മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കുതിച്ചു ചാട്ടം; നിസ്സഹായാവസ്ഥയിൽ മഹാനഗരം

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 13,659 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9,913 രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. 54 മരണങ്ങളും സംസ്ഥാനം റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 22,52,057 ആയി രേഖപ്പെടുത്തി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,99,207. മരണസംഖ്യ 52,610, നിലവിൽ 99,008 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിലെ നിലവിലെ സ്ഥിതിയും അതി രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ നഗരത്തിൽ 1,539 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് പുറകെയാണ് നഗരത്തിലെ ഏക ദിന കണക്കുകൾ ഇന്ന് 1500 കടക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതിന് മുൻപ് മാർച്ച് 8 നാണ് മുംബൈയിൽ 1,361 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 28 നായിരുന്നു നഗരത്തിൽ 1,354 കേസുകൾ റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ നില നിൽക്കുമ്പോഴാണ് ഏക ദിന കേസുകളിലെ ഉയർന്ന കണക്കുകൾ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.

പൂനെ, താനെ, അമരാവതി എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ നിരവധി ജില്ലകൾ ഭാഗികമായ ലോക് ഡൗണിലൂടെ നിയന്ത്രണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഇന്ന് വലിയ വെല്ലുവിളിയിലൂടെയാണ് കടന്നു പോകുന്നത്. ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെങ്കിലും കോവിഡ് -19 അണുബാധയുടെ വ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.

എന്നാൽ നഗരം അടച്ചിടുന്നതിനോട് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വിയോജിപ്പ് പ്രകടിപ്പിച്ചു. പകരം സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ നിയന്ത്രണങ്ങൾ നടപ്പാക്കുവാനാണ് നഗരസഭയുടെ തീരുമാനം.

മുംബൈയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു ഉടനെ തന്നെ ലോക്ക്ഡൗൺ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൌൺ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഫെബ്രുവരി 16 വരെ മുംബൈയിൽ രോഗവ്യാപനം നിയന്ത്രണവിധേയമായിരുന്നു. പുതിയ കേസുകൾ അഞ്ഞൂറിൽ താഴെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഫെബ്രുവരി 17 മുതൽ വലിയ കുതിച്ചുചാട്ടത്തിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here