പാര്‍ട്ടി വളര്‍ത്തിയ, പാര്‍ട്ടിക്കൊപ്പം വളര്‍ന്ന സ്റ്റീഫന്‍; അരുവിക്കരയില്‍ പുതുചരിത്രമെഴുതും

സി പി ഐ ( എം ) കാട്ടാക്കട ഏര്യാ കമ്മിറ്റിയുടെ അമരക്കാരനായ സ. ജി. സ്റ്റീഫൻ പാർട്ടി ഏൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായി പാർട്ടി സഖാവിനെ പരിഗണിക്കുമ്പോൾ, അത്‌ ഈ പാർട്ടിക്ക്‌ മാത്രം കഴിയുന്ന ഒരു വിപ്ലവമായി മാറുന്നതും സഖാവിനെ അറിയുന്നവർക്ക്‌ അത്‌ അർഹതയ്ക്കുള്ള അംഗീകാരമായി തോന്നുന്നതും ആ സഖാവിന്റെ പോരാട്ടങ്ങളുടെ നേർക്കാഴ്ച കൊണ്ടു തന്നെയാണ്..!!

അക്ഷരാർത്ഥത്തിൽ ഈ പാർട്ടിയുടെ നേരവകാശിയാണു സ: സ്റ്റീഫൻ. ആറാം വയസ്സിൽ അമ്മയും ഒമ്പതാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട് അനാഥനായിപ്പോയ ആ ഒമ്പത്‌ വയസ്സുകാരൻ പിന്നീട്‌ കാട്ടാക്കടയിലെ പാർട്ടിയുടെ മകനായി മാറുകയായിരുന്നു. താമസവും ഭക്ഷണവും ഉറക്കവുമെല്ലാം ബന്ധു വീടുകളിലും പാർട്ടി ഓഫീസിലും, അടുത്ത ബന്ധുക്കളായി സഖാക്കളും ഓഫീസ്‌ ചുമരിലെ സ: ലെനിൻ മുതൽ എ കെ ജി വരെയുള്ളവരുടെ ചിത്രങ്ങളും. ഒമ്പതാം വയസിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി പകച്ചു നിന്ന ആ ബാലന് താങ്ങും തണലും ജീവിതവഴിയിലെ വെളിച്ചവുമായി പാർട്ടി മാറുകയായിരുന്നു. അതുകൊണ്ട്‌ തന്നെ താൻ അനാഥനാണെന്ന തോന്നൽ സ: സ്റ്റീഫനു ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. അങ്ങനെ തോന്നാൻ സ്റ്റീഫനെ പാർട്ടി അനുവദിച്ചിട്ടുമില്ല.

ബാലസംഘത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ സ. സ്റ്റീഫന് വയസ്സ്‌ പതിനാല്‌, തുടർന്ന് ബാലസംഘം കാട്ടാക്കട ഏര്യാ പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം, കാട്ടാക്കട കുളത്തുമ്മൽ സ്കൂളിൽ എസ്‌ എഫ്‌ ഐ യൂണിറ്റ്‌ സെക്രട്ടറി, കാട്ടാക്കട ഏര്യാ സെക്രട്ടറി, ഏര്യാ പ്രസിഡന്റ്‌ എന്നിങ്ങനെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി. പഠനം അപ്പോഴേക്കും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എത്തിയിരുന്നു. സ. സ്റ്റീഫൻ ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ടത് ആ കാലത്തായിരുന്നു. കെ എസ്‌ യു വിന്റെ കുത്തകയായിരുന്ന കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി സഖാവ്‌ വിജയിച്ച്‌ കയറുമ്പോൾ സ്റ്റീഫനെ അറിയുന്ന ആർക്കും അതിൽ അത്ഭുതമൊന്നും തോന്നിയില്ല.

പ്രീഡിഗ്രിയും ബിരുദവും ഉയർന്ന മാർക്കോടെ പാസ്സായി. തുടർന്ന് ഡി വൈ എഫ്‌ ഐ കിള്ളി യൂണിറ്റ്‌ സെക്രട്ടറിയായി. ഒപ്പം ലോ അക്കാദമിയിൽ നിയമപഠനവും. പഠനത്തിനും പോരാട്ടങ്ങൾക്കുമിടയിൽ എല്ലാ കാലവും പാർട്ടിയെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇതിനിടയിലും സഖാവ്‌ കുറച്ച്‌ സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷിയും ആരംഭിച്ചു. അതിരാവിലെ തന്റെ താമസസ്ഥലമായ പാർട്ടി ഓഫീസിൽ നിന്നും എണീറ്റ്‌ തന്റെ കൃഷിയിടത്തിൽ പോയി പണിയെടുക്കുക, അതിൽ നിന്നുള്ള വരുമാനം കൊണ്ട്‌ വിദ്യാഭ്യാസത്തിനും ചിലവിനുള്ള വക കണ്ടെത്തുക. വേലയിൽ വിളയുന്ന വിദ്യാഭ്യാസം സ്വന്തം ജീവിതത്തിൽ പകർത്തിയാണ് സ. സ്റ്റീഫൻ തന്റെ അക്കാദമികനേട്ടങ്ങളൊക്കെയും കരസ്ഥമാക്കിയത്. പഠനവും സംഘടനയും ജീവിതവും ഒരുമിച്ച്‌ കൊണ്ടുപോകാൻ സഖാവിനു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ല. ഉണ്ടെങ്കിലും പറയാൻ ഈ പാർട്ടിയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല താനും.

