യൂത്ത്കോണ്‍ഗ്രസ് നിര്‍ദേശം പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി; നേതാക്കളെ കു‍ഴക്കി ചുരുക്കപ്പട്ടിക; പരിഗണനാ പട്ടികയില്‍ കുടുങ്ങി കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡിനെയും ഇടപെടലോടെ അന്തിമ തീരുമാനത്തിലേക്കെത്താൻ കഴിയാതെ കോണ്ഗ്രസ് പരിഗണന പട്ടിക. ചുരുക്കപ്പട്ടികയെന്ന ഹൈക്കമാൻഡ് നിർദേശവും, യൂത്ത് കോണ്ഗ്രസ് ആവശ്യങ്ങൾ പരിഗണിക്കാനുള്ള രാഹുലിന്റെ ഇടപെടലുമാണ് നേതൃത്വത്തെ കുഴക്കുന്നത്.

അതേ സമയം ഇന്ന് ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയിൽ ഒരു തീരുമാനത്തിലേക്ക് എത്താൻ കഴിയുമെന്ന നിലപാടിലാണ് നേതാക്കൾ. അതിനിടയിൽ കെപിസിസി അധ്യക്ഷ പദവി വഹിച്ചുകൊണ്ട് മാത്രമേ മത്സരിക്കു എന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെയും പ്രതിഷേധം ശക്തമായി.

ഭിന്നതകളും തർക്കങ്ങളും പരിഹരിച്ചു നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് മുന്നിൽ ചുരുക്കപ്പട്ടിക നൽകാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ജംബോ പട്ടിക വെട്ടിച്ചുരുക്കാൻ ഹൈക്കമാൻഡ് കർശന നിർദേശം നൽകിയിരുന്നു. ഇതിന് പുറമെ രാഹുൽ ഗാന്ധിയും യൂത്ത് കോണ്ഗ്രസിന്റെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള പട്ടിക തയ്യറാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഓരോ ജില്ലയിലും ഒരു വനിത സ്ഥാനാർത്ഥി എന്ന നിലയിൽ കുറഞ്ഞത് 14 വനിതകൾ വേണം, 5 തവണയിൽ കൂടുതൽ മത്സരിച്ചവരെ മാറ്റി നിർത്തണം തുടങ്ങിയ ആവശ്യങ്ങളും നേതൃത്വത്തിന് മുന്നിലുണ്ട്. അതേ സമയം യൂത്ത്‌ കോണ്ഗ്രസിന്റെ ആവശ്യം തള്ളി കെസി ജോസഫിന് വീണ്ടും സീറ്റ് നൽകാൻ തീരുമാനിച്ചാൽ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങൾ നീങ്ങുകയെന്ന് യൂത്ത്‌ കോണ്ഗ്രസ് മുന്നറിയിപ്പും നൽകുന്നുണ്ട്.

സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ തീരുമാനം ഉണ്ടെങ്കിലും വെച്ചുമാരുന്നതിനെതിരായ പ്രതിഷേധവും നേതാക്കൾക്ക് തലവേദനായാണ്. ഈ സഹചര്യത്തിൽ ഇന്നലെ എംപിമാരുടെ നിർദേശങ്ങൾ ആരാഞ്ഞിരുന്നു. പട്ടിക ഗ്രൂപ്പ് അതീതമാകണമെന്ന ആവശ്യം രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ ഉന്നയിച്ചിട്ടുണ്ട്. അതേ സമയം ഇന്നും സ്ക്രീനിംഗ് കമ്മറ്റി യോഗം തുടരും. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ അന്തിമ ധാരണ ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News