തപ്സീ, എനിക്കേറ്റവും ഇഷ്ടമുള്ള നിൻ്റെ അവയവത്തെക്കുറിച്ച് !!തപ്സിയെക്കുറിച്ച് ലിജീഷ്‌കുമാർ

വനിതാദിനത്തിൽ തപ്‌സി എന്ന “സ്ത്രീ”യെക്കുറിച്ച് യുവ എഴുത്തുകാരൻ ലിജീഷ് കുമാർ എഴുതിയ കുറിപ്പ് 

”നമ്മളെല്ലാവരും ഒരു ദിവസത്തെ ജീവികൾ മാത്രമാണ്, ഓർമ്മിക്കുന്നവരും ഓർമ്മിക്കപ്പെടുന്നവരും !!”

മാർക്കസ് ഒറീലിയസിന്റെ മെഡിറ്റേഷൻസ് എന്ന പുസ്തകത്തിലൊരിടത്ത് ഇങ്ങനെയുണ്ട്. അമ്മ ദിനങ്ങളിൽ, വനിതാ ദിനങ്ങളിൽ, അങ്ങനെ ചില പ്രത്യേക ദിനങ്ങളിൽ എനിക്ക് ഒറീലിയസിനെ ഓർമ്മവരും. ഇങ്ങനെ ആഘോഷിക്കപ്പെടുന്ന പെണ്ണുങ്ങളേറെയും ഒറീലിയസിന്റെ ഒറ്റ ദിവസത്തെ ജീവികൾ മാത്രമാണെന്ന് തോന്നും. അവരും അവരെ ആഘോഷിക്കുന്നവരും. ഓർമ്മിക്കുന്ന ഞാനും ഓർമ്മിക്കപ്പെടുന്ന നിങ്ങളും എനിക്കങ്ങനെയല്ല എന്ന ആമുഖത്തോടെ തുടങ്ങേണ്ടിയിരിക്കുന്നു തപ്സീ, അല്ലാതെ തുടരുന്നതിൽ കാര്യമില്ല !!

തപ്സീ, എട്ടൊമ്പത് കൊല്ലം മുമ്പാണ് നിങ്ങളെ ഞാനാദ്യം കാണുന്നത്. സ്ഥലം, തിരുവനന്തപുരത്തെ ബീമാ പള്ളി. കച്ചവടക്കാരായ കുറേ പാവം മനുഷ്യരാണ് ബീമാ പള്ളിക്കാർ. മീൻ കച്ചവടമാണ് അവരുടെ മെയിൻ. ഒരു പള്ളിയും അതിനെ ചുറ്റിപ്പറ്റിക്കിടക്കുന്ന മാർക്കറ്റുമാണ് ബീമാ പള്ളിക്കാരുടെ ലോകം. ബീമാ ബീവിയാണ് അവരുടെ നായിക. പെണ്ണുങ്ങളുടെ പേരിലറിയപ്പെടുന്ന ഇത്തരം ലോകങ്ങൾ നമുക്ക് കുറവല്ലേ. ഇക്കഥകളൊക്കെ കേട്ട് സന്ധ്യ ചായുമ്പോൾ ബീമാ പള്ളിയിലൂടെ നടക്കണം, നല്ല രസമാണ്.

ലോക സിനിമകളുടെ കേരള മാർക്കറ്റാണ് ബീമാപള്ളി. അതുകൊണ്ട് തിരുവനന്തപുരത്തെ എന്റെ തീർത്ഥാടന കേന്ദ്രങ്ങളിൽ എപ്പോഴും ബീമാപള്ളി ഉണ്ട്. ഒരിക്കൽ വെട്രിമാരനോട് ഞാനീ കഥ പറഞ്ഞിട്ടുണ്ട്. മരിച്ചവരുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ പത്രക്കടലാസിൽ, ബീമാ പള്ളിയിലെ ഡി.വി.ഡി വില്പനക്കാരൻ ചുരുട്ടിത്തന്ന ജീവനുള്ള ഒരു പടത്തെക്കുറിച്ച്, ആടുകളത്തെക്കുറിച്ച്. തപ്സീ, ഞാൻ ആദ്യം കാണുമ്പോൾ ആടുകളത്തിലെ ആംഗ്ലോ ഇന്ത്യൻ പെൺകുട്ടി ഐറീൻ ആയിരുന്നു നിങ്ങൾ – കൊല്ലം 2011.

2011 ൽ ലോകത്താഞ്ഞടിച്ച ഒരു ചുഴലിക്കാറ്റിൻ്റെ പേരും ഐറീൻ എന്നായിരുന്നു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിത്തുടങ്ങിയ, അനുനിമിഷം ശക്തിയാർജ്ജിച്ച ഒരു ചുഴലിക്കാറ്റിൻ്റെ.

