331 മമ്മൂട്ടി സിനിമാപേരുകൾ:23 മിനിറ്റുകൾ:മമ്മൂട്ടിവരയിലൂടെ സന സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഗ്രാൻ്റ്മാസ്റ്റർ ബഹുമതി

കണ്ണിൽക്കണ്ട കടലാസിലും ചുമരിലും കൈയിൽക്കിട്ടുന്നതുകൊണ്ട് വരച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടി-സന എന്ന വരക്കാരി.അച്ഛനും അടുത്ത ചില ബന്ധുക്കൾക്കും വരയോടും നിറങ്ങളോടുമുള്ള ഭ്രമം സനക്കും ഉണ്ടായിരുന്നു. പെൻസിലും ,കളർ പേനയും ഒതുക്കിപ്പിടിച്ച ആ കുഞ്ഞുവിരലുകളിലെ വരകൾ ഇന്ന് നിശ്ചിത വരകളായി മാറി ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൻ്റെ ‘ Grand Master ‘ അംഗീകാരത്തിൽ നിറം പിടിച്ചിരിക്കുന്നു.

എല്ലാ ചിത്രകലാകാരന്മാരെയും പോലെ വരകളും വർണങ്ങളും നിറഞ്ഞ മനോഹര ലോകം തന്നെയാണ് സനക്കും പറയാനുള്ളത്.മൂന്നാം ക്‌ളാസ് മുതൽ കണ്ടതും തോന്നിയതുമൊക്കെ പകർത്തിയവൾ.സ്കൂളിലും, കലാമത്സരങ്ങളിലുമൊക്കെ സമ്മാനം നേടിയവൾ. വരകളുടെ നേർക്കാഴ്ചയ്ക്കപ്പുറം കുറച്ചുകൂടി ആധികാരികമായി വര പഠിക്കണമെന്ന മോഹം ഉണ്ടായിരുന്നെങ്കിലും സന.എസ് എന്ന വിദ്യാർത്ഥിനി എത്തിയത് കണക്കുകളുടെ ലോകത്തേക്കാണ്.ഗണിതശാസ്ത്രത്തിന്റെ തെറ്റാൻ പാടില്ലാത്ത, തലച്ചോറുകൊണ്ട് വരക്കേണ്ട വരകളുടെയും അളവുകളുടെയും ഒപ്പം ഹൃദയംകൊണ്ടുള്ള കുത്തിവരകളെയും സന ചേർത്ത് തന്നെ പിടിച്ചിരുന്നു.

പിലാത്തറ സെന്റ് ജോസഫ് കോളേജിൽ രണ്ടാം വർഷ ഗണിത വിദ്യാർത്ഥിനിയാണ് സന.
കോവിഡിന്റെ കാലത്താണ് സന ‘ടൈപോഗ്രഫി’ എന്ന ആർട്ടിനെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ ഒരാൾ പേരുകൊണ്ട് ചെയ്ത ഒരു പടം ശ്രദ്ധയിൽ പെട്ടപ്പോൾ ഒന്ന് ശ്രമിച്ചുനോക്കാം എന്ന് തോന്നി.ആ തോന്നലിൽ നിന്നും പല പേരുകളിലുള്ള ചെറിയ  പടങ്ങൾ പുറത്ത് വന്നു.അങ്ങനെ അക്ഷരങ്ങളും വാക്കുകളും വരികളുമൊക്കെ ചേർത്ത്‌വെച്ച് ഭാവനയുടെയും വരയുടെയും ലോകം തീർക്കുന്ന ടൈപ്പോഗ്രഫിയും സനക്ക് വഴങ്ങും എന്ന് മനസിലായി.ആദ്യത്തെ കൗതുകത്തിൽ നിന്നും അതൊരു വലിയ കലാരൂപമായി വഴിമാറി.ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഗ്രാൻ്റ്മാസ്റ്റർ ബഹുമതിയാണ് ലഭിച്ചത്

ഏറ്റവും പ്രിയപ്പെട്ട നടൻ മമ്മൂട്ടി ആണെന്ന് സന പറയുന്നു.ആ ഇഷ്ട്ടം ടൈപ്പോഗ്രാഫിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ 331 മമ്മൂട്ടി സിനിമകളുടെ പേരുകൾ ഉപയോഗിച്ച് A3 ഷീറ്റിൽ 23 മിനുട് കൊണ്ടാണ് ഫെയ്സ് പോട്രൈറ്റ് വരച്ചത്.ബാൾ പോയിൻ്റ് പേന കൊണ്ട് ചിത്രം പൂർത്തികരിച്ചപ്പോൾ അത് അപൂർവ്വ കലാപ്രകടനമായി.

“മമ്മൂട്ടിയുടെ എല്ലാ സിനിമകളും ഇഷ്ട്ടമാണെങ്കിലും ചില സിനിമാപേരുകൾ ഇഷ്ടത്തോടെ ആ ചിത്രത്തിലേക്ക് ചേർത്ത് വെച്ചിട്ടുണ്ട്” എന്ന വാക്കുകളിൽ  ഒരു ആരാധികയുടെ എല്ലാ സന്തോഷവും അളക്കാനാകും .കണ്ണുകൾക്കായി മായാവി,ശിക്കാരി ,വര്ഷം ,കാഴ്ച പോലെയുള്ള ഏറ്റവും ചെറിയ സിനിമ പേരുകളാണ് തിരഞ്ഞെടുത്തത്.നാല്കവല,മനു അങ്കിൾ പോലെ നീളമുള്ള പേരുകൾ കോർത്ത് പുരികങ്ങൾ.ഇഷ്ട്ട നായകന്റെ തുടക്കകാല സിനിമകൾ മുതൽ ഇന്നലെ റിലീസായ പ്രീസ്റ് ,റിലീസാകാനിരിക്കുന്ന വൺ വരെ സന തിരഞ്ഞെടുത്ത മമ്മൂട്ടിചിത്രങ്ങളുടെ പേരുകളിൽ ഉണ്ട്.

ഇതിനുമുൻപും പ്രിയപ്പെട്ട പലരെയും സന വരച്ചിട്ടുണ്ട്.കലാമും ,അംബേദ്ക്കറും,ഗാന്ധിജിയും,എസ പി ബിയും അക്കിത്തവും രക്തസാക്ഷി അഭിമന്യുവുമൊക്കെ ആ ലിസ്റ്റിലുണ്ട്

“സനവര”യ്ക്കായി ഒരുപാട് പേര് കാത്തിരിക്കുന്നു.ഉറപ്പാണ് എൽ ഡി എഫ് എന്ന വരിയിൽ ചിത്രങ്ങൾ പിറക്കാനിരിക്കുന്നു എന്ന് സന കൂട്ടിച്ചേർക്കുന്നുണ്ട് . ഇന്ത്യാബുക്ക് ഓഫ് റിക്കോർഡ്സിൻ്റെ ബഹുമതിയും സനക്ക് ലഭിച്ചിരുന്നു.കണ്ണൂർ മാതമംഗലം സ്വദേശിയായ സന, കോവിഡ് കാലത്ത് സുഹൃത്തുക്കളുടെയും മറ്റു പ്രിയപ്പെട്ടവരുടേയുമൊക്കെ ചിത്രം വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ സംഭാവന ചെയ്തിരുന്നു .പി.എസ്.സി.ഓഫിസിലെ സെക്ഷൻ ഓഫിസർ കെ.വി.സുനുകുമാറിൻ്റേയും ആരോഗ്യ വകുപ്പിലെ ഹെഡ് ക്ലാർക്ക് സ്മിത.ഇ യുടേയും മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here