മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറി എല്‍ഡിഎഫ്. കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫിന്‍റെ കൈവശമുള്ള മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. തുടര്‍ച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.
എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ തുല്യ ശക്തികളായ മണ്ഡലമാണ് മലപ്പുറം അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലം. അട്ടപ്പാടി മേഖലയിലുള്‍പ്പെട്ട പുതൂര്‍ ഷോളയൂര്‍, അഗളി, തെങ്കര കുമരംപുത്തൂര്‍, കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ഉള്‍പ്പെടുന്നു.
നിലവില്‍ 4 പഞ്ചായത്തില്‍ എല്‍ഡിഎഫും ഒരു നഗരസഭയും മൂന്ന് പഞ്ചായത്തുകളും എല്‍ഡിഎഫും ഭരിക്കുന്നു. 1957 നിലവില്‍ വന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇരുമുന്നണികളും മാറി മാറി വിജയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 9 തവണയും ഇടതുപക്ഷമാണ് മണ്ഡലത്തില്‍ വിജയിച്ചത്.
2011ലും, 2016ലും യുഡിഎഫിലെ എന്‍ ഷംസുദ്ധീനിലൂടെ യുഡിഎഫ് ജയിച്ചു. മണ്ണാര്‍ക്കാട് പിടിച്ചെടുക്കാന്‍ ഇത്തവണ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറിയായ സുരേഷ് രാജിനെയാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞതിനാല്‍ മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ് എല്‍ഡിഎഫ്. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
മൂന്ന് പതിറ്റാണ്ടായി അട്ടപ്പാടിയില്‍ താലൂക്ക് വേണമെന്ന ജനങ്ങളുടെ ആവശ്യം ട്രൈബല്‍ താലൂക്ക് രൂപീകരിച്ച് ഇടതു സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമാവും. ഇതിന് പുറമെ അടിസ്ഥാന സൗകര്യമേഖലയില്‍ കിഫ്ബിയിലൂടെയുള്‍പ്പെടെ സര്‍ക്കാര്‍ നേരിട്ട് മണ്ഡലത്തില്‍ വലിയ വികസനം കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്.
സിറ്റിംഗ് എംഎല്‍എയായ മുസ്ലീംലീഗിലെ എന്‍ ഷംസുദ്ധീന്‍ തന്നെയാണ് മണ്ണാര്‍ക്കാട്ട് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. വലിയ ആശയക്കുഴപ്പത്തിനും പ്രതിസന്ധിക്കുമൊടുവിലാണ് ഇത്തവണ യുഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
മണ്ഡലത്തില്‍ എന്‍ ഷംസുദ്ധീന്‍ എംഎല്‍എ വികസനത്തില്‍ സാമുദായിക വേര്‍തിരിവ് കാണിക്കുന്നതായി വിമര്‍ശനമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസുള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു. എങ്കിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാന്പ്.
2019 പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ 29,325 വോട്ടിന്‍റെ ഭൂരിപക്ഷം മണ്ഡലത്തില്‍ യുഡിഎഫ് നേടിയെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 3,309 വോട്ടുകള്‍ യുഡിഎഫിനേക്കാള്‍ നേടി എല്‍ഡിഎഫ് മുന്നിലാണ്. അട്ടപ്പാടി മേഖലയിലുള്‍പ്പെടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് മണ്ഡലത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നു.
Get real time update about this post categories directly on your device, subscribe now.