തപ്സിയെ ഞാനോർമ്മിക്കുന്നത് അങ്ങനെയാണ്. ഒരു നിശാപാര്‍ട്ടിക്കിടെ തന്നെ കയറിപ്പിടിക്കുന്ന രാജ് വീര്‍ സിംഗിൻ്റെ തലമണ്ടയടിച്ച് പൊട്ടിക്കുന്ന പിങ്കിലെ മീനല്‍ അറോറ, ഭീകരരായി മുദ്രകുത്തപ്പെടുന്ന ഇന്ത്യൻ മുസ്ലിംങ്ങൾക്ക് വേണ്ടി വാദിച്ച മുൽക്കിലെ ആർതി മുഹമ്മദ്, സാണ്ട് കി ആങ്കിലെ ഷാർപ്പ് ഷൂട്ടർ !! തപ്സി തെരഞ്ഞെടുത്ത പെൺവേഷങ്ങളിലേറെയും തപ്സിയായിരുന്നു.

ഗുരുദ്വാരിലേയ്ക്ക് പോകുന്ന യാത്രക്കിടെ സഹയാത്രക്കാരൻ പിറകില്‍ വന്ന് പിടിച്ച അനുഭവം, കരീന അവതരിപ്പിച്ച ഒരു റേഡിയോ പരിപാടിയിൽ തപ്സിയൊരിക്കൽ പറഞ്ഞിട്ടുണ്ട്. ”പിന്നിലല്ലേ, അറിയാതെ തൊട്ടതാവുമെന്ന് കരുതി ആദ്യം ഞാൻ മൈൻഡ് ചെയ്തില്ല. അടുത്ത വട്ടം അയാളുടെ കൈക്ക് ശക്തി കൂടി. എന്റെ കൈകൾക്ക് അതിനേക്കാൾ ശക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഞാൻ തിരിഞ്ഞു നിന്നു. അന്നയാളോടിയ ഓട്ടം എനിക്കിപ്പോഴും ഓർമയുണ്ട്.” തപ്സി ചിരിച്ചു. എനിക്ക് പിങ്കിലെ മീനൽ അറോറയെ ഓർമ്മ വന്നു.

2019 ലാണ്, ഗോവയിൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നു. ‘വുമൺ ഇൻ ലീഡ്’ എന്ന് തലക്കെട്ടിട്ട ചർച്ചയിൽ വെച്ച് ഒരാൾ എഴുന്നേറ്റുനിന്ന് ചോദിച്ചു, ”ബോളിവുഡ് ഇതിഹാസം അമിതാഭ്‌ ബച്ചനൊപ്പം അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവെക്കാമോ ?” തപ്സി അയാളെ നോക്കി, മൈക്ക് കൈയ്യിലെടുത്തു. ആൾക്കൂട്ടം നിശബ്ദമാണ്. അവളുടെ ശബ്ദമുയർന്നു, ”അത് കേൾക്കാനാണോ നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ?

ആർക്കൊപ്പമെങ്കിലും ഞാനുണ്ടായിരുന്നതിന്റെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്ന നിലവാരത്തിലാണോ ഐ.എഫ്.എഫ്.ഐ യുടെ പ്രേക്ഷകർ ? സോറി.” കഴിഞ്ഞു !! തുടർ സംഭാഷണങ്ങളില്ല, തുടർ വിവരണങ്ങളില്ല, ഭാവവ്യത്യാസമില്ല. എനിക്ക് സാണ്ട് കി ആങ്കിലെ ഷാർപ്പ് ഷൂട്ടറെ ഓർമ്മ വന്നു. ഇതാണ് തപ്സി,

ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ദേശദ്രോഹമല്ല എന്നും, സംഭാഷണങ്ങളിലൂടെ മാത്രമേ നമുക്ക് മുമ്പോട്ടു പോകാനാകൂ എന്നും, അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ദുഃഖകരമാണ് എന്നും രാജ്യത്തോട് സംസാരിച്ച സിനിമാക്കാരി. ഭരണഘടന എവിടെ എന്നും, ഒരു മതത്തെ മാത്രം ഉന്നം വെയ്ക്കുന്നത് എന്നെ അസ്വസ്ഥതയാക്കുന്നുവെന്നും മോദിയോടും അമിത് ഷായോടും കലഹിച്ച സിനിമാക്കാരി. ജെ.എൻ.യുവിലെ കുട്ടികൾക്കും, അർബൻ നക്സലുകൾക്കുമൊപ്പം കസേരയിട്ടിരുന്ന സിനിമാക്കാരി. മാന്യത എന്നൊന്നുണ്ട്, പോയി അത് പ്രാക്ടീസ് ചെയ്ത് കൂടെ എന്ന അർണബ് ഗോസ്വാമിയോട് ചോദിച്ച സിനിമാക്കാരി. കർഷക സമരത്തെ പിന്തുണയ്ക്കുന്നത് രാജ്യത്തിൻ്റെ ഐക്യം തകർക്കുമെന്ന് പറഞ്ഞവരോട്, ”മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്” എന്ന് മറുപടി പറഞ്ഞ സിനിമാക്കാരി. ആൽബർ കമുവിൻ്റെ ഒരു പ്രയോഗമുണ്ട്, ‘വൺ ഡസ് നോട്ട് ആൻസർ എ ഗട്ടർ’ എന്ന് – ആരും ഓടയ്ക്കു മറുപടി പറയാറില്ല എന്ന്. മൗനത്തിലായപ്പോൾ പോലും തപ്സിയുടെ മുഖത്തെ ചിരിയിൽ ഈ മറുപടിയായിരുന്നു. ഇവളാണ്, ഈ സിനിമാക്കാരിയാണ്, എൻ്റെ നായിക.

