ഇരിക്കൂർ സീറ്റ്‌ കീറാമുട്ടി; ഉമ്മൻചാണ്ടിയും വേണുഗോപാലും തമ്മിൽ വാക്കേറ്റം

40 വർഷക്കാലം എംഎൽഎ ആയയാൾ വഴിമാറിയിട്ടും ഇരിക്കൂർ സീറ്റിന്റെ കാര്യത്തിൽ യുഡിഎഫിൽ തർക്കം തീരുന്നില്ല‌. ഡൽഹിയിലെ കോൺഗ്രസ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി യോഗത്തിൽ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം വാക്കുതർക്കത്തിനിടയാക്കി. എ ഗ്രൂപ്പിന്റെ പരമ്പരാഗത മണ്ഡലത്തിൽ സജീവ്‌ ജോസഫിനെ മത്സരിപ്പിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിർബന്ധമാണ്‌ തർക്കത്തിനിടയാക്കിയത്‌. കെ സി ജോസഫ്‌ വിജയിച്ചിരുന്ന സീറ്റ്‌ എ ഗ്രൂപ്പിന്‌ അവകാശപ്പെട്ടതാണെന്നും‌ സോണി സെബാസ്‌റ്റ്യനെ സ്ഥാനാർഥിയാക്കണമെന്നും ഉമ്മൻചാണ്ടിയും വാദിച്ചു.

ഹൈക്കമാൻഡിന്റെ സർവേ റിപ്പോർട്ട്‌ ഉയർത്തിക്കാട്ടിയാണ്‌ വേണുഗോപാൽ ഇതിനെ നേരിട്ടത്‌. ജയസാധ്യതയുള്ള സ്ഥാനാർഥി സജീവ്‌ ജോസഫാണെന്ന് വേണുഗോപാൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറും ഇതിനെ പിന്തുണച്ചു. ഇതോടെ ക്ഷുഭിതനായ ഉമ്മൻചാണ്ടി സർവേയുടെ റിപ്പോർട്ട്‌ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. കാണിക്കാൻ പറ്റില്ലെന്ന്‌ വേണുഗോപാലും. താരിഖ്‌ അൻവർ ഇതിനെ പിന്തുണച്ചതോടെ ചർച്ച വഴിമുട്ടി.

സർവേ റിപ്പോർട്ട്‌ പ്രകാരം ഇരിക്കൂറും പേരാവൂരും എന്തുവന്നാലും ജയിക്കുന്ന എ പ്ലസ്‌ കാറ്റഗറിയിലാണ്‌‌. സർവേ പ്രകാരം ജയസാധ്യതയുള്ള എ കാറ്റഗറിയിൽപ്പെടുന്ന കണ്ണൂർ സീറ്റ്‌ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഉറപ്പിച്ചിട്ടുണ്ട്‌. കെ സുധാകരൻ റിജിൽ മാക്കുറ്റിയെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ശ്രമിച്ചിരുന്നു. തളിപ്പറമ്പും കല്യാശേരിയും കടുത്ത മത്സരം നടത്തിയാൽ ജയിക്കാവുന്ന ബി കാറ്റഗറിയിലാണ്‌. ധർമടവും പയ്യന്നൂരും തീരെ ജയിക്കാൻ സാധ്യതയില്ലാത്ത സി കാറ്റഗറിയിലും തലശേരി അൽപം ജയസാധ്യതയുള്ള സി പ്ലസിലുമാണ്‌. കോൺഗ്രസ്‌ മത്സരിക്കുന്ന ഭൂരിപക്ഷം സീറ്റുകളിലും ന്യൂനപക്ഷ വിഭാഗക്കാരാണ്‌ സ്ഥാനാർഥികളായി വരുന്നതെന്ന ആക്ഷേപവും കോൺഗ്രസിനകത്തുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News