കൂടുമാറുന്ന കോണ്‍ഗ്രസ്; അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എംഎല്‍എമാര്‍; ഭൂരിഭാഗവും പോയത് ബിജെപിയിലേക്ക്

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 170 എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് മറുകണ്ടം ചാടിയതെന്നാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോം തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ രാജ്യത്താകെ കാലുമാറിയ എം എൽ എ മാരിൽ 42 ശതമാനം പേരും കോൺഗ്രസുകാരാണ്.

രാജ്യസഭയിലേക്ക് രാജിവെച്ച് വീണ്ടും മത്സരിച്ച പതിനാറ് പേരിൽ 7 പേരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരാണെന്നും റിപ്പോർട്ടിലുണ്ട്. കൂറുമാറിയ എംപി മാരുടെയും എംഎൽഎമാരുടെയും വരുമാനത്തിൽ കൂറുമാറ്റത്തിനുശേഷം 39 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കർണാടക, അരുണാചൽ പ്രദേശ്, മധ്യപ്രദേശ് , മണിപ്പൂർ , ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും എംഎൽഎമാരുടെ കൂറുമാറ്റം മൂലം കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു.

വലിയ ഭൂരിപക്ഷം നേടി ജയിക്കാനായില്ലെങ്കിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി അടർത്തിമാറ്റി കൊണ്ടുപോകുമെന്ന് രാഹുൽഗാന്ധി തന്നെ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

കോൺഗ്രസ് പരാജയപ്പെട്ടാൽ കേരളത്തിലും നേതാക്കളും അണികളുമടക്കം ബിജെപിയിലേക്ക് ചേക്കേറുമെന്ന മുതിർന്ന നേതാവ് കെ സുധാകരന്റെ പ്രസ്ഥാവന പുറത്ത് വരുന്നതും ഇതേ സാഹചര്യത്തിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഇതിനോടകംതന്നെ കോൺഗ്രസ് നേതാക്കളുടെ മറുകണ്ടം ചാട്ടം തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കുമടക്കം പാർട്ടിയിൽ വിശ്വാസമില്ലാതായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News