അംബാനിക്ക് ബോംബ് ഭീഷണി; കേന്ദ്ര നടപടിയിൽ ദുരൂഹതയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയ കേസിന്‍റെ തുടർന്നുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഏറ്റെടുത്തു. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എൻ.ഐ.എ. സംഘത്തിന് മഹാരാഷ്ട്ര പോലീസിന്റെ ക്രൈംബ്രാഞ്ച് മേധാവി കേസിന്റെ വിശദാംശങ്ങൾ കൈമാറി. ഇതിന് പുറകെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മഹാരാഷ്ട്ര പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് എൻ.ഐ.എ.ക്കു കൈമാറിയ കേന്ദ്ര നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. അതെന്താണെന്ന് കണ്ടെത്തുമെന്നും താക്കറെ പറഞ്ഞു. അന്വേഷണം കൈമാറിയതിൽ എതിർപ്പുണ്ടെങ്കിലും എൻ.ഐ. എ.യുമായി സഹകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് വ്യക്തമാക്കിയത്.

വാഹനം കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര സർക്കാർ ഭീകരവിരുദ്ധസേനയെ (എ.ടി.എസ്.) ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്രസർക്കാർ കേസ് എൻ.ഐ.എ.യ്ക്ക് കൈമാറിയത്. എന്നാൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എ.ടി.എസ്. തുടരും.

ഫെബ്രുവരി 17-ന് ഹിരേനിനെ മുംബൈയിലെത്തിച്ച ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തു. തന്റെ സ്കോർപ്പിയോ വാഹനം മോഷണം പോയെന്നാണ് ഹിരേൻ പൊലീസിന് മൊഴി നൽകിയിരുന്നത്. ഈ വാഹനമാണ് സ്ഫോടകവസ്തുക്കളുമായി ഫെബ്രുവരി 25-ന് അംബാനിയുടെ വസതിയായ ആന്റിലിയയിൽ നിന്ന് 600 മീറ്റർ അകലെയുള്ള കാർമൈക്കൽ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഏകദേശം 2.5 കിലോ വരെ തൂക്കം വരുന്ന 20 ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച പച്ച സ്കോർപിയോയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത ഭീഷണി കത്തും കണ്ടെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത കേന്ദ്ര ഏജൻസി സ്‌കോർപിയോ പരിശോധിച്ച ശേഷം സംഭവ സ്ഥലവും സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News