
ഈ വനിതാ ദിനത്തിൽ തന്‍റെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷിക്കുയകാണ് തിരുവനന്തപുരം വെള്ളറട സ്വദേശി നേശമ്മ മുത്തശ്ശി. ഒരുകാലത്ത് മലയോര ഗ്രാമത്തിന്‍റെ ഏക വൈറ്റാട്ടിയായിരുന്ന നേശമ്മക്ക് പറയാൻ കഥകൾ ഏറെയാണ്.
വാർദ്ധക്യത്തെ തോൽപിച്ച് ഈ വനിതാ ദിനത്തിൽ നൂറ്റി മൂന്നിന്‍റെ നിറവിലാണ് വെള്ളറട കത്തിപ്പാറ ചങ്കിലി സ്വദേശിനി നേശമ്മ മുത്തശ്ശി. ഒത്തിരി ജീവിതങ്ങളുടേയും ജീവനുകളുടേയും നോവും നൊമ്പരവും മാറ്റിയ ഈ അമ്മ നാട്ടുകാരുടെ സ്വന്തം വയറ്റാട്ടി മുത്തശിയാണ്.
വൈദ്യശാസ്ത്രം പോലും പഠിക്കാത്ത ഇവർ തന്‍റെ മരുമകളുടെയും മക്കളുടെയും ഉൾപ്പെടെ അയ്യായിരത്തിലധികം പ്രസവമെടുത്തിട്ടുണ്ട്.1979ലാണ് അവസാനമായി ഒരു ജീവന്‍റെ തുടിപ്പിന് നോശമ്മ താങ്ങായത്.
വന്യമൃഗങ്ങൾ പോലും വകവയ്ക്കാതെയാണ് മലയോരമേഖലയിലെ വിവിധ ഇടങ്ങളിൽ ഈ മുത്തശ്ശി അമ്മ തന്‍റെ സേവനം ഉറപ്പു വരുത്തിയിരുന്നത്. നാഗരികതയ്ക്ക് വഴിമാറി ആശുപത്രികളിൽ ശീതീകരിച്ച പ്രസവ മുറികൾ രൂപംകൊണ്ടെങ്കിലും നേശമ്മയുടെ വൈദഗ്ധ്യം മനസ്സിലാക്കി അന്ന് സർക്കാർപോലും മുത്തശിയെ തേടി എത്തി.
എന്നാൽ കുടുംബത്തിൻറെ ഉത്തരവാദിത്വം കാരണം ജോലിയിൽ പ്രവേശിക്കാനായില്ല. നേരിയ കേൾവി കുറവും, കാഴ്ചക്കുറവും ഒഴിച്ചാൽ പൂർണ്ണ ആരോഗ്യവതിയാണ് ഈ മുത്തശ്ശി.എട്ടു മക്കളും, 18 ചെറുമക്കളും ഉള്ള ഈ മുത്തശ്ശി ഈ മലനാടിന്‍റെ തന്നെ സ്വത്താണ്.
ലൈബ്രറി കൗൺസിൽ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ മുത്തശ്ശിയെ നേരിൽ കണ്ട് ആദരിക്കുന്ന തിരക്കിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here