‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് വിജയഭേരിമുഴക്കാന്‍ കേരളത്തിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് മുന്‍കയ്യെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ നിയമസഭയില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് പേരുദോഷം വരുത്തുന്നതൊന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ഉറച്ചുവിശ്വാസം. ഇനിയും ആ രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് സംസാരിച്ചു കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെയും പിണറായി വിജയന്‍ ആഞ്ഞടിച്ചു. അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണിവര്‍. വീണ്ടും അതേ മാര്‍ഗ്ഗം സ്വീകരിക്കുകയാണിവര്‍. എല്ലാവരും ഒന്നിച്ചിട്ട്, കേന്ദ്രഏജന്‍സികളും ബിജെപിയും കോണ്‍ഗ്രസും എല്ലാവരും ഒന്നിച്ചു. എല്ലാവരും കൂടി നുണയുടെ കെട്ട് അഴിച്ചുവിടാനാണ് പോകുന്നത്. ഒരു കാര്യമേ നാം ചെയ്യേണ്ടതുള്ളൂ. എന്താണ് നേര്, എന്താണ് ഈ നുണയുടെ യഥാര്‍ത്ഥ സ്ഥിതി. എന്നത് ആളുകളെ അറിയിക്കണം. ഈ മണ്ഡലത്തില്‍ ഇത്തവണയും ഞാന്‍ മത്സരിക്കണമെന്നാണ് സിപിഐഎം തീരുമാനിച്ച് പ്രഖ്യാപിച്ചതെന്നും പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ….

”അവര് പറഞ്ഞു, ഞങ്ങള്‍ അധികാരത്തിലേറിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന്. എന്തൊരു ക്രൂരതയാണിത്. ഈ പാവങ്ങള്‍ എന്ത് പിഴച്ചു. അവര്‍ക്ക് സ്വന്തമായി വീട് വേണ്ടേ. നാട് വികസിച്ചുവരുമ്പോള്‍ അവരെയും ചേര്‍ത്തു പിടിക്കണ്ടേ. ആ പാവങ്ങളെ കയ്യൊഴിയാന്‍ പാടുണ്ടോ. എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഉള്ളത് മാത്രമല്ല, നല്‍കിയിട്ടുള്ള അപേക്ഷകളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കുമെന്നാണ് ആവര്‍ത്തിച്ച് വ്യക്തമാക്കാനുള്ളത്.

എങ്ങനെ ഇങ്ങനെയൊരു ക്രൂരമനസ്ഥിതി കൊണ്ടുനടക്കാന്‍ കഴിയും. നമ്മുടെ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയത്. ആദ്യം ഘട്ടം നോട്ടുനിരോധനത്തിന്റെ സമയത്താണ്. പക്ഷെ സഹകരിച്ചില്ല.

പ്രളയം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനൊപ്പമാണ് ദുരന്തസ്ഥലങ്ങളില്‍ സന്ദര്‍ശിച്ചത്. എന്തിനായിരുന്നു അത്. നാടിന്റെ മുന്നിലൊരു സന്ദേശം. ദുരന്തകാലമാണ്. നാം ഒന്നിച്ച് അതിജീവിക്കാന്‍ ശ്രമിക്കണം. എന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച നില എന്താണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനായി ശ്രമിച്ചു.

നൂറ്റാണ്ടിലെ പ്രളയം, ഡാം തുറന്നുവിട്ട് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന് പ്രചരിപ്പിച്ചു. പഠനം നടത്തിയ ഏജന്‍സികളും വിദഗ്ദരുമെല്ലാം പറഞ്ഞത്, ആ ദിവസങ്ങളിലെല്ലാം അതിതീവ്രമഴയാണ് ഉണ്ടായതെന്നാണ്. ശക്തമായ മലവെള്ളപ്പാച്ചില്‍. ക്രമീകരണങ്ങള്‍ നടത്തി ഡാം തുറന്നത് ഉചിതമായ നടപടിയായിരുന്നു. ആ മലവെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്നായിരുന്നു. എന്നാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫ്, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ശ്രമിച്ചത്.

കുറച്ചൊരു ഭാഗം കഴിഞ്ഞദിവസം അമിത് ഷാ ഇവിടെ വന്നപ്പോള്‍ പറഞ്ഞു. രണ്ടുകൂട്ടരും ഒരുപോലെയാണല്ലോ ഇപ്പോള്‍ വര്‍ത്തമാനം പറയുന്നത്. പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഇവിടെ എന്തോ മോശമായി പോയെന്ന്. പ്രകൃതിദുരന്തം വന്നാല്‍ എല്ലായിടത്തും ഒരുപോലെയാണ് ട്ടോ. ഇന്നത്തെ പ്രധാനമന്ത്രി, അന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അവിടെയൊരു ദുരന്തമുണ്ടായത്. ഇവരുടെ പ്രത്യേക കഴിവുകൊണ്ട് അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞോ.

ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തെല്ലാം ദുരന്തങ്ങളുണ്ടായി. ദുരന്തത്തെ ദുരന്തമായി കാണണം. അതില്‍ രാഷ്ട്രീയം കാണരുത്. ദുരന്തത്തിന് ഇരയായവരെ അങ്ങനെ കാണണം. അവരെ പേരുകള്‍ വച്ച് വേര്‍തിരിച്ച് കാണരുത്. ആ നെറികേട് കാണിച്ച് ശീലമുള്ളവര്‍ക്കേ, ഇവിടെ നടന്ന പ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയൂ.

ഇവിടെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തു പിടിക്കുകയാണ് ചെയ്തത്. ഒന്നിച്ചാണ് കാര്യങ്ങള്‍ നീക്കിയത്. നര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഇനിയൊരു ദുരന്തമുണ്ടായാല്‍ തകരാത്ത നിലയിലായിരിക്കണം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. അതിന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അറിവുകള്‍ തേടി. അതെല്ലാമാണ് ഇവിടെ നടന്നത്. അതിനാണ് നാം നേതൃത്വം കൊടുത്തത്.

നമ്മുടെ രാജ്യത്ത് ഭരണം നടത്തുന്നവര്‍, ജനങ്ങളെ പ്രത്യേകം അറകളിലാക്കാന്‍ താല്‍പര്യമുള്ളവരാണ്. ഭിന്നിപ്പിച്ച് നിര്‍ത്താനാണ് അവര്‍ക്ക് താല്‍പര്യം. അതിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. ആ നിയമം വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കിലെന്നായിരുന്നു ഇടതുസര്‍ക്കാരിന്റെയും നിലപാട്.

നിയമത്തിനെതിരായ പ്രതിഷേധത്തിന് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. കേരളത്തിന്റെ വികാരവും പ്രതിഷേധവും ഒന്നിച്ചുകാണിക്കണം. അതിന് വേണ്ടി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. ഇവിടെയൊരു കെപിസിസി, അവര് യോഗം ചേര്‍ന്ന് തീരുമാനിച്ചു. ഇതില്‍ സഹകരിക്കാന്‍ പാടില്ലെന്ന്. എന്താണ് ഈ നിലപാടിന്റെ അര്‍ത്ഥം. ഒന്നിച്ച് നിന്നാലുള്ള ശക്തി വേറൊന്നാണ്. അതിന്റെ കരുത്ത് എത്ര വലുതാണ്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള സമീപനമാണ് അവര്‍ സ്വീകരിച്ചത്. അത് പാടില്ലായിരുന്നു.

2016ല്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള പരിപാടി ആരംഭിച്ചപ്പോള്‍, നമുക്ക് ഒന്നിച്ച് പ്രതിഷേധിക്കാമെന്ന് ഇതേ നേതാക്കളോട് പറഞ്ഞു. അന്നും അവര്‍ തീരുമാനിച്ചു, ഒന്നിച്ചു വേണ്ട. എന്താണ്, ഈ നാടിന്റെ ഒന്നിച്ചുള്ള വികാരത്തിന് തടസമായി എന്തിന് നില്‍ക്കുന്നു. ആ വികാരം ബിജെപിക്ക് എതിരായിട്ടാണ്. കേന്ദ്രസര്‍ക്കാരിന് എതിരായിട്ടാണ്.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികള്‍ക്കെതിരായിട്ടാണ്. എന്താണ് ഇത്തരം കാര്യങ്ങളില്‍ യോജിച്ച് നില്‍ക്കാന്‍ പ്രയാസം. ഇതാണ് നമ്മുടെ നാട്ടിലെ പ്രതിപക്ഷത്തിന്റെ സമീപനം. ഇതെല്ലാം വിലയിരുത്താനുള്ള സമയമാണിത്. ഈ കാര്യങ്ങളെല്ലാം നാട്ടുകാരും വോട്ടര്‍മാരും വിശദമായി വിലയിരുത്തുന്ന സമയമാണിത്. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട് പ്രബുദ്ധമായ നാടാണ്. കൃത്യമായ വിലയിരുത്തലാണ് ജനം നടത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ നുണയുടെ മലവെള്ളപ്പാച്ചിലായിരുന്നു. അതില്‍ എല്‍ഡിഎഫിനെ ഒഴിക്കി കളയാമെന്നായിരുന്നു നുണപ്രചാരകര്‍ നടത്തിയത്. അപ്പോള്‍ നാട്ടിലെ ജനം ഒറ്റക്കെട്ടായി. അവരുടെ കരങ്ങള്‍ ചേര്‍ത്ത് എല്‍ഡിഎഫിനെ പിടിച്ചു. എല്‍ഡിഎഫിനെ വിട്ടുനല്‍കില്ലെന്ന് അവര്‍ കൃത്യമായി പറഞ്ഞു. അതാണ് ഈ നാട്. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here