ദേശിയ വനിതാ സബ് ജൂനിയർ ഹോക്കിയിൽ മികച്ച പോരാട്ട വീര്യവുമായി കേരള ടീം

ജാർഖണ്ഡിൽ നടക്കുന്ന ദേശിയ വനിതാ സബ് ജൂനിയർ ഹോക്കിയിൽ പൂൾ ഡിയിലാണ് കേരളം. മികച്ച പോരാട്ട വീര്യവുമായി ശ്രദ്ധ നേടുകയാണ് ജോഷൻ ജോർജ് പരിശീലിപ്പിക്കുന്ന കേരള ടീം.

ജാർഖണ്ഡിലെ സിംഡേഗയിലാണ് പതിനൊന്നാമത് ദേശിയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ടൂർണമെന്റിൽ ചണ്ഡീഗഡും ബിഹാറും ഉൾപെട്ട പൂൾഡിയിലാണ് കേരള ടീം.ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെതിരെ വീറുറ്റ പോരാട്ട വീര്യമാണ് കേരളം പുറത്തെടുത്തത്.

ഒറ്റഗോളിന് തോറ്റ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കേരളത്തിൻടേത്. ക്യാപ്ടൻ എസ് ആര്യയും ദേവികയും പിയൂഷയും അഞ്ജനയുമെല്ലാം കേരള നിരയിൽ നല്ല കളിയാണ് കാഴ്ചവച്ചത്.

ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ടീമിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. നല്ല സേവുകളുമായി ഗോൾകീപ്പർ രേവതിയും കളിയിൽ മികവ് കാട്ടി. ബിഹാറും ചണ്ഡീഗഡുമായി നടന്ന മത്സരം സമനിലയിലായതിനാൽ പൂൾഡിയിൽ നിന്നും 4 പോയിൻറുമായി ചണ്ഡീഗഡ് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ സജീവമാക്കി കഴിഞ്ഞു.

ആദ്യ തോൽവിയോടെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ച കേരളം 14 ന് നടക്കുന്ന അവസാന മത്സരത്തിൽ ബിഹാറിനെ തോൽപിച്ച് വിജയത്തോടെ മടങ്ങാമെന്ന മോഹത്തിലാണ്. മുൻ ഹോക്കിതാരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകനും കൂടിയായ ജോഷൻ ജോർജാണ് കേരള ടീമിന്റെ പരിശീലകൻ. മുൻ കേരള താരം ആര്യയാണ് ടീം മാനേജർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here