മാർച്ച് രണ്ടിനാണ് ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് അപകടമുണ്ടായത്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഫഹദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് ഉള്ളത്.
ഫഹദിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ . “ആൾ ഈസ് വെൽ,” എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. ഫഹദ് വിശ്രമിക്കുന്ന ഒരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.
‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.
ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫാസിലാണ്.
Get real time update about this post categories directly on your device, subscribe now.