കൊവിഡ് കിറ്റില്‍ അ‍ഴിമതി നടത്തിയതായി കോണ്‍ഗ്രസ്സ് എംഎല്‍എ വിപി സജീന്ദ്രനെതിരെ പരാതി

കൊവിഡ് കിറ്റില്‍ അ‍ഴിമതി നടത്തിയതായി കോണ്‍ഗ്രസ്സ് എംഎല്‍എ വിപി സജീന്ദ്രനെതിരെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിയില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

കോവിഡ് കിറ്റുകളുടെ പേരില്‍ കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിസിസി മുന്‍ ജനറല്‍സെക്രട്ടറി ബി ജയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചത്.

കോവിഡ് കാലത്ത് താലൂക്ക് സപ്ലൈ ഓഫീസ് വ‍ഴി 500 രൂപ വിലയുള്ള കിറ്റ് 10,000 പേര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് ബിപിസിഎല്‍ കമ്പനിയില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം പിരിച്ചെങ്കിലും കിറ്റ് നല്‍കിയില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഹര്‍ജിക്കാരന്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍, എംഎല്‍എയുടെ കത്ത് പ്രകാരം കുന്നത്തുനാട്ടിലെ എട്ട് പഞ്ചായത്തുകള്‍ വ‍ഴി അരി വിതരണം ചെയ്തുവെന്ന് മറുപടി ലഭിച്ചു. എന്നാല്‍ പ്രസ്തുത പഞ്ചായത്തുകളില്‍ നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയില്‍ പഞ്ചായത്തുകള്‍ വ‍ഴി ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടന്നിട്ടില്ലെന്ന് അറിയിച്ചു.

മാത്രമല്ല ബിപിസിഎല്ലില്‍ നിന്ന് ലഭിച്ച 4 ലക്ഷത്തി 50,000 രൂപ താലൂക്ക് സപ്ലൈ ഓഫീസര്‍ കണക്കില്‍ വരവുവെക്കാതെ സ്വകാര്യസ്ഥാപനത്തിന് കൈമാറിയെന്നും വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായെന്നും ജയകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, എംഎല്‍എയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. തെളിവ് പിന്നീട് ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News