പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന്‌ വിളിച്ചു പറയുന്ന അനുയായികൾക്കിടയിലേക്ക്‌ രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ ഉമ്മൻചാണ്ടി ഡൽഹിയിൽനിന്നും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തേക്ക് വന്നിറങ്ങിയത് ‌.

ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കത്തിനെ തടയിട്ടു കൊണ്ടായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വസതിക്കു മുമ്പിൽ രാഷ്ട്രീയ നാടകം അരങ്ങേറിയത്. ഉമ്മൻ ചാണ്ടിയുടെ ഉറ്റ അനുയായികൾക്ക് സീറ്റ് ലഭിക്കാത്തതിന്റെ ക്ഷീണത്തെ മറികടക്കാൻ കൂടിയായിരുന്നു പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് ഉള്ള ഉമ്മൻചാണ്ടിയുടെ വികാരപ്രകടനം

ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാൻ ഒരുങ്ങുന്നത് തോൽപ്പിക്കാൻ ആണെന്ന് പ്രവർത്തകർ വിളിച്ചുകൂവി. കെ സി വേണുഗോപാലിനെതിരെയും ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മൽസരിച്ചില്ലെങ്കിൽ ആത്മഹത്യാ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉമ്മൻചാണ്ടിയുടെ വീടിന്റെ പുരപ്പുറത്തു കയറി. സീറ്റ് ലഭിക്കാതായതോടെ താൻ മത്സര രംഗത്ത് ഇല്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി

പുതുപ്പള്ളിയിലെ വീട്ടിൽ ലതികാസുഭാഷിനെയും കെ സി ജോസഫിനെയും അനുനയിപ്പിക്കാൻ ഇരുവരുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ചയും നടത്തി. ശേഷം പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നും നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും പറഞ്ഞു. ഒപ്പം നേമത്തും പുതുപ്പള്ളിയിലും മത്സരിക്കുമോ എന്ന ചോദ്യത്തിൽ ഉമ്മൻചാണ്ടിക്ക് അടിപതറി

സ്ഥാനാർഥി നിർണയത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഉമ്മൻചാണ്ടിക്കും എ ഗ്രൂപ്പിനും ഏറ്റ പ്രഹരം മറികടക്കുക എന്നതായിരുന്നു പുതുപ്പള്ളിയിലെ സംഭവവികാസങ്ങൾ കൊണ്ട് ഉമ്മൻചാണ്ടി ലക്ഷ്യം വെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here