മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മലമ്പുഴ സീറ്റ് യുഡിഎഫ് ഘടക കക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ബിജെപിയെ സഹായിക്കാനാണ് സ്വാധീനമില്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതെന്നും 2016ലെ നേമം ആവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതുശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഡിസിസി ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. തുടര്‍ന്ന് പുതുശ്ശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മലമ്പുഴയില്‍ ബി ജെ പി യെ സഹായിക്കാനാണ് ഘടക കക്ഷിക്ക് സീറ്റ് നല്‍കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്നടിച്ചു.

മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ മലമ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് വിവരം.
അതേ സമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന്റ മൂന്ന് സീറ്റ് വിട്ട് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

മലമ്പുഴക്ക് പുറമെ നെന്‍മാറ സിഎംപിക്കും, കോങ്ങാട് മുസ്ലീം ലീഗിനുമാണ് വിട്ടു നല്‍കിയത്. പട്ടാമ്പി സീറ്റിന് പകരം കോങ്ങാട് നല്‍കിയതില്‍ മുസ്ലീം ലീഗിനും അതൃപ്തിയുണ്ട്. ഇതിനെതിരെ പട്ടാമ്പിയുടെ വിവിധ മേഖലകളില്‍ യൂത്ത് ലീഗിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News