2011 ലെ ഐറീൻ മുതൽ ഇന്നോളമുള്ള അവളുടെ ചലിച്ചിത്ര ജീവിതത്തെ ഒറ്റവാക്കിൽ അടയാളപ്പെടുത്താൻ പറഞ്ഞാൽ ഞാൻ പറയും, അനുനിമിഷം ശക്തിയാർജ്ജിച്ച ഒരു ചുഴലിക്കാറ്റ് എന്ന്. ഐറീൻ വിതച്ച നാശങ്ങളെക്കുറിച്ച് അന്ന് അമേരിക്കൻ ഭരണകൂടത്തിൻ്റെ ഒരു പത്രക്കുറിപ്പുണ്ടായിരുന്നു, അതവസാനിക്കുന്നത് ഇങ്ങനെയാണ് : ക്ഷമയോടെ നേരിടുക – ഇതും നമ്മളതിജീവിക്കും !!

തപ്സീ, അമേരിക്കയല്ല – ഇന്ത്യ. അനുനിമിഷം ശക്തിയാർജ്ജിച്ച് നിങ്ങളാഞ്ഞു വീശുമ്പോൾ, ‘ക്ഷമയോടെ നേരിടുക – ഇതും നമ്മളതിജീവിക്കും’ എന്ന് ക്യാബിനറ്റ് നോട്ടെഴുതില്ല ഇന്ത്യ. ആദായ നികുതി വകുപ്പുകാരുടെ മുതൽ ആയുധധാരികളുടെ വരെ ഒരു വലിയ പടയുണ്ട് ഇവിടെ ഭരണകൂടത്തെ കാക്കാൻ. ഭരണകൂടത്തിൻ്റെ ദുരന്ത നിവാരണ സേനയുടെ ആദ്യ വിസിറ്റാണ് ഇപ്പോൾ കഴിഞ്ഞത്. പ്രതിഷേധങ്ങൾ ഇതുകൊണ്ടൊന്നും അവസാനിക്കില്ല എന്ന് നിങ്ങൾ പറയുമ്പോൾ എനിക്കോർമ്മ വന്നത് അമേരിക്കയുടെ പ്രസിഡൻ്റായിരുന്ന കെന്നഡിയെയാണ്. പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവന്‍ മനുഷ്യനല്ലെന്ന് പറഞ്ഞത് അയാളാണ്, വെടിയേറ്റായിരുന്നു കെന്നഡിയുടെ മരണം. തപ്സീ, റെയ്ഡ് കൊണ്ടൊന്നും ഒന്നും അവസാനിക്കില്ല. ഒടുവിൽ ഗൗരിലങ്കേഷിനെ തേടിച്ചെന്നത് റെയ്ഡായിരുന്നില്ല. നിങ്ങളെ, അനുരാഗ് കശ്യപ് എന്ന നിങ്ങളുടെ ക്രൈം പാർട്ണറെ, ഒക്കെ കാത്തിരിക്കുന്നത് അതാണ്.

ആദരാതിശയമുള്ള കണ്ണുകൾ കൊണ്ട് ഇനിയുമൊരുപാടു കാലം എനിക്ക് നിങ്ങളെ പിന്തുടരണം, സൂക്ഷിക്കണമെന്നെഴുതി നിർത്തുന്നത് അതുകൊണ്ടാണ്. എനിക്ക് നിങ്ങളെ ഇഷ്ടമായതു കൊണ്ട്.ഇഷ്ടത്തിൻ്റെ ഒരു കഥ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. 2018 ഡിസംബറിലാണത്, തപ്സിയുടെ ഫോട്ടോയ്ക്കടിയിൽ അക്കു പാണ്ഡെ എന്നൊരാൾ കമൻ്റ് ചെയ്തു: ”എനിക്ക് നിങ്ങളുടെ ശരീരാവയവങ്ങള്‍ ഭയങ്കര ഇഷ്ടമാണ്.” പിന്നാലെ വന്നു, twitter.com/PandeyAku വിനെ ടാഗ് ചെയ്ത് തപ്സിയുടെ മറുപടി: ”Wow !! I like them too. BTW which is your favourite ? Mine is the cerebrum.”

അത് തന്നെ എഴുതി അവസാനിപ്പിക്കുന്നു തപ്സീ, എനിക്കും ഭയങ്കര ഇഷ്ടമാണ് – നിങ്ങടെ സെറിബ്രം. ലോകമിന്ന് വനിതാ ദിനം കൊണ്ടാടുകയാണ്. പ്രിയപ്പെട്ട ആണുങ്ങളേ, നിങ്ങളിൽ പെണ്ണുങ്ങളുടെ തലച്ചോറിനെ കാമിക്കുന്നവർ കൈ ഉയർത്തിയാലും.
Lijeesh Kumar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News