കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമായി; മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നും എ വിജയരാഘവന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമായെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലങ്ങളാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളായി പുറത്തുവരുന്നത്. എതിരാളികളെ കരിവാരിത്തേക്കാന്‍ ജുഡീഷ്യറിയുടെ വേദിപോലും ഉപയോഗിക്കുകയാണ് കേന്ദ്രഭരണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സ്വപ്ന സുരേശിന്‍റെ മൊ‍ഴി കസ്റ്റഡിയില്‍ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും രേഖപ്പെടുത്തിയതെന്നും കേസില്‍ കക്ഷിയായ സൂപ്രണ്ടിനെ മറ്റിനിര്‍ത്തി കസ്റ്റംസ് കമ്മീഷണര്‍ പ്രസ്ഥാവന സമര്‍പ്പിച്ചത് അന്വേഷിക്കണമെന്നും, സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്കും അമിത് ഷായ്ക്കും ഒരേ സ്വരമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അമിത് ഷായുടെ മകന്‍റെ കമ്പനി 1500 ശതമാനം വളര്‍ച്ച നേടിയത് എങ്ങനെയെന്നും കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എ വിജയരാഘവന്‍ ദേശാഭിമാനിയിലെ‍ഴുതിയ ലേഖനത്തിന്‍റെ പൂര്‍ണ രൂപം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തു വന്ന് ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒന്നാമതായി, സ്വർണക്കടത്തു കേസിലും കെട്ടിച്ചമച്ച ഡോളർ കടത്തുകേസിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും ബന്ധപ്പെടുത്താൻ നടന്ന ഗൂഢാലോചന ഉന്നതതലത്തിലുള്ളതാണ്. ബിജെപിയുടെ കേന്ദ്ര നേതൃത്വം മോഡി സർക്കാരിനെ ഉപയോഗിച്ച് ആസൂത്രണം ചെയ്തതാണ് ഇതൊക്കെ.

രണ്ട്: ബിജെപി സാധാരണ രാഷ്ട്രീയകക്ഷിയല്ല. ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ഫാസിസ്റ്റ് രീതിയിൽ പ്രവർത്തിക്കുന്ന ആ പാർടി രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്താനും നിശ്ശബ്ദമാക്കാനും ഏതറ്റംവരെയും പോകും. അതിനെ ന്യായീകരിക്കാൻ എന്തു പച്ചനുണയും വിളിച്ചുപറയും. ഇക്കാര്യത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രനും അമിത് ഷായും തമ്മിൽ വ്യത്യാസമൊന്നുമില്ല.

മൂന്ന്: രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ കരിവാരിത്തേക്കാനുള്ള ഗൂഢപദ്ധതി കേന്ദ്രഏജൻസികളെ ഉപയോഗിച്ച് നടപ്പാക്കാൻ തുടങ്ങിയത് 2020 ജൂലൈയിലാണ്. കേന്ദ്ര ഏജൻസികൾക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങളെക്കൂടി അണിനിരത്തിയിട്ടും ജനങ്ങൾ ഈ കഥകളൊന്നും വിശ്വസിച്ചില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ അവർ തിരിച്ചടി നൽകുകയും ചെയ്തു. അതിന്റെ നൈരാശ്യം അമിത് ഷായുടെ നിലവാരംകെട്ട വാക്കുകളിൽ പ്രതിഫലിച്ചിരുന്നു.

നാല്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപിയുടെയും കോൺഗ്രസിന്റെയും ദേശീയനേതാക്കളും ഒരുപോലെയാണ് സംസാരിക്കുന്നത്. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുൽ ഗാന്ധി ആരോപിച്ചതും.ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കിൽ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു വർഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെ അവതരിപ്പിക്കണമെന്ന് തർക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016ൽ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബിജെപി ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കൽ സുഗമമാക്കാൻ സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയില്ല. ബിജെപി ജയിച്ചത് അവർ തമ്മിലുള്ള ധാരണ രഹസ്യമായതുകൊണ്ടായിരുന്നു. പരസ്യമാകുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് 1991ൽ നടത്തിയ വടകര (ലോക്‌സഭ), ബേപ്പൂർ (നിയമസഭ) പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ്. ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കാൻ പോകുന്നത്.

എൽഡിഎഫ് ഭരിച്ച അഞ്ചുവർഷത്തിനിടയിൽ പല തെരഞ്ഞെടുപ്പുകൾ നടന്നു. ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല

യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം ശരിക്കും മനസ്സിലാക്കിയ ജനങ്ങൾ ബിജെപിക്ക് ഒരു സീറ്റ്പോലും നൽകില്ല. എൽഡിഎഫ് ഭരിച്ച അഞ്ചുവർഷത്തിനിടയിൽ പല തെരഞ്ഞെടുപ്പുകൾ നടന്നു. ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല. കേന്ദ്രഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടവും പ്രസക്തിയും.

കേരളത്തെ മികച്ച സംസ്ഥാനമാക്കുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. എല്ലാ ജാതിമത വിഭാഗവും ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നാടാണ് കേരളം. ഈ ഒരുമയും സമാധാനവും സാമൂഹ്യമൈത്രിയും തകർക്കാർ ഒരു വർഗീയശക്തിയെയും അനുവദിക്കില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി വിദ്യാഭ്യാസവും തിരിച്ചറിവുമുള്ള കേരളത്തിലെ ജനങ്ങൾക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളം അഴിമതിയുടെ കേന്ദ്രമായി എന്ന അമിത് ഷായുടെ ആരോപണം മറുപടി അർഹിക്കുന്നില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള ബഹുമതി കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലഭിച്ചത് കേരളത്തിനാണ്‌

ഏഴുവർഷംകൊണ്ട് രാജ്യം കുട്ടിച്ചോറാക്കിയ പാർടിയാണ് കേരളത്തിന് മികച്ച ഭരണം ഓഫർ ചെയ്യുന്നത്. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം രണ്ടുകാര്യമാണ് കേന്ദ്രസർക്കാർ വിജയകരമായി നടപ്പാക്കുന്നത്. ഒന്ന്, വർഗീയ ധ്രുവീകരണം. രണ്ട്, സാമ്പത്തിക പരിഷ്കരണമെന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയും സ്വന്തക്കാരായ ചുരുക്കം കോർപറേറ്റുകളെ വളർത്തുകയും ചെയ്യുക. കള്ളപ്പണം തടയാനെന്ന പേരിൽ കൊണ്ടുവന്ന നോട്ട്‌ നിരോധനം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കി. തലതിരിഞ്ഞ രീതിയിൽ ജിഎസ്ടി നടപ്പാക്കിയപ്പോൾ സാമ്പത്തികരംഗം അലങ്കോലമായി. ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. കാർഷികമേഖല തകർന്നു. ഇതിനിടയിലാണ് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ പിഴിയുന്നത്. കേരളം അഴിമതിയുടെ കേന്ദ്രമായി എന്ന അമിത് ഷായുടെ ആരോപണം മറുപടി അർഹിക്കുന്നില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള ബഹുമതി കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലഭിച്ചത് കേരളത്തിനാണ്‌. അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് കുസം ഫിൻസർവീസ് എന്ന ഒരു കമ്പനിയുണ്ട്. കോർപറേറ്റ് അഫയേഴ്സ് വിഭാഗത്തിന് വാർഷിക കണക്കുപോലും ഫയൽ ചെയ്യാത്ത കമ്പനി. 2015 മുതൽ 2019 വരെയുള്ള നാലുവർഷംകൊണ്ട് കമ്പനിക്കുണ്ടായ വളർച്ച 14,929 ശതമാനം. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽനിന്ന് എടുത്ത കണക്കാണിത്. ഇതാണ് ഇവരുടെ തനിനിറം.

തിരുവനന്തപുരത്തെ പ്രസംഗത്തിൽ അമിത് ഷാ സ്വർണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എൻഐഎയും അന്വേഷിക്കാൻ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വർണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന്‌ എൻഐഎയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായിൽ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നില്ല?

നയതന്ത്ര ബാഗേജ് വഴി 23 തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയെന്നാണ് കണ്ടെത്തിയത്. ഈ സ്വർണമൊക്കെ ആര് കൊണ്ടുപോയി? ആർക്കാണ് കിട്ടിയത്? അതൊന്നും അന്വേഷിക്കുന്നില്ല. നയതന്ത്ര ബാഗേജ് വഴി ഇത്രയധികം സ്വർണം ഇവിടേക്ക് വന്നിട്ടുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം അതിന് കിട്ടിയിട്ടുണ്ടാകും, തീർച്ച. കസ്റ്റംസുകാരെ പിടിച്ചോ?

