കോവളം പിടിച്ചടക്കാന്‍ നീലലോഹിതദാസന്‍ നാടാര്‍

ഒരു മുന്നണിയുടെയും സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ പോലും സ്വന്തമായി ഒരു വോട്ട് ബാങ്ക് ഉണ്ടാവുക എന്നത് അപൂര്‍വം പൊതു പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഭാഗ്യം ആണ്. അത്തരം ഒരു രാഷ്ട്രീയ നേതാവ് ആണ് ഡോ. നീലലോഹിതദാസന്‍ നാടാര്‍ .45 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആറ് തവണയാണ് ഡോ. നീല ലോഹിതദാസന്‍ നാടാര്‍ കോവളത്ത് ജനവിധി തേടിയത്. ഇതില്‍ അഞ്ച് തവണയും നീലന്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് മുന്നണികളെ വെള്ളം കുടിപ്പിച്ച നീലന്‍ തലസ്ഥാന ജില്ലയിലെ തലയെടുപ്പുള്ള ഒരു രാഷ്ട്രീയ നേതാവ് ആണ്. ഇത്തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉള്ള നിയോഗവുമായിട്ടാണ് കോവളത്ത് നീലന്‍ ജനവിധി തേടുന്നത്.

ജഗ് ജീവന്‍ പോയി ജീവന്‍ പോയി
ബഗ് ഗുണ പോയി ഗുണവും പോയി
നന്ദിനി പോയി നന്‍മകള്‍ പോയി
നീലന്‍ പോയി നിറവും പോയി
ഇന്ദിരയാകെ നാറി പോയി

ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ മുഴക്കിയ മുദ്രാവാക്യം ആണിത്. 1975 ലെ കുപ്രസിദ്ധമായ അടിയന്തിരവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയോട് കലഹിച്ച് കോണ്‍ഗ്രസിന്റെ ‘ ദേശീയ മുഖമായിരുന്ന ജഗ്ജീവന്‍ റാമും , ബഹുഗുണയും ,നന്ദിനി സത്പതി എന്നിവരോടെപ്പം എഐസിസി അംഗത്വം രാജിവെച്ച് ഇറങ്ങി വന്നയാള്‍ ആണ് ഡോ. നീല ലോഹിതദാസന്‍ നാടാര്‍. 1977-ല്‍ കോവളം നിയോജക മണ്ഡലത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആയ എന്‍ ശക്തനെ മലര്‍ത്തി അടിച്ച് നിയമസഭയിലെത്തുമ്പോള്‍ നീലന് പ്രായം 29 .

31 മത്തെ വയസില്‍ സ്എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ അംഗമായി. 1980-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കരുത്തന്‍ ആയ എം എന്‍ ഗോവിന്ദന്‍ നായരെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് മലര്‍ത്തി അടിച്ച് പിന്നീട് ലോകസഭയിലേക്ക്. 1984-ല്‍ സ്വന്തം പ്രൈവറ്റ് സെക്രട്ടറിയായ എ ചാള്‍സിനോട് ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ നീലന്‍ നീണ്ട 22 വര്‍ഷം പരാജയം അറിഞ്ഞിട്ടില്ല .1987 മുതല്‍ 2006 വരെ കോവളം നിയോജക മണ്ഡലം നീലനെ അല്ലാതെ മറ്റൊരാളെയും തുണച്ചിട്ടില്ല.

വിജയത്തിലാണെങ്കിലും ,പരാജയത്തില്‍ ആണെങ്കിലും കോവളംകാര്‍ക്ക് നീലലോഹിതദാസന്‍ നാടാര്‍ ഒരു വികാരമാണ് .2006ലും ,2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായിരുന്നെങ്കിലും നീലന് അവര്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിച്ചു . മണ്ഡലത്തിന്റെ മുക്കും മൂലയും തന്റെ ഉള്ളം കൈരേഖകള്‍ പോലെ ഹൃദിസ്ഥമാണ് ഈ 72 കാരന്. ചെറുപ്പക്കാരെ മുതല്‍ പ്രായം ചെന്നവരെ വരെ പേരെടുത്ത് വിളിക്കുന്ന അടുപ്പമാണ് ഡോ. നീല ലോഹിതദാസന്‍ നാടാരുടെ ജനകീയത. നോമിനേഷന്‍ പേപ്പര്‍ കൊടുത്തിട്ട് വെറുതെ വീട്ടീല്‍ ഇരുന്നാലും ആയിരകണക്കിന് ജനങ്ങള്‍ നീലന് തന്നെ വോട്ട് ചെയ്യും.

പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്ത് എതിരാളികളുടെ ക്യാമ്പിലും കയറി വോട്ട് കുത്തി ചോര്‍ത്തുന്ന ഈ നീലന്‍ മാജിക് ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ഘഉഎ കരുതുന്നത്. കഴിഞ്ഞ തവണ 3615 വോട്ടുകള്‍ക്ക് നഷ്‌പ്പെട്ട കോവളം ഇത്തവണ തിരിച്ച് പിടിക്കാന്‍ നീലലോഹിതദാസന്‍ നാടാര്‍ ഇറങ്ങുമ്പോള്‍ എതിരാളികളുടെ ചങ്കിടിപ്പ് കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News