ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത്‌ അരങ്ങേറിയത്‌ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ നാടകം: കോടിയേരി

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് അരങ്ങേറിയത് ‘ അയ്യോ അയ്യോ പോകല്ലേ’ നാടകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇതേ നാടകം അടുത്ത ദിവസം രമേശ് ചെന്നിത്തലയുടെ വീട്ടുമുറ്റത്തും അരങ്ങേറിയേക്കാം. ആറ്റിങ്ങല്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നഗരൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോ കമാന്‍ഡായതോടു കൂടി സീറ്റ് നിര്‍ണയം അസാധ്യമായി. കൂടുതല്‍ സീറ്റിനുവേണ്ടിയുള്ള എ, ഐ ഗ്രൂപ്പ് പോര് തുടരുകയാണ്. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും ചെന്നിത്തലയെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത് കാലുവാരാനാണ്.

നേമത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാവുന്നില്ല. അവിടെ കോണ്‍ഗ്രസിനുള്ള വോട്ട് കോണ്‍ഗ്രസിന് തന്നെ ഉറപ്പാക്കാനായാല്‍ എന്താണ് പ്രശ്നം? മലമ്ബുഴയില്‍ നേമം ആവര്‍ത്തിക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. അവിടെ എല്‍ഡിഎഫിനെതിരെ യുഡിഎഫിലെ ഒരു ദുര്‍ബല കക്ഷിയെയാണ് നിയോഗിച്ചത്. കോണ്‍ഗ്രസ് ജയിച്ചാലും ബിജെപിക്കാണ് ഗുണമാകുക എന്നത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ കേരള ജനത തിരിച്ചറിഞ്ഞതാണ്. ഉപ്പുചാക്ക് വെള്ളത്തിലിട്ടപോലെയാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. ഓരോ ദിവസവും നേതാക്കള്‍ ചോര്‍ന്നുകൊണ്ടിരിക്കുന്നു. ഇവരെ വിശ്വസിച്ച്‌ ആരും ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് ജനങ്ങള്‍ക്കറിയാം.

കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനത്തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച്‌ എല്ലാവീട്ടിലും സാമ്ബത്തിക സുരക്ഷ ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel