കോന്നിക്ക് പിന്നാലെ റാന്നിയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; റിങ്കു ചെറിയാനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍

പത്തനംതിട്ടയിലെ റാന്നി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ എഐസിസിയ്ക്ക് കത്തു നല്‍കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തലയുയര്‍ത്തിയ കോന്നി മണ്ഡലത്തിലെ പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ റാന്നിയും കോണ്‍ഗ്രസിന് തലവേദനയായി മാറുന്നു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാനെ പരിഗണിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും റിങ്കു ചെറിയാന്‍ ഉണ്ട്. റിങ്കു ചെറിയാന്റെ മാതാവ് കെപിസിസി സെക്രട്ടറിയായിരുന്ന മറിയാമ്മ ചെറിയാന്‍ റാന്നിയില്‍ 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫിലെ രാജു എബ്രഹാമിനെക്കാള്‍ പതിനയ്യായിരം വോട്ട് കുറവാണ് നേടിയത്.

റിങ്കു ചെറിയാന് പൊതു ജനസമ്മതിയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ പരാജയം ഉറപ്പാണെന്ന് തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ.ഡ്വ.ജയവര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഐസിസിയ്ക്ക് കത്തയച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയവരെപ്പോലും പരിഗണിക്കാതെയാണ നേതൃത്വം ഈ നീക്കം നടത്തുന്നതെന്ന് അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു.

ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും റാന്നിയ്ക്കായി നീക്കം നടത്തുന്നതായാണ് സൂചന. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ റാന്നി സീറ്റ് വച്ചു മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ജോസഫ് വിഭാഗം ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. അതേസമയം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിച്ചമട്ടാണ്. ഒരു വിഭാഗം നേതാക്കള്‍ എഐസിസിയെ സമീപിച്ച കാര്യം പോലും അറിഞ്ഞില്ലെന്ന മട്ടിലാണ് പല മുതിര്‍ന്ന നേതാക്കളുടെയും പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News