നമ്മള്‍ അത് ചെയ്യുന്നത് ശരിയാണോ ? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ പതറി പോയ നിമിഷങ്ങളെ കുറിച്ച് ആന്റോ ജോസഫ്

മഹാനടന്‍ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയായ മമ്മൂട്ടിയെയാണ് താന്‍ കണ്ടതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് . കൊവിഡ് പശ്ചാത്തലത്തില്‍ പല സിനിമകളുടെയും റിലീസ് നീണ്ടുപോയപ്പോഴും ക്ഷമയോടെ കാത്തിരുന്ന് തീയേറ്റര്‍ റീലീസ് ഉറപ്പാക്കിയതിന് പിന്തുണ നല്‍കിയത് മമ്മൂക്കയാണെന്ന് ആന്റോ ജോസഫ് പറഞ്ഞു. മമ്മൂട്ടിയും സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും ഉള്‍പ്പെടെയുള്ള ‘ദി പ്രീസ്റ്റ്’ ടീമിനൊപ്പമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റോ ജോസഫ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ സമ്മര്‍ദ്ദം കൂടുമ്പോഴെല്ലാം മമ്മൂക്കയോട് ചോദിച്ചിരുന്നു. ഒടിടി പ്ലാറ്റുഫോമുകള്‍ വലിയ വിലയും വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷെ നമ്മള്‍ അത് ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. കൂടെ ആത്മവിശ്വാസം നല്‍കുന്ന വാക്കുകളും. നീ ധൈര്യമായിട്ട് ഇരിക്ക്. സിനിമ സജീവമാകുന്ന സമയം വരും. ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അത് കൊണ്ട് സിനിമ തീയേറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യേണ്ടത്. ഓ ടി ടി പ്ലാറ്റുഫോമുകളിലല്ലെന്നും മമ്മൂട്ടി ആന്റോ ജോസഫിനോട് പറഞ്ഞു.

മമ്മൂക്ക എനിക്കു തന്ന ധൈര്യമാണ് ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ കാരണമായത്. അല്ലെങ്കില്‍ ഞാന്‍ മറിച്ചൊന്ന് ചിന്തിച്ചേനെ. ആ പുലി കൂടെയുള്ളതുകൊണ്ടാണ് സിനിമ തിയറ്ററില്‍ കൊണ്ടുവരാന്‍ എനിക്ക് ധൈര്യം ലഭിച്ചത്. ആന്റോ പറയുന്നു.

അമ്പരപ്പിക്കുന്ന ആരവമായിരുന്നു ഇന്നലെ തിയറ്ററുകളില്‍. സാധാരണ ഒരു സിനിമ റിലീസ് ചെയ്യുമ്പൊ 3 കോടി ഗ്രോസ്, 4 കോടി ഗ്രോസ് എന്നൊക്കെ പിറ്റേദിവസം പലരും എഴുതാറുണ്ട്. ഈ സിനിമയ്ക്ക് മത്സരത്തിന് വേണ്ടിയുള്ള അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. കാരണം അത്രയ്ക്കും വലിയ ഷെയര്‍ ആണ് ഇന്നലെ വന്നിരിക്കുന്നത്. നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ ആന്റോ ജോസഫ് വ്യക്തമാക്കി.

തീയേറ്റര്‍ റിലീസിലൂടെ സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരെ കൂടിയാണ് നമ്മള്‍ ചേര്‍ത്ത് പിടിക്കുന്നതെന്നും ആന്റോ പറഞ്ഞു. അണിയറ പ്രവര്‍ത്തകരെ കൂടാതെ സിനിമയുടെ പോസ്റ്റര്‍ ഓടിക്കുന്നവര്‍ തുടങ്ങി തീയേറ്റര്‍ ജോലിക്കാര്‍ അടക്കം സിനിമ വിട്ടു കഴിയുമ്പോള്‍ ഓട്ടത്തിനായി കാത്തു കിടക്കുന്ന ഓട്ടോറിക്ഷക്കാര്‍ വരെയാണ് ഒരു സിനിമയുടെ തീയേറ്റര്‍ പ്രദര്‍ശനം കൊണ്ട് ഗുണഭോക്താക്കളാകുന്നതെന്നും ആന്റോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News