
ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു. ബിന്ദുവിനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടരാജി ഭീഷണിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഡി സി സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ് രാജി ഭീഷണി മുഴക്കിയത്.
അതേസമയം, മുസ്ലീംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി. പ്രവര്‍ത്തകര്‍ ഹൈദരലി തങ്ങളെ കണ്ട് പരസ്യ പ്രതിഷേധം അറിയിച്ചു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുരടുകയാണ്. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ തന്നെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെ എം ഷാജി മത്സരിക്കാന്‍ എത്തിയതോടെ അഴീക്കോട് മണ്ഡലത്തിലും അഴിമതി സജീവ ചര്‍ച്ചയാകുകയാണ്. ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴക്കേസും അനധികൃത സ്വത്ത് സമ്പാദനക്കേസും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് യു ഡി എഫ് ക്യാമ്പ്. അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷാജിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്നും ലീഗ് ജില്ലാ നേതാക്കള്‍ വിട്ടുനിന്നതും ചര്‍ച്ചയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here