തല്ല് തീരാതെ തിരുവമ്പാടി; ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ഐ ഗ്രൂപ്പ്; സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ഗ്രൂപ്പ് നേതാക്കള്‍

തിരുവമ്പാടി കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവർ.

മാർച്ച് 20 ന് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഉപവാസം സംഘടിപ്പിക്കാൻ തിരുവമ്പാടിയിൽ ചേർന്ന യോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി സംഖ്യത്തെ എതിർത്തവരെ പുറത്താക്കിയ നടപടി പുനപരിശോധിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

കോഴിക്കോട് ഡി സി സി ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേതൃത്വം നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് തിരുവമ്പാടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന ഭീഷണിയുമായി പ്രതിഷേധിച്ചവർ രംഗത്ത് വന്നത്.

പ്രതികാര നടപടിയുമായി നേതൃത്വം മുന്നോട്ട് പോകുന്നതിനാൽ മാർച്ച് 20 ന് ഡി സി സി ക്ക് മുന്നിൽ ഉപവാസം സംഘടിപ്പിക്കാൻ തിരുവമ്പാടിയിൽ ചേർന്ന ഐ ഗ്രൂപ്പ് പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. പ്രതിഷേധിച്ചവർ 7 ദിവസത്തിനുള്ളിൽ വിശദികരണം നൽകണമെന്ന നിർദേശം തള്ളിയാണ് സമ്മർദ്ദം ശക്തമാക്കാൻ പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം.

മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, നാല് ബ്ലോക്ക് സെക്രട്ടറിമാർ ഉൾപ്പെടെ ഏഴ് പേരോട് ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ DCC പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുക്കത്ത് വെൽഫയർ പാർട്ടി സംഖ്യത്തെ എതിർത്ത പ്രാദേശിക കോൺഗ്രസ് നേതാക്കളെ പുറത്താക്കിയതാണ് പ്രശ്നത്തിന് കാരണം.

മുൻ മണ്ഡലം പ്രസിഡൻ്റ് എൻ.പി.ഷംസുദ്ദീൻ, മുതിർന്ന നേതാവ് കെ.സി മൂസ്സ എന്നിവർക്കെതിരെ എടുത്ത സസ്പൻഷൻ പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപ്പടി എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ ഏഴ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാർ ഒപ്പിട്ട നിവേദനം കെ.പി.സി.സി പ്രസിഡൻ്റിന് നൽകിയിട്ടുണ്ട്. ഇത് വലിയ തലവേദനയായി നിൽക്കുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ നിലപാട് എടുത്തവർ കടുത്ത നടപടിയിലേക്ക് പോകും എന്ന മുന്നറിയിപ്പ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here