1995- 96ൽ കേരള സർവ്വകലാശാലാ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു സ. സ്റ്റീഫൻ. സർവകലാശാലാ യൂണിയൻ ചരിത്രത്തിലെ സുവർണ്ണകാലങ്ങളിലൊന്നായിരുന്നു ആ കാലം. സംഘടനയിൽ എസ്‌ എഫ്‌ ഐ ജില്ലാ ജോ: സെക്രട്ടറിയായിരുന്നു അക്കാലയളവിൽ. അക്കാലങ്ങളിലെ സെക്രട്ടറിയേറ്റിനു മുന്നിലെ വിദ്യാർത്ഥി സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു സ്റ്റീഫൻ. സമാനതകളില്ലാത്ത പോലീസ്‌ മർദ്ദനങ്ങൾ, അതിക്രൂരമായ ലോക്കപ്പ്‌ മർദ്ദനം, മർദ്ദനത്തിന്റെ ഒരു ഘട്ടത്തിൽ ചെവിയിൽ നിന്നും ചോര ഒലിച്ച്‌ തുടങ്ങിയപ്പോഴാണു പോലീസ്‌ ആ തല്ല്‌ നിർത്തിയത്‌. തുടർന്ന് ജയിൽ വാസം. സമരപോരാട്ടങ്ങളുടെ ഇടയിലും നിയമപഠനം പൂർത്തിയാക്കി പേരിനൊപ്പം അഡ്വക്കേറ്റ്‌ എന്നൊരു വിശേഷണം കൂടി നേടിയെടുത്തു സ്റ്റീഫൻ. പ്രതിസന്ധികളിൽ പതറാതെ പൊരുതി മുന്നേറി നേടിയ വിശേഷണം.

ഇതിനിടയിൽ സി പി ഐ എം കിള്ളി ബ്രാഞ്ച്‌ സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏര്യാ കമ്മിറ്റി അംഗം എന്നിങ്ങനെ തന്റെ രക്ഷിതാവ് കൂടിയായ പാർട്ടിയുടെ പടവുകൾ കയറുകയായിരുന്നു സ്റ്റീഫൻ. രണ്ട്‌ തവണ കേരള സർവകലാശാലയുടെ സെനറ്റ്‌ അംഗവും അക്കാദമിക്‌ കൗൺസിൽ അംഗവുമായി. ഇതൊന്നും പാർട്ടി തന്റെ നേരവകാശിക്ക്‌ അർഹതയില്ലാതെ നൽകിയ ഔദാര്യങ്ങളായിരുന്നില്ല. സഖാവിന്റെ പോരാട്ടങ്ങൾക്ക്‌ ലഭിച്ച അർഹതക്കുള്ള അംഗീകാരങ്ങളായിരുന്നു.

കാട്ടാക്കട പഞ്ചായത്ത്‌ കിള്ളി കുരിശടി വാർഡിൽ മത്സരിക്കാൻ സ. സ്റ്റീഫനെ പാർട്ടി നിയോഗിക്കുമ്പോൾ അന്ന് അത്ഭുതം കൂറിയവർ ഉണ്ടായിരുന്നു. കോൺഗ്രസ്സ്‌ കോട്ടയിൽ, അതും കോൺഗ്രസിന്റെ കാട്ടാക്കടയിലെ അതികായനോട്‌ മത്സരിക്കാൻ ഈ പയ്യനെ നിശ്ചയിച്ചത്‌ ക്രൂരതയായിപ്പോയി എന്ന് സങ്കടം പറഞ്ഞവരുണ്ടായിരുന്നു. പക്ഷെ, വോട്ടെണ്ണിയപ്പോൾ മൂക്കത്ത്‌ വിരൽ വെച്ചത്‌ നേരത്തെ സങ്കടപ്പെട്ടവരായിരുന്നു.

ആ അട്ടിമറി വിജയത്തിനു പാർട്ടി നൽകിയത്‌ കാട്ടാക്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന സ്ഥാനം. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌, തുടർന്ന് രണ്ടായിരത്തി പത്തിൽ സഖാവ്‌ വീണ്ടും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു, കാട്ടാക്കടയുടെ തുടർച്ചയായ രണ്ടാമത്തെ പ്രസിഡന്റ്‌. ഇന്ന് തുടർച്ചയായി ആറാം തെരഞ്ഞെടുപ്പിലും കാട്ടാക്കട പഞ്ചായത്ത്‌ വൻഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തുമ്പോൾ സ. സ്റ്റീഫൻ നൽകിയ മികച്ച തുടക്കത്തിന് വലിയ പങ്കുണ്ട്. കാട്ടാക്കടയിലെ പ്രാദേശികഭരണത്തിൽ ഈ നേട്ടങ്ങൾ പാർട്ടി കൈവരിക്കുന്നതിൽ ഇന്ന് ഏര്യാ സെക്രട്ടറിയുടെ സ്ഥാനത്തുള്ള സ. സ്റ്റീഫൻ എന്ന പാർട്ടി വളർത്തിയ കേഡറുടെ പങ്ക്‌ വലുതാണ്.

