
സഭാ തര്‍ക്കത്തില്‍ പരിഹാരം തേടി ബിജെപി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ യാക്കോബായ സഭയ്ക്കുളളില്‍ അതൃപ്തി ശക്തം. സഭാ നേതൃത്വത്തിലെ ഏതാനും പേര്‍ നടത്തുന്ന ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും.
ന്യൂനപക്ഷ വിരുദ്ധ അജണ്ടയുമായി മുന്നോട്ടുപോകുന്ന ആര്‍എസ്എസിന്‍റെ ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്നാണ് ഇവരുടെ ആരോപണം. നൂറ്റാണ്ടുകള്‍ പഴക്കമുളള തര്‍ക്ക വിഷയത്തില്‍ ഇതുവരെ ഇടപെടാത്ത ബിജെപി നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രക്ഷകരായി അവതരിച്ചത് സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് യാക്കോബായ സഭയിലെ ഭൂരിപക്ഷം വൈദികര്‍ക്കും വിശ്വാസികളും.
സഭാ നേതൃത്വത്തിലുളള ഏതാനും മെത്രാപ്പൊലീത്തമാര്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുമായി മുന്നോട്ടുപോകുന്ന ആര്‍എസ്എസില്‍ നിന്നും എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് അവര്‍ ചോദിക്കുന്നു.
സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ പ്രതിഷേധങ്ങളിലോ പളളി വിട്ടുനല്‍കുന്ന സാഹചര്യങ്ങളിലോ പ്രതികരിക്കാതെ കാഴ്ചക്കാരായി നിന്ന ബിജെപിയുടെ ഇപ്പോഴത്തെ ഇടപടെല്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണെന്നാണ് ഇവരുടെ വാദം. മെത്രാപ്പൊലീത്തമാരെ ആര്‍എസ്എസ് നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായി എതിര്‍പ്പും ഉയര്‍ന്നു കഴിഞ്ഞു.
ഓര്‍ത്തഡോക്സുമായുളള തര്‍ക്കം പരിഹരിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അരമനകളിലെത്തി ന്യൂനപക്ഷ വിശ്വാസത്തെ രക്ഷിക്കാനെത്തുന്ന സംഘപരിവാര്‍ ഉദ്യമം തിരിച്ചറിയണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മതപുരോഹിതന്മാരെ പ്രലോഭിപ്പിച്ച് വിശ്വാസത്തെ മറയാക്കി ബിജെപി പാളയത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പറയുന്നു. യാക്കോബായ വിശ്വാസികളില്‍ എല്ലാ വിഭാഗം രാഷ്ട്രീയ അനുഭാവികളുമുണ്ട്.
സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുന്ന രാഷ്ട്രീയ നിലപാടും യാക്കോബായ നേതൃത്വം സ്വീകരിക്കാറുമുണ്ട്. എന്നാല്‍ നീതി നേടിത്തരാമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് കാലത്തെത്തുന്ന സംഘപരിവാര്‍ അജണ്ടയെ വിശ്വസിക്കണമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സിനഡില്‍ മാത്രമല്ല, അല്‍മായ പ്രതിനിധികളും വൈദികരും ഉള്‍പ്പെടുന്ന മാനേജിംഗ് കമ്മിറ്റികളില്‍ കൂടി ഇത്തരം തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. ഏകപക്ഷീയമായ നേതൃ തീരുമാനങ്ങളിലൂടെ സംഘപരിവാറിന് കുടപിടിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here