യുഡിഎഫിന്റെ തുടർഭരണാണ് കെ വേണു സ്വപ്നം കണ്ടത്; പരിഹസിച്ച് മന്ത്രി തോമസ് ഐസക്

ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി ചില സുഹൃത്തുക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാൻ ഞാനില്ല. ഈ ചർച്ച ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രധാനി കെ വേണുവാണ്. “തുടർഭരണം ജനാധിപത്യത്തിൽ അഭികാമ്യമോ?” എന്ന വിഷയത്തിൽ മാർച്ച് 20ന് സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹമാണ്.

വിഷയത്തിൽ ചോദ്യചിഹ്നം ഉണ്ടെങ്കിലും വേണുവിന്റെ നിലപാട് ഇപ്പോഴേ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഉദ്ഘാടനപ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആകാംക്ഷയൊന്നുമില്ല.
ഞാനാലോചിക്കുന്നത് വേറൊരു കാര്യമാണ്.

തിരഞ്ഞെടുപ്പു വേളയിലൊക്കെ യുഡിഎഫിന് അനുകൂലമായ ആഖ്യാനങ്ങൾ മെനഞ്ഞെടുക്കുന്നതിലുള്ള വേണുവിന്റെ വൈഭവത്തെക്കുറിച്ചാണ്. എക്സ് നക്സലൈറ്റുകൾക്ക് മാധ്യമങ്ങളിലുള്ള കമ്പോളമൂല്യം യുഡിഎഫിന് അനുകൂലമായി വിനിയോഗിക്കുക എന്ന ദൌത്യം എത്രയോ കാലമായി അദ്ദേഹം കേരള സമൂഹത്തിൽ നിർവഹിക്കുന്നുണ്ട്.

ഉദാഹരണം തേടി അകലെയൊന്നും പോകേണ്ടതില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ അദ്ദേഹത്തിന്റെ നിലപാട് നോക്കിയാൽ മതി. യുഡിഎഫാണല്ലോ കഴിഞ്ഞ തവണ ഭരിച്ചത്. അഞ്ചുവർഷത്തെ ഊഴം പൂർത്തിയാക്കി അവർ ജനവിധി തേടിയപ്പോൾ, തുടർഭരണം ജനാധിപത്യത്തിന് അഭികാമ്യമോ എന്ന ചോദ്യം ഉയർത്താൻ വേണുവോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.

അങ്ങനെയൊരു ചോദ്യം അപ്പോഴുയർത്തിയാൽ നഷ്ടം യുഡിഎഫിനാവുമല്ലോ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരാനിരിക്കെ 2016 ഏപ്രിൽ 25ന് കെ വേണുവിന്റെ ലേഖനം മാതൃഭൂമിയുടെ എഡിറ്റ് പേജിൽ പ്രത്യക്ഷപ്പെട്ടു. “രാഷ്ട്രീയമായി നാം സജ്ജമായോ” എന്നായിരുന്നു തലക്കെട്ട്. രാഷ്ട്രീയസ്ഥിതിഗതികൾ വിലയിരുത്തി “സംഘപരിവാറിനെയും കമ്യൂണിസ്റ്റു ഫാസിസത്തെയും എതിർചേരിയിൽ നിർത്തിക്കൊണ്ടുള്ള മതേതര ജനാധിപത്യമുന്നേറ്റമാണ്” അദ്ദേഹം സ്വപ്നം കണ്ടത്. എന്നുവെച്ചാൽ യുഡിഎഫിന്റെ തുടർഭരണം.

ഏറ്റവും വലിയ തമാശ വേറെയുണ്ട്. 2011-16ലെ ഉമ്മൻചാണ്ടി ഭരണത്തെ വിലയിരുത്തി അദ്ദേഹം എഴുതിയ ചില വാചകങ്ങൾ മേൽപ്പറഞ്ഞ ലേഖനത്തിൽ നിന്ന് ഉദ്ധരിക്കാം.

1. “ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തി ജനങ്ങൾക്ക് ഗുണംചെയ്യാൻ ശ്രമിച്ച ‘കേരള മോഡൽ’ എന്ന് ലോകപ്രശസ്തി നേടിയ കേരള വികസനശൈലി ഇന്ന് നേരെ തലകുത്തിനിൽക്കുകയാണ്”.

