സിറ്റിയുടെ വിജയക്കുതിപ്പിന് അന്ത്യമിട്ട് യുണൈറ്റഡ്; ലിവര്‍പൂളിന് തോല്‍വി!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടുഗോള്‍ ജയം. ബ്രൂണോ ഫെര്‍ണാണ്ടസും (2), ലൂക്ക് ഷാ (50) യുമാണ് യുണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. 21 മത്സരങ്ങളിലെ തുടര്‍ജയവുമായെത്തിയ സിറ്റിയുടെ വിജയക്കുതിപ്പിന് ഇതോടെ അന്ത്യമായി. മറ്റൊരു കളിയില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുളള ഫുള്‍ഹാം ഒരു ഗോളിന് ലിവര്‍പൂളിനേയും തോല്‍പ്പിച്ചു.

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ 4-1ന് തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്‌ബ്രോം ന്യൂകാസില്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. തോറ്റെങ്കിലും 28 കളികളില്‍നിന്നും 65 പോയന്റുമായി ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആണ് ഒന്നാം സ്ഥാനത്തുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 53 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
സ്പാനിഷ് ലാ ലീഗയിലെ വമ്പന്മാരുടെ ഏറ്റുമുട്ടല്‍ സമനിലയില്‍ പിരിഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്.

സുവാരസ് 15-ാം മിനിറ്റില്‍ നേടിയ ഗോള്‍ 88-ാം മിനിറ്റില്‍ കരിം ബെന്‍സിമ മടക്കി. മറ്റു മത്സര ഫലങ്ങള്‍, ഹുയേസ്‌ക 3-4 സെല്‍റ്റ വിഗോ, റയല്‍ സൊസിഡാഡ് 1-0 ലവാന്റെ, അത്‌ലറ്റിക്കോ ബില്‍ബാവോ 2-1 ഗ്രനാഡ. 25 കളികളില്‍നിന്നും 59 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 56 പോയന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.

ഇറ്റാലിയന്‍ സീരി എ യില്‍ എസി മിലാന്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെറോണയെ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളിലെ ഫലങ്ങള്‍, റോമ 1-0 ജെനോവ, ക്രോട്ടോണ്‍ 4-2 ടൊറനോ, ഫിയോറന്റീന 3-3 പാര്‍മ, സാംപ്‌ഡോറിയ 2-2 കാഗ്ലിയാരി, നാപ്പോളി 3-1 ബൊളോഗന. 25 കളികളില്‍ നിന്നും 59 പോയന്റുമായി ഇന്റര്‍ മിലാന്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 56 പോയന്റുമായി മിലാന്‍ രണ്ടാം സ്ഥാനത്താണ്. 52 പോയന്റുള്ള യുവന്റസ് മൂന്നാം സ്ഥാനത്താണുള്ളത്.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കൊളോഗനയും വെര്‍ഡര്‍ ബ്രമനും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. അര്‍മീനിയയും യുണിയന്‍ ബര്‍ലിനും തമ്മിലുള്ള മത്സരവും സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ബയേണ്‍ മ്യൂണിക് 24 കളികളില്‍നിന്നും 55 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തും 53 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here