ഇതിനിടയിൽ 2015 ൽ വെള്ളനാട്‌ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം. വിജയം ശീലമാക്കിയ സഖാവിന് വെള്ളനാട്‌ ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ സ്ഥാനമായിരുന്നു
പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം.

ഇതിനിടയിൽ വിവാഹം. ഭാര്യ മിനി കാട്ടാക്കട പി ആർ വില്യം സ്കൂളിലെ അധ്യാപികയാണ്. രണ്ട്‌ മക്കൾ. പ്ലസ്‌ ടു വിനു പഠിക്കുന്ന ആശിഷും ആറിൽ പഠിക്കുന്ന അനീനയും.

ഒരു കമ്മ്യൂണിസ്റ്റുകാരൻ ജലത്തിൽ മത്സ്യമെന്ന പോലെയാകണമെന്നത് സ. മാവോയുടെ വാക്കുകളാണ്. സ. സ്റ്റീഫനെ പോലുള്ളവരിലൂടെയാണ് ആ വാക്കുകൾക്ക് ജീവൻ കൈവരുന്നത്. ശരിക്കും ജനങ്ങളെന്ന വെള്ളത്തിലെ മീനാണു സ. സ്റ്റീഫൻ. ഒരാളിനു കഷ്ടിച്ച്‌ കടന്ന് പോകാൻ കഴിയുന്ന, റോഡിൽ നിന്നും ഇരുനൂറു മീറ്റർ ഉള്ളിലേക്ക്‌ പോകുന്ന ആ വീട്ടിലേക്കുള്ള വഴിയിൽ പുലർച്ചെ മുതൽ ആവലാതിക്കാരുടെ നിരയുണ്ടാകും. അതിൽ കിടപ്പുരോഗികളുടെ ബന്ധുക്കൾ മുതൽ റേഷൻ കാർഡിനും വീടിനും വേണ്ടിയുള്ള അപേക്ഷയുമായി വന്നവരും വഴിത്തർക്കം പരിഹരിക്കാൻ എത്തുന്നവർ വരെ കാണും. അവർക്കുള്ള പരിഹാരങ്ങളും..

അരുവിക്കര എന്ന പഴയ ആര്യനാട്‌ മണ്ഡലത്തിൽ സ. സ്റ്റീഫനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുമ്പോൾ സഖാവിന്റെ വിജയത്തിൽ അശേഷം സംശയമില്ലാത്തതും സ. സ്റ്റീഫനെക്കുറിച്ച്‌ പാർട്ടിക്കും ഈ നാടിനും അറിയാവുന്നത്‌ കൊണ്ടുതന്നെ. തന്റെ ആറു തവണ അടിച്ചാൽ മാത്രം സ്റ്റാർട്ടാകുന്ന അ പഴയ ബൈക്കിൽ സംഘടനാചുമതലയുമായി സഖാവ്‌ അലയാത്ത വഴികൾ അരുവിക്കരയിൽ ഇല്ലെന്ന് തന്നെ പറയാം. ഇടപെടാത്ത മനുഷ്യരും.

അടിത്തട്ടിൽ നിന്നും പൊരുതി വളർന്ന സ്റ്റീഫനെ പോലുള്ളവരെ വിശ്വസിച്ച്‌ ഈ പാർട്ടി ഒരു ചുമതല ഏൽപ്പിക്കുമ്പോൾ ഉയരുന്നത്‌ ഈ പാർട്ടിയുടെ അഭിമാനം മാത്രമല്ല. അതിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടേയും കൂടിയാണ്. കാരണം ഈ പാർട്ടിക്കേ അതിനു സാധിക്കൂ എന്നത്‌ കൊണ്ടു തന്നെ.
സ. സ്റ്റീഫൻ പോരാടി നേടിയതാണ് സഖാവിന്റെ ജീവിതവും ജീവനും. അതുകൊണ്ടു തന്നെ സാധാരണക്കാരന്റെയും നിസ്വരുടെയൂം അനാഥരുടെയുമൊക്കെ നിശ്വാസങ്ങളിലെ അർത്ഥം തിരിച്ചറിയാൻ സ. സ്റ്റീഫന് പ്രയാസമില്ല. അതുകൊണ്ടാണ്, ഈ നാടിനും പാർട്ടിക്കുമായി സ്വയംസമർപ്പിച്ച ഇത്തരം മനുഷ്യർ നിയമനിർമാണ സഭകളിലുണ്ടാകേണ്ടത്‌ നമ്മൾ സാധാരണക്കാരുടെ ആവശ്യം കൂടിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News