മോദിയുടെ ഭരണചരിത്രത്തില്‍ അടയാളപ്പെടുത്തിയത് മൗലികാവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന കുറ്റകൃത്യങ്ങള്‍ ; കര്‍ഷകസമരത്തെ പിന്തുണച്ചും മോദിക്കെതിരെ ആഞ്ഞടിച്ചും ബ്രിട്ടീഷ് പാര്‍ലമെന്റ്

കര്‍ഷകസമരത്തിന് പിന്തുണനല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചും ബ്രിട്ടീഷ് പാര്‍ലമെന്റ് രംഗത്തെത്തി. ‘ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബ്രിട്ടനിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടണം എന്ന ആവശ്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉയര്‍ന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത എംപിമാര്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സംസാരിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷികമേഖലയെ സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് വില്‍ക്കുന്നതാണെന്ന് സ്‌കോട്ടലണ്ടില്‍ നിന്നുള്ള എംപി മാര്‍ട്ടിന്‍ ഡേയ് പറഞ്ഞു. നികുതി നിയന്ത്രണവും പരിമിതികളും ഇല്ലാതെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ ഇത് വഴിവെക്കും.

പ്രതിഷേധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രതിഷേധക്കാര്‍ക്കെതിരെ മോഡി സര്‍ക്കാര്‍ ഉപയോഗിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ നിരന്തരമായ ഏറ്റുമുട്ടലുകളും ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നുവെന്നും മാര്‍ട്ടിന്‍ ഡേയ് വ്യക്തമാക്കി. കര്‍ഷകരുടെ മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ചേദിച്ചു, സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ റദ്ദാക്കി, സമരഭൂമിയില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, കഠിനമായ തണുപ്പില്‍ ഒട്ടേറെ കര്‍ഷകര്‍ മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കും കൃഷിക്കാര്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ഫെബ്രുവരി 9ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികാര നടപടികളുടെ ഭയമില്ലാതെ സത്യസന്ധമായും സ്വതന്ത്രമായും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ ജെറെമി കൊര്‍ബിന്‍ അതിരൂക്ഷമായാണ് മോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ചത്. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന കുറ്റകൃത്യങ്ങള്‍ മോദിയുടെ ഭരണചരിത്രത്തില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ടെന്നും, അതിനാല്‍ മോഡിക്കെതിരെയും സര്‍ക്കാരിനെതിരെയും ഉപരോധം ഏറെപ്പെടുത്തണമെന്നും ജെറെമി കൊര്‍ബിന്‍ പറഞ്ഞു.

ഉപരോധത്തിലൂടെ മോദിയുടെ യുകെയിലേക്കുള്ള പ്രവേശനം വിലക്കണം. മോഡി സര്‍ക്കാര്‍ ജനദ്രോഹ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കും വരെ മോഡിയുടെയും മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബ്രിട്ടനിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടണമെന്നും കൊര്‍ബിന്‍ ആവശ്യപ്പെട്ടു.

പതിവില്‍ കവിഞ്ഞ പങ്കാളിത്തവും ഇന്ത്യന്‍ കര്‍ഷകര്‍ക്കുള്ള പിന്തുണയുമാണ് ചര്‍ച്ചയില്‍ ഉടനീളം കണ്ടത്. ഇരുപത്തഞ്ചോളം എംപിമാര്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും മാധ്യമസ്വാതന്ത്ര്യം ഇന്ത്യ ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടും സംസാരിച്ചു.

ബ്രിട്ടന് ഇന്ത്യയുമായി സൗഹൃദബന്ധമാണുള്ളത്, ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭാവികാസങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് നയതന്ത്രത്തിന്റെയും സൗഹൃദത്തിന്റെയും പരാജയം ആയിരിക്കും എന്ന് ഉപസംഹരിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ട് നടന്ന പാലര്‍മെന്റ് ചര്‍ച്ച അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe