മാതൃകാപൊരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യം; ടീക്കാറാം മീണ

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വവുമായി നടത്തുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ലോഗോ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് യാതൊരു ഭയവും ആശങ്കയും കൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുതാര്യമാണ്. അതുകൊണ്ടുതന്നെ ജാതിയുടെയോ മതത്തിന്റെയോ സ്വാര്‍ത്ഥതയുടെയോ അടിസ്ഥാനത്തില്‍ ആരുംതന്നെ വോട്ട് ചെയ്യരുത്. വോട്ടിനായി പണമോ പാരിതോഷികമോ വാങ്ങാനും പാടില്ല. തെരഞ്ഞെടുപ്പ് പ്രകിയ സുഗമമായി നടപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്റേര്‍സിനും വോട്ട് ചെയ്യുന്നതിനായി നിരവധിയായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിട്ടുണ്ട്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലയില്‍ സ്വീപിന്റെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എല്ലാവരെയും അറിയിക്കുന്നതിനായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങൾജില്ലയില്‍ നടന്നുവരുന്നുണ്ട്. ഇന്‍ക്ലൂസീവ്, സേഫ്, ഗ്രീന്‍ എന്ന സ്വീപിന്റെ ആപ്തവാക്യം അന്വര്‍ത്ഥമാക്കും വിധം എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും കര്‍ശനമായി പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പായിരിക്കും ഇത്തവണ നടക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, റൂറല്‍ എസ്.പി പി.കെ മധു, ഡി.സി.പി വൈഭവ് സക്‌സേന, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, സ്വീപിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ടിഫാനി ബ്രാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പട്ടികവര്‍ഗ്ഗ, ഭിന്നശേഷി, ട്രാന്‍സ്‌ജെന്റേഴ്‌സ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here