സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ് സഖ്യമെന്ന് സമ്മതിച്ച് ചെന്നിത്തല; കേരളത്തിന് പുറത്ത് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന അമിത് ഷാ കേരളത്തില്‍ നിശബ്ദനായത് തെളിവ്; തിരുത്താതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടെന്ന് പരസ്യമായി സമ്മതിച്ചത്.

ഒരു ഭാഗത്ത് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്ത് ബിജെപി-സിപിഐഎം ബന്ധം ഉണ്ടെന്ന പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തുമ്പോ‍ഴാണ് സ്വന്തം പാര്‍ട്ടിക്കാരുടെ ആരോപണത്തെ ഉദാഹരണ സഹിതം പൊ‍ളിക്കുകയാണ് ചെന്നിത്തല

ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ

‘രാജ്യത്ത് ഏത് ഭാഗത്ത് രാഷ്ട്രീയ പ്രസംഗം നടത്തുമ്പോ‍ഴും അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കാറുണ്ട് എന്നാല്‍ കേരളത്തില്‍ വന്നപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കാണും അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ എവിടെയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചില്ല ഇതില്‍ നിന്നും സഖ്യവും കൂട്ടുകെട്ടും ആരൊക്കെ തമ്മിലെന്ന് വ്യക്തമായില്ലേ എന്ന് ചോദിക്കുന്ന ചെന്നിത്തല ആ സഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും സമ്മതിക്കുന്നു’.

ഡിസിസി നേതാക്കളായ പലരും കോണ്‍ഗ്രസ്-ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജിയുള്‍പ്പെടെ പ്രഖ്യാപിക്കുന്ന വേളയിലാണ് ഈ ആരോപണത്തെ തെളിവ് സഹിതം ചെന്നിത്തല ബലപ്പെടുത്തുന്നതെന്നും ശ്രദ്ധേയം.

മുന്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്-ബിജെപി സഖ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്യമായി ഇതിനെ തള്ളിപ്പറയുന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചിരുന്നത് എന്നാല്‍ ഇതാദ്യമായാണ് പ്രതിപക്ഷ നേതാവുതന്നെ ബിജെപി-കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്തുണ്ടെന്ന് പരസ്യമായി പത്രസമ്മേളനത്തില്‍ സമ്മതിക്കുന്നത്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സമീപത്ത് ഇരുത്തിയാണ് ചെന്നിത്തലയുടെ പ്രസ്ഥാവനയെന്നതും ഇരുവരും ചെന്നിത്തലയുടെ പ്രസ്ഥാവന തിരുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here