ലോകത്തിലെ ഏറ്റവും നിഗൂഡ സ്വഭാവമുള്ള ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ

ലോകത്തിലെ ഏറ്റവും നിഗൂഡ സ്വഭാവമുള്ള ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ. ബോക്വില ട്രൈഫോളിയോലേറ്റ എന്നാണ് ആ ചെടിയുടെ പേര്. സസ്യങ്ങൾക്കിടയിലെ കോപ്പിയടിക്കാരിയെന്നോ ,ഓന്തെന്നോ ഒക്കെ പേരുള്ള സസ്യമാണിത് . ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്ന് ‘നാഷനൽ ജ്യോഗ്രഫിക്’ മാഗസിൻ വിശേഷിപ്പിച്ച ഈ സസ്യത്തിന്റെ ഇലകൾക്ക് കൃത്യമായ ആകൃതിയില്ലെന്നതാണു ഇതിന്റെ ഏറ്റവും വലിയ സവിശേഷത . ഏതു മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയെന്നതാണ് ഈ ചെടിയുടെ രീതി. മാവിൽ പടർന്നാൽ മാവില, പ്ലാവിൽ പടർന്നാൽ പ്ലാവില എന്ന രീതി , ഇനി തെങ്ങിൽ പടർന്നാലോ എന്ന് ചോദിക്കണ്ട , ചിലപ്പോ നിങ്ങളുടെ മുന്നിൽ ഓലയ്ക്ക് പകരവും ഇതെത്തിയേക്കാം .

മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം ഇല ഞരമ്പുകൾ എന്നറിയപ്പെടുന്ന പാറ്റേണുകൾ പോലും ഒരു പോലെയാക്കുകയെന്നതാണ് ബോക്വിലയുടെ രീതി. ചിലിയിലെയും അർജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത് . ഒരു ജീവിയുടേയോ ചെടിയുടേയോ രൂപത്തിനു സമാനമായ രൂപം മറ്റൊന്നു കൈക്കൊള്ളുന്നതിനെ ജീവശാസ്ത്രലോകത്ത് ബേസിയൻ മിമിക്രി എന്നാണു വിശേഷിപ്പിക്കുക. ഇതിന്റെ പ്രധാന ദൗത്യം ശത്രുക്കളിൽ നിന്നുള്ള രക്ഷ തന്നെ .ശത്രുക്കളിൽനിന്നു രക്ഷപ്പെടാനുള്ള വേഷപ്പകർച്ചയാണ് ഈ ചെടിയും സ്വീകരിക്കുന്നത്.നിലത്തും മരങ്ങളിലുമെല്ലാം പടർന്നുകയറുന്ന ഈ ചെടിയിൽ പുഴു ശല്യം രൂക്ഷമാണ് . അതിനായാണ് ഇത്തരത്തിൽ ചെടി വേഷം മാറി പടരുന്നത് . മരങ്ങളേക്കാൾ പുഴുക്കൾ ശല്യം ചെയ്യുന്നത് ചെറിയ ചെടികളേയാണ് .

ചിലിയിലെ മഴക്കാടുകളിലെ തന്റെ വിദ്യാർഥികളിലൊരാൾക്കൊപ്പം നടക്കുമ്പോൾ ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞനാണ് ഈ ചെടിയുടെ സവിശേഷത തിരിച്ചറിഞ്ഞത് . മുന്തിരി വള്ളി പോലെ കാണപ്പെട്ട ചെറിയ ചെടിയ്ക്ക് പിന്നിൽ ഇത്രയേറെ കഥകൾ ഉണ്ടെന്ന് പിന്നീടാണ് ലോകം മനസ്സിലാക്കിയതും. റഡാറുകളുടെ കണ്ണിൽപ്പോലും പെടാനാകാത്ത വിധം വേഷപ്രച്ഛന്നനാകുന്ന സ്റ്റെൽത്ത് വിമാനങ്ങളുടെ അതേ സ്വഭാവമാണിവയ്ക്ക്. അതിനാൽത്തന്നെ സ്റ്റെൽത്ത് വൈൻ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാൻ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്. ചിലയിനം ഓർക്കിഡുകളും മറ്റു ചെടികളുടെ പൂക്കളുടെ അതേ ആകൃതി ‘കോപ്പി’യടിച്ചു വളരാറുണ്ട്. അവയ്ക്കു പക്ഷേ ഒന്നോ രണ്ടോ പൂക്കളെ മാത്രമേ അനുകരിക്കാനാകൂ. ബോക്വില അവിടെയാണ് വ്യത്യസ്തമാകുന്നത്. ഏകദേശം എട്ടിനം ഇലകളുടെ ആകൃതി സ്വീകരിക്കാൻ ബോക്വിലയ്ക്കു കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News