#KairaliNewsBreaking മുഖ്യമന്ത്രിയുടെ പേരുപറയാന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു; ഇഡിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതികൂടി രംഗത്ത്

മുഖ്യന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍. ചില മന്ത്രിമാര്‍ക്കെതിരെയും ഉന്നത നേതാവിന്‍റെ മകനെതിരെയും മൊ‍ഴി നല്‍കാനും ഇ ഡി സമ്മര്‍ദ്ദം ചെലുത്തി‍. ഇവര്‍ക്കെതിരെ മൊ‍ഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞതായും സന്ദീപ് നായര്‍ വെളിപ്പെടുത്തി. എറണാകുളം ജില്ലാ സെഷന്‍സ് ജ്ഡ്ജിക്ക് അയച്ച കത്തിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

തിരുവന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖാന്തിരം പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കയച്ച കത്തിലാണ് ഇ ഡിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ കത്തില്‍ വെളിപ്പെടുത്തി.

ചില മന്ത്രിമാര്‍ക്കെതിരെയും ഉന്നത നേതാവിന്‍റെ മകനെതിരെയും മൊ‍ഴി നല്‍കാനും രാധാകൃഷ്ണന്‍ സമ്മര്‍ദ്ദം ചെലുത്തി.ഇവര്‍ക്കെതിരെ മൊ‍ഴി നല്‍കിയാല്‍ ജാമ്യം നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനവും നല്‍കി. അല്ലാത്തപക്ഷം ജീവിതകാലം മു‍ഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്. കത്തിലെ മറ്റ് വെളിപ്പെടുത്തലുകള്‍ ഇങ്ങനെ.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍തന്നെയാണൊ നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് കോടതി പോലും പലതവണ ചോദിച്ചിരുന്നു.ഇതിനിടെയാണ് ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്ന വ്യാജേന കോടതിയെ തെറ്റദ്ധരിപ്പിച്ച് കുറച്ച് ഉന്നതരുടെ പേരുകളുമായി ഇ ഡി ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചത്.താന്‍ കേട്ടിട്ടില്ലാത്ത ചില കമ്പനികളുടെ പേരുകള്‍ പറയണമെന്നും ഉന്നതര്‍ക്ക് അവിടെ നിക്ഷേപം ഉണ്ടെന്ന് മൊ‍ഴി നല്‍കണമെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തി.

അങ്ങനെ മൊ‍ഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്നും വേണ്ടി വന്നാല്‍ മികച്ച അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരാമെന്ന് വരെ വാഗ്ദാനം ചെയ്തതായും സന്ദീപിന്‍റെ കത്തില്‍ ചൂണ്ടിക്കാട്ടി.ഇത്തരത്തിലുള്ള മൊ‍ഴിക്ക് വേണ്ടി തന്നെ ഉറങ്ങാന്‍പോലും അനുവദിക്കാതെ ദിവസങ്ങളോളം ഇ ഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും സന്ദീപ് നായര്‍ ജഡ്ജിക്കയച്ച കത്തില്‍ പറഞ്ഞു.സന്ദീപിന്‍റെ കത്ത് കോടതി പിന്നീട് പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള സ്വപ്നയുടെ ശബ്ദ രേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ മൊ‍ഴി നല്‍കാന്‍ സ്വപ്നയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് തങ്ങളും സാക്ഷിയായിരുന്നുവെന്ന് രണ്ട് പോലീസുദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തിന് മറ്റൊരു പ്രധാന തെളിവായി മാറുകയാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News