നിറത്തിന്റെ പേരിൽ വിവേചനം; മേഗന്റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം

അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഉന്നയിച്ച വംശീയാധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി ബെക്കിങ്ഹാം കൊട്ടാരം. അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു. രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കും.

“ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന വെളിപ്പെടുത്തല്‍ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവരെപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കും” ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ഹാരിയും മേഗനും ഓപ്ര വിന്‍ഫ്രിക്കു നൽകിയ അഭിമുഖത്തിലാണു രാജകുടുംബത്തില്‍നിന്നു നേരിട്ട അവഗണനകളുടെ കഥ വിവരിച്ചത്. ഹാരിയുമായുള്ള വിവാഹശേഷം രാജകുടുംബാംഗങ്ങളുമൊത്തുള്ള ജീവിതം തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നുവെന്നു മേഗന്‍ പറഞ്ഞു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് എത്രമാത്രം കറുത്തതായിരിക്കുമെന്നുവരെ രാജകുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും മേഗൻ ആരോപിച്ചു.

“എന്റെ മകൻ ആർച്ചിക്ക് ഇപ്പോൾ ഒരു വയസുണ്ട്. അവന്റെ ജനനത്തിനു മുൻപുതന്നെ അവന്റെ നിറം എന്തായിരിക്കുമെന്നുളള ചർച്ചകൾ രാജകുടുംബത്തിലുണ്ടായി. കുഞ്ഞ് കറുത്തതാകുമോയെന്ന ഭയം രാജകുടുംബത്തിനുണ്ടായിരുന്നു. കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന വിവരം ഹാരിയാണ് എന്നോടു പങ്കുവച്ചത്,” മേഗൻ പറഞ്ഞു. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമാണ്.

വിവാഹശേഷം വിചാരിച്ചതിലും ഭീകരമായിരുന്നു കൊട്ടാരത്തിലെ ജീവിതം. ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. മാനസിക സംഘർഷങ്ങൾ മറികടക്കാൻ കൊട്ടാരത്തിൽനിന്ന് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കപ്പെട്ടുവെന്നും അതെന്നെ വളരയധികം വേദനിപ്പിച്ചുവെന്നും മേഗൻ വ്യക്തമാക്കി.

മേഗനിൽ ആത്മഹത്യ ചിന്തകൾ ഉണ്ടായിരുന്നതായി ഹാരിയും അഭിമുഖത്തിൽ പറഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു സഹായത്തിനുപോലും ആരുമുണ്ടായിരുന്നില്ല. മേഗനെക്കുറിച്ചു വംശീയാധിക്ഷേപം ഉന്നയിക്കുന്ന വാർത്തകളും ലേഖനങ്ങളും വന്നപ്പോൾ രാജകുടുംബത്തിലെ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാതിരുന്നത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ഹാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News