പ്രതിസന്ധി നിറഞ്ഞ ജീവിതത്തോട് പടവെട്ടി അനുഭവസമ്പത്തും ആത്മവിശ്വാസവും കൈമുതലാക്കി ചെങ്കൊടിക്കീഴിൽ ഉയർന്നുവന്ന ആശാൻ

എം എം മണി എന്ന മന്ത്രിയെ വിലയിരുത്താൻ പറയുന്നവരോട് ഒറ്റക്കാര്യമേ ഓർമപ്പെടുത്തുവാനുള്ളൂ, കഴിഞ്ഞ UDF കാലത്ത് വൈദ്യുതവകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദായിരുന്നു. കുത്തഴിഞ്ഞു കിടന്ന, കടം വാങ്ങി വൈദ്യുതി വിതരണം നടത്തിയ, പവർകട്ടും ലോഡ്ഷെഡിങ്ങും തുടർകഥയായ, കോടികളുടെ കടത്തിൽ ഓടിയ ഒരു വകുപ്പിനെ ഇന്ന് വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം നടത്തി മിച്ചമുള്ളത് വില്പന നടത്തുന്ന, പ്രളയത്തിന് ശേഷം കുറഞ്ഞ സമയം കൊണ്ട് വൈദ്യുതി പുനസ്ഥാപിച്ച ‘മിഷൻ റീകണക്ഷൻ’ നടപ്പിലാക്കിയ, പ്രതിസന്ധി ഘട്ടത്തിൽ പോലും പവർകട്ട് നടപ്പിലാക്കി കേരളത്തെ ഇരുട്ടിലാക്കാത്ത, kfon പോലെയൊരു വലിയ പദ്ധതിയുടെ നട്ടെല്ലായ വകുപ്പാക്കി ഇതിനെ ഉടച്ചുവാർത്തു മാറ്റി എങ്കിൽ അതിനു മുന്നിൽ നിന്നത് എം എം മണി എന്ന പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള ഇടുക്കിക്കാരനാണ്.

അദ്ദേഹത്തിന്റെ പേരുകേൾക്കുന്ന മാത്രയിൽ മുഖം ചുളിക്കുന്നവർ അനേകമുണ്ട്. വംശീയമായും വിദ്യാഭ്യാസത്തിന്റെയും നിറത്തിന്റെയും പേരിലൊക്കെ കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുന്ന രാഷ്ട്രീയ പ്രതിയോഗികളുമുണ്ട്. പ്രതിസന്ധി നിറഞ്ഞ ജീവിതത്തോട് പടവെട്ടി അനുഭവസമ്പത്തും ആത്മവിശ്വാസവും കൈമുതലാക്കി ചെങ്കൊടിക്കീഴിൽ ഉയർന്നുവന്ന വ്യക്തിയാണ് എം എം മണിയെന്ന് ഇവർക്ക് അറിയാത്തല്ല. അടിയന്തരാവസ്ഥ കാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായും അതിനൊക്കെ ശേഷം നീണ്ട ഇരുപത്തേഴ്‌ വർഷങ്ങൾ പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയുമായൊക്കെ ജനസേവനം നടത്തിയ മനുഷ്യൻ. തോട്ടം തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം അവകാശങ്ങൾക്കായി ഇന്നും പൊരുതുന്ന ഒരാൾ, അങ്ങനെയൊക്കെയാണ് സാധാരണക്കാർക്ക് അദ്ദേഹം ആശാനായത്.

കഴിഞ്ഞ അഞ്ചുവർഷത്തെ വൈദ്യുത വകുപ്പിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ പിന്നിട്ട നാഴികകല്ലുകൾ ഏറെയുണ്ട് പറയുവാൻ.
ആദ്യം പറഞ്ഞ് തുടങ്ങേണ്ടത് പവർകട്ടും ലോഡ് ഷെഡിംങ്ങും ഇല്ലാത്ത കേരളത്തിൻ്റെ അഞ്ചു വർഷങ്ങൾ എന്നാണ്. 2019 -ലെ വേനലിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിൻ്റെ വൈദ്യുതി ഉപയോഗം 88.34 ദശലക്ഷം യൂണിറ്റ് ഉപഭോഗം ഉണ്ടായിട്ടും കേരളത്തിൽ യാതൊരു നിയന്ത്രണവും സർക്കാർ കൊണ്ടുവന്നില്ല, കഴിഞ്ഞ ലോക്ക് ഡൌൺ കാലയളവിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. കേരളത്തെ ഇരുട്ടിലാക്കില്ല എന്ന പ്രകടന പത്രികയിലെ വാഗ്ദാനം അതേപടി പാലിച്ചു.

