ഇന്ന്​ ലോക വൃക്ക ദിനം: വൃക്ക രോഗങ്ങളെ എങ്ങനെ തടയാം

നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങില്‍ ഒന്നാണ് വൃക്ക. അതിനെ ഓർമിക്കുന്ന ദിവസമാണ് മാർച്ചിലെ രണ്ടാമത്തെ വ്യാഴം. അതായത് വൃക്ക ദിനം. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻസും ഇന്റർനാഷനൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും കൂടിയാണ് വൃക്കകള്‍ക്കും ഒരു ദിനം കൽപ്പിച്ചു കൊടുതത്ത്.

ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി വൃക്ക രോഗങ്ങൾ മാറിയതിന്‍റെ അനുസ്മരണ ദിനം. അതോടൊപ്പം, ആരോഗ്യമുള്ളൊരു നാളേക്ക് ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ദിനം.വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് വൃക്ക ദിനാചരണത്തിന്‍റെ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്ന രോഗമായി കഴിഞ്ഞിരിക്കുന്നു വൃക്ക രോഗം. വൃക്ക രോഗങ്ങള്‍ നിശബ്ദ കൊലയാളികളാണന്ന കാര്യം പലര്‍ക്കും അറിയില്ല. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ നമുക്കിന്ന് സുപരിചിതമായിരിക്കുന്നു. സമീപഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തല്‍.

വൃക്കരോഗം ഏതു പ്രായത്തിലുള്ളവര്‍ക്കും പിടിപെടാം. എന്നാലും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പാരമ്പര്യമായി വൃക്കരോഗമുള്ള കുടുംബാംഗങ്ങള്‍, പ്രായമായവര്‍, പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പാരമ്പര്യമായി ഉള്ളവര്‍ എന്നിവര്‍ക്ക് വൃക്ക രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

വൃക്കരോഗങ്ങള്‍ തടയാന്‍

  • പ്രമേഹം പൂര്‍ണമായും നിയന്ത്രണവിധേയമാക്കുക. കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ ഷുഗര്‍ നിലയും കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റുകളും നടത്തുക.

  • രക്തസമ്മര്‍ദം നോര്‍മലായി നിലനിര്‍ത്തുക. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ബി.പി. പരിശോധിച്ചറിയുക. ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ പ്രതിമാസ ബി.പി. പരിശോധന നടത്തണം.

  • വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.

  • ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉപ്പിലിട്ട ഇനങ്ങള്‍, വറവു        പലഹാരങ്ങള്‍, ഉപ്പൊഴിച്ച് കഴിക്കുക എന്നിവ ഒഴിവാക്കുക.

  •  പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം.

  • കൃത്യമായി വ്യായാമം ചെയ്ത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുക, പൊണ്ണത്തടി വരാതെ നോക്കണം.

  • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.

  • വേദനസംഹാരികളുടെ അമിത ഉപയോഗവും ദുരുപയോഗവും ഒഴിവാക്കുക.

  • ഡോക്ടറുടെ നിര്‍ദേശാനുസരണമല്ലാതെ ഒരു മരുന്നും ഉപയോഗിക്കരുത്.

  • വൃക്കയിലും മൂത്രനാളിയിലും കല്ലുണ്ടെങ്കില്‍ ചികിത്സിച്ചു മാറ്റുക.

  • മാനസിക പിരിമുറുക്കം ഒഴിവാക്കി ജീവിക്കാന്‍ ശീലിക്കുക. വിശ്രാന്തിക്കായി യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here