പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം. മലമ്പുഴ മണ്ഡലം ജനതാദളിനും കോങ്ങാട് സീറ്റ് മുസ്ലീം ലീഗിനും നെന്മാറ സിഎംപിക്കും നല്‍കിയതിനെതിരെയാണ് പ്രതിഷേധം. മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരിയില്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടാമ്പി മണ്ഡലം ലഭിക്കാത്തതില്‍ ലീഗ് പ്രവര്‍ത്തകരും അതൃപ്തിയിലാണ്.

ഐക്യ ജനാധിപത്യ മുന്നണിയിലെ സീറ്റ് വിഭജനം പാലക്കാട് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കിയതാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിന് കാരണം. കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മലമ്പുഴ മണ്ഡലം അഡ്വ. ജോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് വിട്ടു നല്‍കിയതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പുതുശ്ശേരിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മണ്ഡലം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ തവണ മലമ്പുഴയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ജനപിന്തുണയില്ലാത്ത മുന്നണിയിലെ ചെറിയ പാര്‍ട്ടിക്ക് സീറ്റ് വിട്ടു നല്‍കിയത് ബിജെപിയെ സഹായിക്കാനാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നെന്മാറ സീറ്റ് സിഎംപിക്ക് നല്‍കിയതിലും പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിഷേധം ഉണ്ട്.

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന കോങ്ങാട് മണ്ഡലം ലീഗിന് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍. പട്ടാമ്പിക്ക് പകരം കോങ്ങാട് വാങ്ങിച്ച ലീഗ് നേതൃത്തിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്.

പട്ടാമ്പി ഒഴികെ ജില്ലയിലെ മറ്റൊരു സീറ്റും ഏറ്റെടുക്കരുതെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപെട്ടിട്ടും കോങ്ങാട് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. എം.എ സമദിന് പട്ടാമ്പി സീറ്റ് നല്‍കണമെന്ന് ആവശ്യപെട്ട് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here