കരുത്തുറ്റ നിര; കളംപിടിക്കാന്‍ എല്‍ഡിഎഫ്‌

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎം ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.

ഒമ്പത് സ്വതന്ത്രരുള്‍പ്പെടെ 83 സ്ഥാനാര്‍ത്ഥികളടങ്ങുന്നതാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷം വര്‍ഗീയതയ്ക്ക് കീഴടങ്ങാത്ത രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനായെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

അസാധ്യമെന്ന് കരുതി നടപ്പാക്കാനാകാതെ ഉപേക്ഷിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനായി. അഴിമതിരഹിത ഭരണം യാഥാര്‍ത്ഥ്യമാക്കി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് തയ്യാറാക്കിയിട്ടുണ്ടെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടിക അവതരിപ്പിച്ചുകൊണ്ടായിരുന്നു എ വിജയരാഘവന്റെ പ്രതികരണം.

സീറ്റുകളുടെ കാര്യത്തില്‍ സിപിഐഎം വലിയ വിട്ടുവീഴ്ച ചെയ്തുവെന്ന് എ വിജയരാഘവന്‍. ഘടകകക്ഷികളും സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്തു.

പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രമല്ല, സംഘടനപ്രവര്‍ത്തനവും വലുതാണ്. അംഗീകാരത്തിന്റെ അളവുകോല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം ആണെന്ന് സിപിഐഎം കരുതുന്നില്ല. ആരെയും ഒഴിവാക്കലല്ല, പുതിയ ആളുകള്‍ക്ക് അവസരം നല്‍ുന്നതിനാണ് രണ്ട് തവണ എന്ന മാനദണ്ഡം നടപ്പാക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

എല്ലാ തലത്തിലുമുള്ള കമ്മിറ്റികളുടെ അഭിപ്രായമറിഞ്ഞതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി അന്തിമ പട്ടിക തയ്യാറാക്കിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എം മണി, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ ഇത്തവണയും മത്സരിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ.കെ ശൈലജ ടീച്ചര്‍, ടി. പി രാമകൃഷ്ണന്‍, എം.എം മണി, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

വിദ്യാര്‍ത്ഥി, യുവജന വിഭാഗത്തില്‍ നിന്ന് 13 പേരെയാണ് സിപിഐഎം മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മുപ്പത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള നാല് പേരാണ് മത്സരരംഗത്തുള്ളത്. 12 വനിതകളും സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചു.

ദേവികുളം, മഞ്ചേശ്വരം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം പിന്നീടുണ്ടാകും.

കേരള കോണ്‍ഗ്രസ് എം 13 സീറ്റുകളിലാണ് മത്സരിക്കുക. പുതിയ ഘടകകക്ഷിക്കായി എല്‍ഡിഎപിലെ എല്ലാ പാര്‍ട്ടികളും നല്ല വിട്ടുവീഴ്ച ചെയ്തു. അഞ്ച് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ ഏഴ് സീറ്റുകളാണ് സിപിഐഎം വിട്ടുനല്‍കിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി വി. പി സാനു മത്സരിക്കുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News