ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമണത്തിനിടയിലും തന്റെ കര്‍ത്തവ്യ ബോധം കൈവിടാത്ത പ്രവർത്തിച്ച ക്യാമറ പേഴ്സൺ ആയ ഷാജില വനിതാ ദിനത്തെക്കുറിച്ച്

ഷാജിലയെ അത്രപെട്ടെന്ന് സോഷ്യൽ മീഡിയയും മലയാളിയും മറക്കില്ല.ബിജെപി സംഘപരിവാർ ആക്രമണങ്ങൾക്കിടയിൽ,’വിഷ്വല്‍ എടുത്താല്‍ കൊന്നുകളയു’മെന്ന ആക്രോശങ്ങൾക്കിടയിൽ ജോലി തുടർന്ന ഷാജില.കൈരളിയുടെ ക്യാമറ വുമൺ ഷാജില അലി ഫാത്തിമ 

ഷാജിലക്ക് ഈ വനിതാദിനത്തിൽ പറയാനുള്ളത്

2021ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ നമ്മളെത്തി നിൽക്കുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീ-പുരുഷ തുല്യത എന്നത് ഒരു ഭാവനാ സങ്കല്പമാണ്. ഏറെ ദൂരം സഞ്ചരിച്ചാണ് നമ്മൾ ഇന്നു കാണുന്ന സ്ത്രീശാക്തീകരണത്തിലേക്ക് ലോകം എത്തിയതെങ്കിൽ അതിലേറെ ദൂരം ഇനിയും പോകേണ്ടതുണ്ട് ‘തുല്യത’യിലേക്ക് എന്ന അവസ്ഥയിൽ എത്തിച്ചേരാൻ.

ഇന്ന് ജീവിതത്തിൻ്റെ സമസ്തമേഖലകളിലും സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് ശൈശവ ദശയിലാണ് ഇപ്പോഴും. പുരുഷൻമാർ മാത്രം ജോലി ചെയ്തിരുന്ന അല്ലെങ്കില്‍ കൈവശം വെച്ചിരുന്ന മേഖലകളിലെല്ലാം സ്ത്രീ പ്രാതിനിധ്യം ഉണ്ട്. എന്നാൽ കണക്കെടുത്താൽ അത് തുലോം തുച്ഛമാണ്.

ഞാൻ ജോലി ചെയ്യുന്ന വിഭാഗത്തിനെ ക്യാമറാ’മാൻ’ എന്നാണ് പറയുക. പരിചയപ്പെടുന്ന ഭൂരിഭാഗം പേരും ‘പെൺ ക്യാമറാമാനെ’ എന്തു പറയും എന്നാണ് ചോദിക്കുക. ക്യാമറാവുമൺ എന്നതോ ക്യാമറാപേഴ്സൺ എന്നതോ പലർക്കും അന്യമായ പദമാണ്‌. ഇനിയും ധാരാളമായി പെൺകുട്ടികൾ കടന്നു വരേണ്ട ഒരു മേഖലയാണിത്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല എന്ന എൻ്റെ ചിന്ത കൊണ്ടു ചെന്നെത്തിയത്. ലോകമാകെയുള്ള സ്ത്രീ പ്രാതിനിധ്യത്തിൻ്റെ കണക്കെടുപ്പിലാണ്..

എവിടെയാണ് തിരുത്തപ്പെടേണ്ടത്. തീർച്ചയായും കുടുംബങ്ങളിൽ നിന്ന് തന്നെ. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് പ്രാവർത്തികമാക്കാനും നമ്മുടെ പെൺകുട്ടികളിൽ / സ്ത്രീകളിൽ എത്രപേർക്ക് കഴിയുന്നുണ്ട്. എത്രപേർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അവനവനെ സംബന്ധിക്കുന്ന വിഷയങ്ങളിലെങ്കിലും അതിന് കഴിയണ്ടേ..
നോക്കൂ, നമ്മുടെ ചുറ്റുപാടും ഉള്ള ഒരുപാട് സ്ത്രീകൾ മറ്റൊരാളുടെ തീരുമാനത്തിൻ്റെ (തെറ്റായ തീരുമാനത്തിൻ്റെ) പരിണിതഫലം പേറി ജീവിക്കുന്നവരാണ്.

സമൂഹത്തിൻ്റെ മുൻനിര തട്ടിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് പോലും സ്വന്തം മനസ്സു പറയുന്നിടത്തേക്ക് ജീവിതം കൊണ്ടുപോകാൻ സാധിക്കുന്നില്ല. അപ്പോള്‍ സാമൂഹികമായി സാമ്പത്തികമായി വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. സ്വന്തം ഇഷ്ടങ്ങളെ, ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട് അതിനായി പ്രയത്നിച്ച് അത് നേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയണം.

ഒരു മതമോ ജാതിയോ സമുദായമോ സമൂഹമോ ഒന്നും തന്നെ തങ്ങളുടെ മുഴുവന്‍ സ്ത്രീകൾക്കും തുല്യനീതി എന്ന അവസ്ഥയെപ്പറ്റി ചിന്തിക്കുകയോ പറയുകയോ വ്യവസ്ഥ ചെയ്യുകയോ ചെയ്യുന്നില്ല.

ഇവിടെ നമ്മൾ സ്ത്രീകൾക്ക് പരസ്പരം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ജീവിക്കാൻ, വെല്ലുവിളികളെ നേരിടാൻ, പ്രതിസന്ധികളെ അതിജീവിക്കാൻ, മുന്നോട്ട് കുതിക്കാൻ, സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കടന്നുവരാൻ, പൊതുജീവിതം നയിക്കാൻ നമുക്ക് പരസ്പരം ഒരു കൈ സഹായിക്കാം.

ഓരോ പെൺജീവിതവും ഓരോ പോരാട്ടമാണ്. സാഹചര്യങ്ങളോടും വ്യക്തികളോടും ചുറ്റുപാടിനോടും ഒക്കെ പോരാടുമ്പോഴും ഏറ്റവും പ്രധാനം അവനവനെ ജയിക്കുക എന്നതാണ്. നമ്മുടെ കുറവുകളിലേക്കല്ല, കഴിവുകളിലേക്ക് നോക്കുക. നമ്മൾക്ക് വേണ്ടി കൈയ്യടിക്കാൻ ചിലപ്പോൾ ആരുമുണ്ടാകില്ല. എനിക്കാരുമില്ലേ എന്ന് വിലപിക്കാൻ നിൽക്കരുത്. വീഴുന്നിടത്തു നിന്ന് നമ്മൾ തന്നെ നമ്മളെ പിടിച്ചുയർത്തുക. ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അവനവന് വേണ്ടി മാത്രം ചെലവഴിക്കുക.
അവനവനെ സ്നേഹിക്കുക
അവനവനെ ബഹുമാനിക്കുക

വിവേചനം ഇല്ലാത്തൊരു നാളെ നമുക്കായി കാത്തിരിക്കുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here