സ്വർണം കടത്തിയത് നയതന്ത്രബാഗേജ് വഴി അല്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചുവോ? വിദേശകാര്യവകുപ്പിൽ ഗൾഫ് മേഖലയുടെ ചുമതലയുള്ള മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തമുണ്ട്. നയതന്ത്രബാഗേജ് കള്ളക്കടത്തിന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് സമാധാനം പറയേണ്ടത് വിദേശകാര്യ വകുപ്പാണ്. വി മുരളീധരന് ഈ കേസിലുള്ള അമിതതാൽപ്പര്യം ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്. നയതന്ത്രബാഗേജിലല്ല സ്വർണം വന്നതെന്ന് കോൺസൽ ജനറലിനെക്കൊണ്ട് എഴുതിക്കൊടുപ്പിക്കാൻ ബിജെപിയുടെ ടിവി ചാനൽ എഡിറ്റർ വഴി നടത്തിയ ശ്രമത്തിന് പിന്നിലും വി മുരളീധരനാണെന്ന ആരോപണവും നിലനിൽക്കുകയാണ്. ഇറക്കുമതി ചെയ്ത ഈത്തപ്പഴത്തിനകത്തും ഖുർആൻ കോപ്പികളിലും സ്വർണം ഒളിപ്പിച്ചുകടത്തി എന്ന് പ്രചരിപ്പിച്ചിരുന്നില്ലേ. അതിന്റെ പേരിൽ ഒരു മന്ത്രിയെ മൂന്നു ഏജൻസി മാറി മാറി ചോദ്യം ചെയ്തില്ലേ. എന്നിട്ട് ആ കേസ് ഇപ്പോൾ എവിടെ? അമിത് ഷാകൂടി മറുപടി പറയേണ്ട ചോദ്യങ്ങളാണ് ഇതൊക്കെ.

ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി 200–-250 ടൺ സ്വർണമാണ് കള്ളക്കടത്തായി വരുന്നത്. അതു നിർബാധം തുടരുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മാഫിയയാണ് ഇതിനുപിന്നിൽ. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കുന്നതാണ് കള്ളക്കടത്ത് എന്നതിൽ തർക്കമില്ല. അതുപറഞ്ഞാണ്, കേരളത്തിലെ കള്ളക്കടത്തു കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഒരു തെളിവും പ്രതികൾക്കെതിരെ ഹാജരാക്കിയില്ല. യുഎപിഎ കോടതി റദ്ദാക്കി. പ്രതികൾക്ക് ജാമ്യം കിട്ടി. കസ്റ്റംസ് കൊഫേപോസ ചുമത്തിയതുകൊണ്ടു മാത്രമാണ് ചില പ്രതികൾ ഇപ്പോഴും ജയിലിൽ കഴിയുന്നത്.

നീതിപൂർവകമായി അന്വേഷണം നടത്തി കേസുകൾ തെളിയിക്കുന്നതിന് പകരം, ബിജെപിയുടെ ക്വട്ടേഷൻസംഘങ്ങളായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വർണക്കടത്തു കേസിൽ ഹൈക്കോടതിയിൽ മാർച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമീഷണർ സമർപ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ പുതിയ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായവേദികൾപോലും ദുരുപയോഗിക്കാൻ കേന്ദ്രഏജൻസികൾക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികൾ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്.

കസ്റ്റംസ് കമീഷണർ ഹൈക്കോടതിയിൽ എന്താണ് എഴുതിക്കൊടുത്തതെന്ന് നോക്കാം. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദേശപ്രകാരം വിദേശനാണ്യക്കള്ളക്കടത്ത് നടത്തിയെന്ന് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയെന്നാണ് പറയുന്നത്. ഇങ്ങനെയൊരു ആരോപണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉന്നയിക്കാൻ ദീർഘനാളത്തെ ഗൂഢാലോചനയും ഗൂഢപ്രവൃത്തിയും കസ്റ്റംസ് നടത്തിയിട്ടുണ്ടെന്ന് പകൽപോലെ വ്യക്തമാണ്. അതിനുള്ള തെളിവുകൾ ഇതാണ്.

സ്വപ്നയുടെ രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും കോടതിയിൽ തെളിവ് കൊണ്ടുവരേണ്ട ബാധ്യത സ്വപ്ന സുരേഷിനാണെന്നും പറഞ്ഞ് കസ്റ്റംസ് കൈയൊഴിയുന്നു. ഒരു അന്വേഷണ ഏജൻസി ഇത്രയും നെറികെട്ട രീതിയിൽ കോടതിക്കു മുമ്പിൽ പ്രവർത്തിച്ച ചരിത്രം നാം വേറെ കേട്ടിട്ടില്ല. ആരോപണം എന്തുകൊണ്ട് ഇവർ അന്വേഷിച്ചില്ല? സ്വർണമായാലും വിദേശനാണ്യമായാലും കള്ളക്കടത്ത് തടയാൻ ബാധ്യതപ്പെട്ടത് കസ്റ്റംസല്ലേ?