ഉപഭോക്തൃ സേവനങ്ങൾക്ക് kseb യിൽ ഐ.ടി അധിഷ്ഠിത ഔൺലൈൻ സംവിധാനം കൊണ്ടുവന്നു. എല്ലാ വൈദ്യുതി ഇടപാടുകളും പൂർണമായും ഓൺലൈനിൽ. ബില്ലടക്കാനും മീറ്റർ മാറുവാനുമൊക്കെ അപേക്ഷയുമായി വെയിലുകൊണ്ട് ക്യൂ നിൽക്കേണ്ട കാലമൊക്ക പഴംകഥയാക്കി മാറ്റി. വൈദ്യുതി വകുപ്പിന്റെ സേവനങ്ങൾ വിരൽത്തുമ്പിലായി. 2017 മെയ് മാസത്തിലാണ് കേരളം ഇന്ത്യയിലേ ആദ്യ സമ്പൂർണ്ണ വൈദ്യുതികൃത സംസ്ഥാനമായി മാറിയത്. 175 കോടി രൂപ പദ്ധതി ചിലവിൽ 15 ലക്ഷത്തിൽ പരം പുതിയ കണക്ഷനുകൾ കേരളത്തിൽ പുതുതായി നൽകി. തീരെ പാവപ്പെട്ടവന്റെ കുട്ടിയും നല്ല വെളിച്ചത്തിൽ പഠിക്കുവാൻ തുടങ്ങി.

വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകൾ ദ്രുതഗതിയിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. 2020 കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം തുടങ്ങിയ സൗജന്യ ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാൻ വൈദ്യുതി വാഹനങ്ങളും അവയ്ക്ക് ചാർജിങ്ങ് സ്റ്റേഷനുകളുടെ ശൃംഖലയുമാണ് ഈ സർക്കാരിന്റെ ലക്ഷ്യം. പിന്നീട് പുരപ്പുറ മെഗാവാട്ട് സോളാർ പദ്ധതി ആരംഭിച്ചു, സ്വന്തം വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സോളാർ പാനൽ സ്ഥാപിക്കാൻ സർക്കാരിന്റെ ധനസഹായവും സബ്‌സിടിയും നൽകി. ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി വിലകൊടുത്തു വാങ്ങാൻ തയ്യാറായ kseb യെയും കേരളം കണ്ടു.

കേരളം സാക്ഷ്യം വഹിച്ച മഹാ പ്രളയകാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും പ്രകീർത്തിച്ച മിഷൻ റി കണക്റ്റ് പദ്ധതി. പ്രളയബാധിത പ്രദേശങ്ങളിൽ സംസ്ഥാനത്തിന് അകത്തും, പുറത്തുമായി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയ പ്രളയ ദൗത്യം. പ്രകൃതി ദുരന്തങ്ങളുണ്ടായ തമിഴ്നാട്ടിലടക്കം വൈദ്യുതി പുനസ്ഥാപിക്കാൻ സഹായമയച്ചു കേരളത്തിലെ വൈദ്യുത വകുപ്പ്.

വിതരണ നഷ്ടം 9.07 % ആയി കുറച്ച ഇന്ത്യയിലേ ആദ്യ സംസ്ഥാനം. 12.47% എന്ന പ്രസരണ- വിതരണനഷ്ടം ഒന്നായിക്കണക്കാക്കിയാലും രാജ്യത്ത് അസൂയാവഹമായ നേട്ടമാണ് 2019ൽ കേരളം കൈവരിച്ചത്. അസാധ്യമെന്ന് കരുതി ഉപേക്ഷിച്ചിരുന്ന ഇടമൺ – കൊച്ചി- പവർഹൈവേ പൂർത്തിയാക്കി. 400 കെവി ലൈനിലൂടെ 800 മെഗാവാട്ട്‌ അധിക വൈദ്യുതി സംസ്ഥാനത്ത്‌ എത്തിക്കുന്ന പദ്ധതിയാണിത്‌. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ നിലവിൽ പ്രസരണ ശൃംഖലയിൽ രണ്ടു കിലോവാട്ട്‌ വർധനയുണ്ടായി. പ്രസരണ നഷ്ടം ഗണ്യമായി കുറഞ്ഞു.

