
ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേട്ടയാടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം നടക്കുന്ന പുതിയ കാലത്ത് 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന കുറിപ്പ് വൈറല്‍.
1956 ലെ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചതിനെക്കാള്‍ ഏറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച കമ്യൂണിസ്റ്റ് നേതാവ് എംപി കുഞ്ഞിരാമനെയും 50 വര്‍ഷങ്ങള്‍ക്കിപ്പുറം അതേമണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അദ്ദേഹത്തിന്‍റെ ചെറുമകന്‍ അഡ്വ. സികെ പ്രമോദിനെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
1965. സിപിഐഎം നേതാക്കളെ “ചൈനാ ചാരന്മാർ” എന്ന് മുദ്രകുത്തി വേട്ടയാടുന്ന കാലം. പലരെയും ജയിലിലടച്ചു. പിന്നാലെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പും വന്നു. ജയിലിൽ കിടന്നുതന്നെ സഖാക്കൾ ജനവിധി തേടി.
പ്രചരണം ദുഷ്കരം. വോട്ടർമാരെ നേരിൽ കാണാൻ കഴിയാത്ത സ്ഥാനാർത്ഥികൾ. ഗോളിയില്ലാത്ത കളിക്കളം. എതിരാളികൾക്ക് പറയാൻ വേണ്ടുവോളം കഥകൾ. ഔദ്യോഗികവും അല്ലാത്തതുമായ മാധ്യമങ്ങളിൽ “രാജ്യദ്രോഹി”കളെന്ന ആക്ഷേപം കൊടുമ്പിരിക്കൊണ്ടു. മറുപടി പറയാൻ പാവം പാർടി സഖാക്കൾ മാത്രം. അതും മഹാഭൂരിപക്ഷവും കർഷകത്തൊഴിലാളികളും ഇടത്തരക്കാരും.ഫലം വന്നു. “രാജ്യദ്രോഹി”കളുടെ പാർടി നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 44 എംഎൽഎമാർ. അതിൽ 29 പേരും, ഫലം വരുമ്പോഴും ജയിലിലായിരുന്നു. സ്ഥാനാർത്ഥികളെ നേരിൽ കാണണമെന്നോ മുഖദാവിൽ വോട്ടു ചോദിക്കണമെന്നോ ഒന്നും, വോട്ടു ചെയ്യുന്നവർക്ക് ഒരു നിർബന്ധവുമുണ്ടായിരുന്നില്ല.
പാർടിയെ സ്നേഹിച്ച, പാർടിയെ വിശ്വസിച്ച സഖാക്കളുടെ മനസിളക്കാൻ ഒരു കോലാഹലങ്ങൾക്കും കഴിഞ്ഞില്ല. പ്രചരണശാസ്ത്രത്തിൻ്റെ സിദ്ധാന്തങ്ങൾ കടപുഴകിയ തിരഞ്ഞെടുപ്പു ഫലം….അതിലൊരാൾ, മലമ്പുഴയിൽ നിന്ന് വിജയിച്ച സഖാവ് എം പി കുഞ്ഞിരാമൻ. ജയിലിൽ കിടന്ന സഖാവിൻ്റെ ഭൂരിപക്ഷം 14,351. പരാജയപ്പെട്ടത് കോൺഗ്രസിൻ്റെ സി വി രാമചന്ദ്രൻ. സഖാവിൻ്റെ ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് ആകെ കിട്ടിയ വോട്ട് (13484).
1967ൽ സഖാവ് വീണ്ടും മലമ്പുഴയുടെ ജനപ്രതിനിധിയായി. അന്ന് ഭൂരിപക്ഷം 15869. സി വി രാമചന്ദ്രൻ തന്നെയായിരുന്നു എതിരാളി. സഖാവ് എംപിയുടെ ഭൂരിപക്ഷത്തിനു താഴെയായിരുന്നു അപ്പോഴും എതിരാളിയുടെ ആകെ വോട്ട് (11585).സഖാവ് കുഞ്ഞിരാമൻ പിന്നീട് സിപിഐഎമ്മിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി. കർഷകത്തൊഴിലാളി സംഘത്തിൻ്റെ ജില്ലാ സെക്രട്ടറിയായി.
അമ്പത്താറു വർഷത്തിനു ശേഷം വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലം. കേന്ദ്ര ഏജൻസികളും കേന്ദ്രസർക്കാരും ഇന്നും സിപിഐഎം നേതാക്കൾക്കു പിറകെയുണ്ട്. ഉശിരും വീര്യവും തരിമ്പും ചോരാതെ പാർടിയും പാർടി സഖാക്കളും. ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്പും തോൽക്കുന്ന ഉൾക്കരുത്തോടെ പടനിലത്ത് നിവർന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നിൽ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ….അവിടെ സഖാവ് എം. പി. കുഞ്ഞിരാമൻ്റെ ചെറുമകനുണ്ട്. ജയിലിൽ കിടന്നും എതിരാളിയുടെ ആകെ വോട്ടിനേക്കാൾ ഭൂരിപക്ഷം നേടിയ സഖാവ് കുഞ്ഞിരാമൻ്റെ ചെറുമകൻ. പാലക്കാട് നിന്ന് ജനവിധി തേടുന്ന സഖാവ്. അഡ്വ. സി. പി. പ്രമോദ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here