കസ്റ്റംസിന് ഒരു കാര്യവുമില്ലാത്ത ഒരു കേസിലാണ് ഹൈക്കോടതിയിൽ ഈ പ്രസ്താവന നൽകിയത്. സ്വപ്ന സുരേഷിന് ജയിലിൽ മതിയായ സുരക്ഷയില്ലെന്ന പരാതി വന്നപ്പോൾ സാമ്പത്തിക കുറ്റങ്ങൾക്കുള്ള അഡീഷൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഈ പരാമർശങ്ങൾ നീക്കാൻ ജയിൽ ഡിജിപി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് കസ്റ്റംസിന്റെ പൂഴിക്കടകൻ. ഈ കേസിൽ രണ്ടാം എതിർകക്ഷിയായി കസ്റ്റംസ് സൂപ്രണ്ടിനെ ചേർത്തത് ഔപചാരികമായ നടപടി മാത്രമാണ്. കസ്റ്റംസിനോട് ഹൈക്കോടതി എന്തെങ്കിലും ചോദിക്കുകയോ പ്രസ്താവന ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല.

ദീർഘകാലം മൂന്ന് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സ്വപ്ന സുരേഷിനെ പീഡിപ്പിച്ചും സമ്മർദം ചെലുത്തിയും കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചും രഹസ്യമൊഴി എടുപ്പിച്ചതാണെന്ന് വ്യക്തമാണ്. രഹസ്യമൊഴി കോടതി മുമ്പാകെ നൽകാൻ കസ്റ്റംസ് സമ്മർദം ചെലുത്തിയപ്പോൾ അതിനുള്ള അപേക്ഷ കോടതിയിൽ നൽകാൻ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ തയ്യാറായിരുന്നില്ല. തുടർന്ന്, കസ്റ്റംസ് തന്നെയാണ് അതിന് അപേക്ഷ നൽകുന്നത്‌. ഇതും കസ്റ്റംസിന്റെ ദുരുദ്ദേശ്യം സൂചിപ്പിക്കുന്നതാണ്.

ആഴ്ചകളോളം കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പല തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ മൊഴികൾ തെളിവായി കണക്കാക്കുകയും ചെയ്യും. എന്നിട്ടും സിആർപിസി 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി കൊടുപ്പിച്ചതിന് പിന്നിലെ കളി വ്യക്തമാണ്. നേരത്തേ പല ഏജൻസികൾക്ക് മുമ്പിൽ പലതവണ കൊടുത്ത മൊഴികളിലൊന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഒന്നും ഉണ്ടായിരുന്നില്ല. അതിനുവേണ്ടി പ്രതിയെ മാനസികമായി പരുവപ്പെടുത്തി കോടതിക്കു മുമ്പിലേക്ക് തള്ളിവിട്ടതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.പ്രതിയുടെ രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കാനുള്ള നിയമബാധ്യത അന്വേഷണ ഏജൻസിക്കാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറിയാണ് പ്രസ്താവന നൽകിയത്.

ജയിൽ സൂപ്രണ്ട് നൽകിയ ഹർജിയിൽ നിയമപരമായ ബാധ്യത നിറവേറ്റാൻ രണ്ടാം എതിർകക്ഷിയാക്കിയത് പ്രിവന്റീവ് കസ്റ്റംസ് സൂപ്രണ്ടിനെയായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തി കമീഷണർ പ്രസ്താവന നൽകിയതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. കമീഷണറുടെ നിർദേശപ്രകാരം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥനാണോ സൂപ്രണ്ട്? സൂപ്രണ്ട് നൽകുന്ന പ്രസ്താവനയും കമീഷണർ നൽകുന്ന പ്രസ്താവനയും നിയമത്തിന് മുമ്പിൽ തുല്യമാണെന്നിരിക്കെ ഇദ്ദേഹം എന്തിനാണ് ചാടിപ്പുറപ്പെട്ടത്?

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായത്. നീതിപൂർവകമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ കേന്ദ്രഏജൻസികളെ തുടലഴിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം. അത്ഭുതമില്ല. തെരഞ്ഞെടുപ്പ് കമീഷനും റിസർവ്ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി വരുതിയിലാക്കിയിട്ടുണ്ട്. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂ.

കേന്ദ്രഏജൻസികളുടെ കണ്ണുരുട്ടലിൽ പേടിക്കുന്നവരല്ല ഇടതുപക്ഷമെന്ന് ബിജെപി മനസ്സിലാക്കണം. ജനങ്ങളെ അണിനിരത്തി ഇതിനെയെല്ലാം രാഷ്ട്രീയമായി നേരിടാനുള്ള കരുത്തും ആർജവവും ഇടതുപക്ഷത്തിനുണ്ട്. അതോടൊപ്പം നിയമപരമായ വഴികളും നോക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here