കേരള ചരിത്രത്തിൽ ആദ്യമായി വൈദ്യുതി ബോർഡിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ച കാലമാണിത്. തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് എന്നി നഗരങ്ങളിൽ SCADA സംവിധാനം നിലവിൽ വന്നു. വൈദ്യുതി വിതരണ ശൃംഖല ഐ.ടി മേഖലയുമായി ചേർന്നുള്ള ഓട്ടോമാറ്റിക് മേൽനോട്ട സംവിധാനമാണിത്. വൈദ്യുത തകരാറുകൾ തത്സമയം അറിയിക്കയും മറ്റിടങ്ങളെ ബാധിക്കാതെ അവ പരിഹരിക്കാനും ഇതിലൂടെയായി. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമായ 1912 എന്ന ടോൾഫ്രീ നമ്പർ വഴി വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ kseb യെ അറിയിക്കുവാനും ഉടൻ പരിഹാരം കാണുവാനും സൗകര്യമൊരുക്കി.

വൈദ്യുതി വിതരണ ശൃംഖലയിൽ 9000 പുതിയ ട്രാൻസ്ഫോമറുകളും, 22000 കിലോമിറ്റർ ലൈനും, അനുസ്യുതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും വിതരണ ശൃംഖല നവീകരിക്കുന്നതും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ദ്യുതി 2021 എന്ന ഗംഭിര പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ ചിലവ് എന്നത് 4036 കോടി രൂപയാണ്‌.
രാജ്യത്ത് ആദ്യമായി വിതരണ ശൃംഖല G.I.S അധിഷ്ഠിത രേഖ ചിത്ര പങ്കാളിത്ത മാപ്പിംഗ് രിതിയിൽ തയ്യാറാക്കിയത് ഈ സർക്കാരിൻ്റെ കാലത്താണ്.

അറുപതോളം പുതിയ സബ് സ്റ്റേഷനുകളാണ് കേരളത്തിൽ ആരംഭിച്ചത്.
1000 കിലോമീറ്ററിലേറെ പ്രസരണ ലൈൻ,
കിഫ്ബി വഴി മുതൽ മുടക്കുള്ള 10,000 കോടി രൂപയുടെ ട്രാൻസ് ഗ്രിഡ് പദ്ധതി.
തുടർച്ചയായി ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കരസ്ഥമാക്കി മുന്നോട്ട് കുതിക്കുകയാണ് കേരളം.


സാക്ഷാത്കരിക്കപ്പെടുന്ന അടുത്ത സ്വപ്നമാണ് ഫിലമെന്റ് രഹിത കേരളം. kseb വഴി സബ്‌സിടിയിൽ വിതരണം ചെയുന്ന LED ബൾബുകളും, പൂർണമായും ഫിലമെന്റ് രഹിതമായ തെരുവുവിളക്കുകളും വേറെ. പാവപ്പെട്ടവർക്ക് കൈത്താങ്ങായ ജനകീയ വൈദ്യുത അടലത്തുകൾ,എല്ലാത്തിനും പുറമേ കേരളത്തിന്റെ ഭാവി മാറ്റിയെഴുതാൻ പോന്ന KFON എന്ന അഭിമാനകരമായ പദ്ധതിയും.

അങ്ങനെ ഏറെയുണ്ട് പറയുവാൻ, എം എം മണിയെന്ന പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള, എന്നാൽ അനുഭവസമ്പത്തും നേതൃപാടവവും ഏറെയുള്ള മനുഷ്യൻ നേടിയെടുത്ത നേട്ടങ്ങളുടെ ചെറുകൂട്ടം മാത്രമാണിത്. തളരാതെ മുന്നോട്ടാണ് kseb. മുന്നിൽ നിൽക്കുന്നത് മണി ആശാൻ ആണെന്ന ഉറപ്പോടെ.. അതേ..! ഉറപ്പാണ് എം എം മണി, ഉറപ്പാണ് LDF…

VINAYAK S 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News