2. “സർക്കാറിന് യാതൊരു നിയന്ത്രണവുമില്ലാതെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നത് തനി കച്ചവടവത്‌കരണമാണ്. ലോകശ്രദ്ധയാകർഷിച്ച ആരോഗ്യരംഗമുണ്ടായിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം രോഗാതുരമായ സംസ്ഥാനമാണ്”.

3. “പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസമേഖലയിലും കേരളത്തിന്റെ നിലവാരത്തകർച്ച ആശങ്കാജനകമാണ്. സർക്കാറിന് യാതൊരു നിയന്ത്രണവുമില്ലാത്ത വിദ്യാഭ്യാസമേഖലയിലെ കച്ചവടവത്‌കരണമാണ് കാരണം”.
ഒന്നാമത്തെ ഉദ്ധരണി നോക്കൂ. കെ വേണുവിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരള മോഡൽ വികസനശൈലി തല കുത്തി നിൽക്കുകയായിരുന്നു. എന്നിട്ടും തുടർ ഭരണം ആയാലും പ്രശ്നമില്ല.

പിണറായി സർക്കാരിനെക്കുറിച്ച് അങ്ങനെയൊരു വിമർശനം എങ്ങു നിന്നും ഉയർന്നിട്ടില്ല. ആരോഗ്യവിദ്യാഭ്യാസ മേഖലകൾ സർക്കാർ നിയന്ത്രണത്തിലാവണം എന്ന നിഷ്കർഷ ഉയർത്തിപ്പിടിച്ച അഞ്ചുവർഷമാണ് ഈ സർക്കാരിന്റെ കാലം. ആ മേഖലകളിൽ സർക്കാർ മുതൽമുടക്ക് ഗണ്യമായി ഉയർത്തി.

പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ലോകനിലവാരത്തിലെത്തിച്ച് ഏറ്റവും ഗുണമേന്മയുള്ള സേവനം ലഭ്യമാകുംവിധം പൊതുസ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യവികസനത്തിന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് നടന്ന കാലമാണിത്. ഉമ്മൻചാണ്ടിയുടെ അഞ്ചുവർഷത്തെക്കുറിച്ച് കെ വേണു തന്നെ നടത്തിയ നിരീക്ഷണം പിണറായി സർക്കാരിന് ബാധകമേയല്ല.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരളം ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സംസ്ഥാനമായിരുന്നു എന്നായിരുന്നല്ലോ നിരീക്ഷണം. ഇന്നോ? പൊതുആരോഗ്യമേഖലയിലെ ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തിക്കൊണ്ട്, ദേശീയതലത്തിലും ആഗോളതലത്തിലും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയാണ് കേരളം. നീതി ആയോഗിന്റെ സൂചികകൾ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടർച്ചയായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്.

ശിശു മരണ നിരക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡിൽ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സ്ഥിതിയല്ല ഇപ്പോൾ. വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണണെന്ന് നിഷ്കർഷയുള്ളവർക്ക് പ്രകടമായ വ്യത്യാസം ബോധ്യപ്പെടാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും അങ്ങനെയൊരു സർക്കാർ തുടരുന്നത് ജനാധിപത്യത്തിന് അഭികാമ്യമല്ല എന്നാണ് വാദം.

ലോകപ്രശസ്തമായ കേരള മോഡൽ വികസന ശൈലിയെ തലകുത്തി നിർത്തിയ ഉമ്മൻചാണ്ടിയുടെയും യുഡിഎഫിന്റെയും സമീപനത്തിന് തുടർച്ചയുണ്ടാകുന്നതാണ് ജനാധിപത്യത്തിന് അഭികാമ്യം എന്നു വാദിക്കുന്നവരോട് പ്രത്യേകിച്ച് സംവാദമൊന്നും സാധ്യമല്ല.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പിന്തുടർന്ന നയങ്ങളിൽ എന്തെങ്കിലും വ്യതിയാനം വരുമെന്നോ വരുത്തുമെന്നോ നാളിതുവരെയും ഒരു സൂചനയും ആർക്കും കിട്ടിയിട്ടില്ല. എന്നിട്ടും ആ ഭരണനയങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള പൊതുജനാഭിപ്രായരൂപീകരണം ലക്ഷ്യമിട്ട് കെ വേണുവും കൂട്ടരും ഇറങ്ങുന്നത് എന്തിനു വേണ്ടിയായിരിക്കും?

മാർച്ച് 20ന്റെ സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോൾ, ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News