കഷ്ടപ്പാടിനിടയിലും കരളുറപ്പുള്ള സഖാവായി തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്

കഷ്ടപ്പാടിലൂടെ വളര്‍ന്നുവന്ന ഒരു സ്ഥാനാര്‍ഥിയുണ്ട് തരൂര്‍ മണ്ഡലത്തില്‍. കഷ്ടപ്പാടിനിടയിലും കരളുറപ്പുള്ള സഖാവായി തരൂര്‍ മണ്ഡലത്തില്‍ ചെങ്കൊടിപാറിക്കാന്‍ ഒരുങ്ങുകയാണ് പി പി സുമോദ്. സുമോദ് തൃത്താല ആലൂരില്‍ റോഡരികില്‍ ഇടുങ്ങിയ തറവാട് വീടുണ്ട്. അവിടെയാണ് അച്ഛനും അമ്മയും അനുജനും അനുജന്റെ ഭാര്യയും താമസിക്കുന്നത്.

മുത്തച്ഛന്റെ കാലത്ത് പണിത ഈ കുഞ്ഞു തറവാട് വീട്ടില്‍ നിന്നാണ് സുമോദ് ജീവിതം തുടങ്ങുന്നത്. അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുടെയും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളുടെയും പേരിലുള്ള ആറ് സെന്റ് ആണ് വീട്. കടബാധ്യത ഏറിയതോടെ വസ്തുവിനെ ആധാരം ബാങ്കില്‍ ആയി. കിണര്‍ കുത്താന്‍ പോലും ഇടമില്ലാത്ത 6 സെന്ററില്‍ നിന്ന് പരിമിതികളോട് പടവെട്ടിയ സുമോദിന് കരുത്തെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആയിരുന്നു.

ഭാര്യയും കുട്ടികളും ആയപ്പോള്‍ സുമോദ് അടുത്തുതന്നെ വാടകവീട്ടില്‍ താമസമാക്കി. സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലേ ലൈഫില്‍ വീട് ലഭിക്കു. അതിന് അപേക്ഷിച്ചു. സ്വന്തമായി ഒരുതുണ്ട് ഭൂമിയും ആസ്തി ഇല്ലാത്ത സുമോദിന് ബിപിഎല്‍ കാര്‍ഡ് കിട്ടി. അതുവെച്ച് പട്ടികജാതി വികസന വകുപ്പില്‍ അപേക്ഷിച്ചു. അങ്ങനെ സര്‍ക്കാര്‍ 5 സെന്റ് സ്ഥലം സുമോദിനും അനുവദിച്ചു. ഇപ്പോള്‍ ലൈഫ്മിഷന്റെ ഭാഗമായി തനിക്ക് ലഭിക്കാന്‍ പോകുന്ന വീടിനുള്ള കാത്തിരിപ്പിലാണ് സുമോദ്.

സാമ്പത്തികമായി പ്രയാസമുണ്ടെങ്കിലും വിദ്യാഭ്യാസം മുടക്കിയില്ല. അച്ഛന്‍ കൃഷ്ണന്‍കുട്ടി സിഐടിയു യൂണിയനില്‍ അംഗമായ ചുമട്ടു തൊഴിലാളിയായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞതോടെ അഞ്ചുവര്‍ഷമായി ജോലിക്ക് പോകാതായി.അമ്മ ലക്ഷ്മി തൊഴിലുറപ്പ് ജോലിക്ക് പോകുന്നു. അഞ്ചാംക്ലാസ് മുതല്‍ എസ്എഫ്‌ഐകാരനായി തുടങ്ങിയ സംഘടനാ പ്രവര്‍ത്തനത്തിന് മാത്രം വിട്ടുവീഴ്ചകള്‍ ഇല്ല.

സാഹചര്യങ്ങള്‍ ഒക്കെ മാറും അല്ലെങ്കില്‍ നമ്മെക്കാള്‍ ഇല്ലായ്മയില്‍ കഴിയുന്നവര്‍ക്ക് ആദ്യം വീട് ലഭിക്കട്ടെ എന്നിട്ടു മതി നമുക്ക്. സമൂഹത്തിനും അച്ഛനും എല്ലാം ഇതേ അഭിപ്രായം ആയിരുന്നു. ആലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, തൃത്താല ഹൈസ്‌കൂള്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ് ,കോട്ടപ്പുറം ശ്രീ നാരായണ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുമോദ് എംഎ ബിഎഡ് ബിരുദധാരിയാണ്. 1980ലെ മനുഷ്യചങ്ങല മുതല്‍ ഈ വീട്ടില്‍ എല്ലാവരും ഇടതുപക്ഷമാണ്.

അച്ഛന്‍ കൃഷ്ണന്‍കുട്ടിയും അമ്മ ലക്ഷ്മിയും പട്ടിത്തറയിലെ വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അമിതാഹ്ലാദമില്ല. ഇരുവര്‍ക്കും കമ്മ്യൂണിസ്റ്റുകാരുടെ പക്വത.ധന്യയാണ് സുമോദിന്റെ ഭാര്യ. മക്കള്‍- ഇതിഹാസ്,മാനസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News