കോടതിയിലെത്തുമ്പോൾ ശാസ്ത്രീയമായ തെളിവുകളുടെ അഭാവം ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഭൂമിക പദ്ധതിയിലൂടെ ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് ശാസ്ത്രീയമായമായ തെളിവിനാവശ്യമായ സാമ്പിളുകൾ ശേഖരിച്ച് സെക്ഷ്വാൽ അസോൾട്ട് ഫോറൻസിക് എവിഡൻസ് അഥവാ സേഫ് കിറ്റ് എന്ന പദ്ധതി സർക്കാർ നടപ്പിലാക്കി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരം പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.

തൊഴിലിടത്ത് ഇരിക്കാനുള്ള അവകാശം നിയമം മൂലം ഉറപ്പുവരുത്തിയ ഒരു സർക്കാർ കൂടിയാണ് ഇത്.
കഠിനമായ ചൂഷണങ്ങൾക്ക് വിധേയരാകുന്ന സെയിൽസ് മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ട ഒരു സർക്കാരാണ് ഇത്. ഇന്ത്യയിൽ ആദ്യമായി ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില് ഭേദഗതി വരുത്തി തൊഴിലിടങ്ങളില് ജീവനക്കാര്ക്ക് ഇരുന്ന് പണിയെടുക്കാന് സൗകര്യമൊരുക്കണം എന്ന നിയമം സർക്കാർ 2018 ജൂലൈ മാസത്തിൽ പുറത്തിറക്കി. കേരളത്തിലെ ടെക്സ്റ്റൈലുകളിൽ സ്ത്രീ തൊഴിലാളികൾക്ക് ബാത്റൂമിൽ പോകാനോ ഇരിക്കാൻ പോലുമോ അവകാശമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും പണിയെടുക്കാൻ സാധ്യമായ തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ.

രാത്രിയാത്രകൾ സ്ത്രീകൾക്ക് ഇന്നും ഒരു ചോദ്യചിഹ്നമാണല്ലോ! ഒറ്റയ്ക്ക് ഒരു നഗരത്തിൽ പെട്ടാൽ എന്ത് ചെയ്യും എന്നോ എവിടെ താമസിക്കും എന്നോ ആലോചിച്ച് നാം കുഴങ്ങിപോകാറുണ്ട്. . പുറത്തു പോകുന്ന സ്ത്രീകൾക്ക് രാത്രി താമസം മുതൽ കുടുംബത്തിൽ നിന്നും പുറത്തേക്ക് എത്തുന്ന സ്ത്രീകൾക്കുൾപ്പെടെ ഈ സംരക്ഷണം കാലം ആവശ്യപ്പെടുന്നു. രാത്രികാലങ്ങളിൽ നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കായി സർക്കാർ ഒരുക്കിയ എന്റെ കൂട് പദ്ധതി തിരുവനന്തപുരത്ത് വൻവിജയമായി തീർന്നിരിക്കുന്നു. തമ്പാനൂർ ബസ്സ്റ്റാൻഡിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന ഈ രാത്രികാല അഭയകേന്ദ്രത്തിൽ താമസവും ഭക്ഷണവും തികച്ചും സൗജന്യവുമാണ്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും എറണാകുളത്തും ആണ് എന്റെ കൂട് പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പമാണ് സംസ്ഥാനത്തുടനീളം തുടങ്ങുന്ന ഷീ ലോഡ്ജുകളും. സര്ക്കാര്, സ്വകാര്യ മേഖലകളില് ജോലിചെയ്തുകൊണ്ട് അന്യനഗരങ്ങളില് താമസിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ്.ഓരോ നഗരവും സ്ത്രീകൾക്ക് കൂടി സുരക്ഷിതമാക്കുക എന്നത് സർക്കാരിന്റെ ചുമതലകളിൽ പ്രധാനമെന്നു തിരിച്ചറിയുക കൂടിയാണ് ഇവിടെ.

മനസിന്റെ താളം ഒരിക്കൽ തെറ്റിയാൽ പിന്നീട് മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും നോക്കുവാനാളില്ലാത്ത അനേകം സ്ത്രീകൾ ഇന്ന് കേരളത്തിൽ ഉണ്ട്, ഇവർക്ക് മടങ്ങിച്ചെല്ലാൻ ഒരു കുടുംബമോ സുരക്ഷിതമായ താമസമോ ഒരുക്കാൻ സമൂഹം തയ്യാറാകുന്നില്ല. ഇവരുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് സർക്കാർ തിരുവനന്തപുരത്തും കോഴിക്കോടും തുടങ്ങിയ ആശാഭവനുകൾ. . ആരോരുമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരുടെ ആശാകേന്ദ്രം ആവുക തന്നെയാണ് ഒരു സർക്കാർ. ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ തരത്തിലുള്ള സഹായം നൽകാനുള്ള സംവിധാനമായ സഖി വൺ സ്റ്റോപ്പ് സെന്റര് പദ്ധതിയും ഇതേലക്ഷ്യം തന്നെ നിറവേറ്റുന്നു. സ്ത്രീകളുടെ മാനസിക് ശാരീരിക ആരോഗ്യം, സുരക്ഷ, സമത്വം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്റെ സേവനവും ഇതോടൊപ്പം തന്നെ എടുത്തുപറയണം.

സ്ത്രീസൗഹൃദമായ സമൂഹം സൃഷ്ടിക്കുക എന്നത് വാക്കുകൾകൊണ്ടോ വാഗ്ദാനങ്ങൾ കൊണ്ടോ സാധ്യമല്ല. ഇച്ഛാശക്തിയുള്ള ഇടപെടലുകളാണ് അതിനാവശ്യം. ദിശാബോധമുള്ള ഒരു സർക്കാർ ആണ് അതിന്റെ നട്ടെല്ല്. സ്ത്രീകൾ സാമൂഹിക പ്രക്രിയയുടെ ഭാഗമാവുകയാണ്. അതിനുള്ള അന്തരീക്ഷം ഒരുക്കുക എന്നത് ഒരു സമൂഹത്തിന്റെ ആർജ്ജവമാണ് വെളിവാക്കുന്നത്. ലിംഗനീതി എന്നത് ഒരൊറ്റ ദിവസം കൊണ്ടോ ഒരു ചുവടുകൊണ്ടോ നേടുന്ന മാജിക്ക് അല്ല എന്നുള്ളതാണ് നമ്മുടെ ഈ ദീർഘകാല യാത്ര നമ്മെ പഠിപ്പിച്ചുകൊണ്ടിക്കുന്നത്. ലിംഗനീതിയിൽ ഊന്നിയ സമൂഹം നിരന്തരമായ പോരാട്ടങ്ങളുടെ ഭാഗമായി നിര്മിച്ചെടുക്കുന്ന ഒരു സ്വപ്നഭൂമികയാണ്. നിന്നിടത്ത് നിന്നും തുള്ളാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ഈ വനിതാദിനം ആ പോരാട്ടങ്ങളെ നിരന്തരം ഓര്മപ്പെടുത്തട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News