
നേമത്ത് കെ മുരളീധരൻ സ്ഥാനാർഥിയാവുമെന്ന് സൂചന നൽകി ഉമ്മൻചാണ്ടിയും ചെന്നിത്തലയും.
മുരളീധരൻ എല്ലാ മണ്ഡലത്തിലും മത്സരിക്കാൻ ശക്തനായ നേതാവെന്നും മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇളവുകൾ നൽകാവുന്നതെ ഉള്ളൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുരളീധരന് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്നം ഉണ്ടാക്കില്ല എന്നും താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മറ്റൊരിടത്തും മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെസി ജോസഫിനെ തള്ളി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകാൻ ശ്രമം നടന്നതായി കെസി ജോസഫ് പറഞ്ഞിരുന്നു. ജോസഫ് പറഞ്ഞത് തെറ്റാണ് എന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.
അതേസമയം നേമത്ത് മുരളീധരൻ തന്നെയെന്ന സൂചന നൽകി ചെന്നിത്തലയും. നേമത്തെ സ്ഥാനാർത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. മുരളീധരൻ സമുന്നതനായ നേതാവാണെന്നും നേരത്തെയും അദ്ദേഹം കുമ്മനത്തെ തോൽപ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
നിലമ്പൂരിലെയും പട്ടാമ്പിയിലെയും സ്ഥാനാർത്ഥികളെ താനും ഉമ്മൻ ചാണ്ടിയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ബിജെപിയെയും എൽഡിഎഫിനെയും തറപറ്റിക്കാനുള്ള ശക്തി യുഡി എഫിനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം നേമത്ത് കോൺഗ്രസ്സിലെ ആരെ നിർത്തിയാലും വിജയിക്കുമെന്ന് ഉറപ്പാണെന്നും നേമത്ത് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനം എടുക്കുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
എംപി എന്ന നിലയിൽ തീരുമാനം എടുത്തതായി നേതാക്കൾ തന്നെ അറിയിച്ചു. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇന്നലെ ഫോണിൽ വിളിച്ചതായും മുരളീധരന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here